मंगलवार, दिसंबर 03 2024 | 02:15:11 AM
Breaking News
Home / Choose Language / Malayalam / ​​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗയാനയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു

​​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗയാനയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു

Follow us on:

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗയാനയിലെ ജോർജ്ടൗണിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. ഗയാന പ്രസിഡന്റ് ഡോ. ഇർഫാൻ അലി, പ്രധാനമന്ത്രി മാർക്ക് ഫിലിപ്‌സ്, വൈസ് പ്രസിഡന്റ് ഭരത് ജഗ്ദിയോ, മുൻ പ്രസിഡന്റ് ഡൊണാൾഡ് റാമോട്ടർ തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനത്തെ അഭിസംബോധന ചെയ്ത ശ്രീ മോദി, പ്രസിഡന്റിനു നന്ദി അറിയിക്കുകയും, പ്രത്യേക ഊഷ്മളതയോടെ നൽകിയ സ്വീകരണത്തിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. പ്രസിഡന്റിന്റെയും  കുടുംബത്തിന്റെയും ഊഷ്മളതയ്ക്കും ദയയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. “ആതിഥ്യ മര്യാദയുടെ ചൈതന്യമാണു നമ്മുടെ സംസ്കാരത്തിന്റെ കാതൽ” – ശ്രീ മോദി പറഞ്ഞു. ഇന്ത്യാ ഗവണ്മെന്റിന്റെ ‘ഏക് പേഡ് മാ കേ നാം’ പദ്ധതിയുടെ ഭാഗമായി പ്രസിഡന്റിനും മുത്തശ്ശിക്കുമൊപ്പം താൻ മരം നട്ടുവെന്നു പ്രധാനമന്ത്രി പറഞ്ഞു. വികാരനിർഭരമായ നിമിഷമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗയാനയുടെ പരമോന്നത ദേശീയ പുരസ്‌കാരമായ ഓർഡർ ഓഫ് എക്‌സലൻസ് ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.​ ഗയാനയിലെ ജനങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. 140 കോടി ഇന്ത്യക്കാർക്കും 3 ലക്ഷം വരുന്ന കരുത്തുറ്റ ഇൻഡോ-ഗയാനീസ് സമൂഹത്തിനും ഗയാനയുടെ വികസനത്തിന് അവർ നൽകിയ സംഭാവനകൾക്കുമുള്ള ആദരമായി പുരസ്കാരം സമർപ്പിക്കുന്നതായി ശ്രീ മോദി പറഞ്ഞു.

രണ്ടു ദശാബ്ദം മുമ്പ് കുതുകിയായ സഞ്ചാരി എന്ന നിലയിൽ ഗയാന സന്ദർശിച്ചതിന്റെ മനോഹരമായ ഓർമകൾ അനുസ്മരിച്ച ശ്രീ മോദി, ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിൽ നിരവധി നദികളുടെ നാട്ടിലേക്ക് തിരിച്ചെത്താനായതിൽ സന്തോഷം പ്രകടിപ്പിച്ചു. അന്നുമുതൽ ഇന്നുവരെ നിരവധി മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഗയാനക്കാരുടെ സ്നേഹവും വാത്സല്യവും അതേപടി നിലനിൽക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. “നിങ്ങൾക്ക് ഒരു ഇന്ത്യക്കാരനെ ഇന്ത്യയിൽനിന്നു പുറത്തുകൊണ്ടുപോകാനാകും; പക്ഷേ, നിങ്ങൾക്ക് ഇന്ത്യയെ ഒരിന്ത്യക്കാരനിൽനിന്നു പുറത്തെടുക്കാൻ കഴിയില്ല” – ഈ പര്യടനത്തിലുള്ള തന്റെ അനുഭവം അത് ഊട്ടിയുറപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടി ശ്രീ മോദി പറഞ്ഞു.

ഇന്ത്യൻ ആഗമന സ്മാരകത്തിലേക്കുള്ള സന്ദർശനം അനുസ്മരിച്ച അദ്ദേഹം, രണ്ട് നൂറ്റാണ്ടുമുമ്പ് ഇൻഡോ-ഗയാനീസ് ജനതയുടെ പൂർവികരുടെ ദീർഘവും പ്രയാസകരവുമായ യാത്രയെ ഇത് പുനരുജ്ജീവിപ്പിക്കു​ന്നുവെന്ന് അഭിപ്രായപ്പെട്ടു.​ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നു ജനങ്ങൾ​ ഇവിടെ വന്നിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ ശ്രീ മോദി, അവർ സംസ്കാരങ്ങളുടെയും ഭാഷകളുടെയും പാരമ്പര്യങ്ങളുടെയും വൈവിധ്യം കൊണ്ടുവന്ന് ഗയാനയെ കാലക്രമേണ അവരുടെ വീടാക്കി മാറ്റിയെന്ന് അഭിപ്രായപ്പെട്ടു. ഈ ഭാഷകളും കഥകളും പാരമ്പര്യങ്ങളും ഇന്ന് ഗയാനയുടെ സമൃദ്ധമായ സംസ്കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിന് ഇൻഡോ-ഗയാനീസ് സമൂഹത്തിന്റെ മനോഭാവത്തെ അദ്ദേഹം പ്രശംസിച്ചു. ഗയാനയെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാക്കി മാറ്റാൻ അവർ പ്രവർത്തിച്ചിട്ടുണ്ടെന്നും ഇത് എളിയ തുടക്കത്തിൽനിന്ന് ഉയർച്ചയിലേക്കു നയിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീ ഛെദ്ദി ജഗന്റെ പ്രയത്നങ്ങളെ പ്രകീർത്തിച്ച ശ്രീ മോദി, തൊഴിലാളി കുടുംബത്തിന്റെ എളിയ പശ്ചാത്തലത്തിൽ തുടക്കംകുറിച്ചാണ് അദ്ദേഹം ആഗോളനിലവാരമുള്ള നേതാവായി ഉയർന്നതെന്ന് പറഞ്ഞു. പ്രസിഡന്റ് ഇർഫാൻ അലി, വൈസ് പ്രസിഡന്റ് ഭരത് ജഗ്ദിയോ, മുൻ പ്രസിഡന്റ് ഡൊണാൾഡ് റാമോട്ടർ എന്നിവരെല്ലാം ഇൻഡോ-ഗയാനീസ് സമൂഹത്തിന്റെ അംബാസഡർമാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.​ ആദ്യകാല ഇൻഡോ-ഗയാനീസ് ബുദ്ധിജീവികളിൽ ഒരാളായ ജോസഫ് റോമൻ, ആദ്യകാല ഇൻഡോ-ഗയാനീസ് കവികളിലൊരാളായ രാം ജരി​ദാർ ലല്ല, പ്രശസ്ത കവയിത്രി ഷാന യാർദാൻ തുടങ്ങിയ നിരവധി ഇൻഡോ-ഗയാനീസ് പ്രതിഭകൾ കല, വിദ്യാഭ്യാസം, സംഗീതം, വൈദ്യം എന്നീ മേഖലകളിൽ അഗാധമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

നമ്മുടെ പൊതുതത്വങ്ങൾ ഇന്ത്യ-ഗയാന സൗഹൃദത്തിന് ശക്തമായ അടിത്തറ നൽകിയെന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, സംസ്‌കാരം, പാചകരീതി, ക്രിക്കറ്റ് എന്നീ മൂന്ന് പ്രധാന കാര്യങ്ങൾ ഇന്ത്യയെ ഗയാനയുമായി കൂട്ടിയിണക്കുന്നുവെന്നു ചൂണ്ടിക്കാട്ടി. 500 വർഷങ്ങൾക്ക് ശേഷം ശ്രീരാം ലല്ല അയോധ്യയിൽ തിരിച്ചെത്തിയതിനാൽ ഈ വർഷത്തെ ദീപാവലി സവിശേഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയോധ്യയിൽ രാമക്ഷേത്രം പണിയാൻ ഗയാനയിൽ നിന്നുള്ള പുണ്യജലവും ശിലകളും അയച്ചത് ഇന്ത്യയിലെ ജനങ്ങൾ ഓർക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാസമുദ്രങ്ങൾ വേർതിരിവു സൃഷ്ടിക്കുന്നുവെങ്കിലും ഭാരതമാതാവുമായുള്ള അവരുടെ സാംസ്കാരിക ബന്ധം ദൃഢമാണെന്നും, നേരത്തെ ആര്യസമാജ് സ്മാരകവും സരസ്വതി വിദ്യാ നികേതൻ സ്‌കൂളും സന്ദർശിച്ചപ്പോൾ തനിക്ക് അക്കാര്യം അനുഭവപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.​ ഇന്ത്യയും ഗയാനയും നമ്മുടെ സമ്പന്നവും വൈവിധ്യപൂർണവുമായ സംസ്‌കാരത്തിൽ അഭിമാനിക്കുന്നുവെന്നും വൈവിധ്യം ഉൾക്കൊള്ളുന്നതിനു മാത്രമല്ല, ആഘോഷിക്കപ്പെടേണ്ട ഒന്നായിക്കൂടിയാണ് കാണുന്നതെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. സാംസ്‌കാരിക വൈവിധ്യമാണ് തങ്ങളുടെ കരുത്തെന്ന് ഇരുരാജ്യങ്ങളും കാട്ടിക്കൊടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​പാചകരീതി പരാമർശിച്ച പ്രധാനമന്ത്രി, ഇൻഡോ-ഗയാനീസ് സമൂഹത്തിന് ഇന്ത്യൻ-ഗയാന ഘടകങ്ങൾ അടങ്ങിയ സവിശേഷമായ ഭക്ഷണപാരമ്പര്യമുണ്ടെന്നു ചൂണ്ടിക്കാട്ടി.

നമ്മുടെ രാജ്യങ്ങളെ ആഴത്തിൽ കൂട്ടിയിണക്കുന്ന ക്രിക്കറ്റിനോടുള്ള സ്‌നേഹം ചർച്ചചെയ്ത ശ്രീ മോദി, ഇത് വെറുമൊരു കായിക വിനോദമല്ലെന്നും, മറിച്ച് നമ്മുടെ ദേശീയ സ്വത്വത്തിൽ ആഴത്തിൽ ഉൾച്ചേർന്ന ജീവിതരീതിയാണെന്നും പറഞ്ഞു. ഗയാനയിലെ പ്രൊവിഡൻസ് നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം നമ്മുടെ സൗഹൃദത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൻഹായ്, കാളീചരൺ, ചന്ദർപോൾ എന്നിവരെല്ലാം ഇന്ത്യയിൽ അറിയപ്പെടുന്നവരാണെന്നും ക്ലൈവ് ലോയ്ഡും സംഘവും നിരവധി തലമുറകൾക്കു പ്രിയപ്പെട്ടവരാണെന്നും ശ്രീ മോദി പറഞ്ഞു. ഗയാനയിൽ നിന്നുള്ള യുവ താരങ്ങൾക്കും ഇന്ത്യയിൽ വലിയ ആരാധകവൃന്ദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഷത്തിന്റെ തുടക്കത്തിൽ അവിടെ നടന്ന ടി -20 ലോകകപ്പ് നിരവധി ഇന്ത്യക്കാർ ആസ്വദിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ ഗയാന പാർലമെന്റിനെ അഭിസംബോധന ചെയ്യാനുള്ള ഭാഗ്യം തനിക്കുണ്ടായെന്നും പ്രധാനമന്ത്രി പറഞ്ഞു.​ ജനാധിപത്യത്തിന്റെ മാതാവിൽനിന്ന് വന്ന തനിക്ക് കരീബിയൻ മേഖലയിലെ ഏറ്റവും ഊർജസ്വലമായ ജനാധിപത്യ രാജ്യവുമായുള്ള ആത്മീയ ബന്ധം അനുഭവപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേർത്തു. കോളനിവാഴ്ചയ്ക്കെതിരായ പൊതുസമരം, ജനാധിപത്യ മൂല്യങ്ങളോടുള്ള സ്‌നേഹം, വൈവിധ്യങ്ങളോടുള്ള ആദരം എന്നിങ്ങനെ ഇന്ത്യക്കും ഗയാനയ്ക്കും നമ്മെ പരസ്പരം കൂട്ടിയിണക്കുന്ന ചരിത്രമുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. “നമ്മൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന പൊതുവായ ഭാവിയുണ്ട്” – വളർച്ചയ്ക്കും വികസനത്തിനുമുള്ള അഭിലാഷങ്ങൾ, സമ്പദ്‌വ്യവസ്ഥ, പരിസ്ഥിതി എന്നിവയോടുള്ള പ്രതിബദ്ധത, നീതിയുക്തവും ഉൾക്കൊള്ളുന്നതുമായ ലോകക്രമത്തിലുള്ള വിശ്വാസം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് ശ്രീ മോദി പറഞ്ഞു.

ഗയാനയിലെ ജനങ്ങൾ ഇന്ത്യയുടെ അഭ്യുദയകാംക്ഷികളാണെന്ന് പ്രസ്താവിച്ച ശ്രീ മോദി, “കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ യാത്ര തോത്, വേഗത, സുസ്ഥിരത എന്നിവയിലായിരുന്നു” എന്ന് ചൂണ്ടിക്കാട്ടി. വെറും പത്തുവർഷത്തിനിടെ, പത്താമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിൽനിന്ന് അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ വളർന്നുവെന്നും താമസിയാതെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.​ യുവാക്കളെ പ്രകീർത്തിച്ച അദ്ദേഹം, അവർ നമ്മെ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയാക്കി മാറ്റിയെന്നു ചൂണ്ടി‌ക്കാട്ടി. ഇ-കൊമേഴ്‌സ്, നിർമിതബുദ്ധി, ഫിൻടെക്, കൃഷി, സാങ്കേതികവിദ്യ തുടങ്ങിയവയുടെ ആഗോള കേന്ദ്രമാണ് ഇന്ത്യയെന്ന് ശ്രീ മോദി കൂട്ടിച്ചേർത്തു. ചൊവ്വയിലും ചന്ദ്രനിലുമുള്ള ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ഹൈവേകൾ മുതൽ ഐ-വേകൾ വരെയും, വ്യോമപാതകൾ മുതൽ റെയിൽവേ വരെയും, അത്യാധുനിക അടിസ്ഥാനസൗകര്യങ്ങൾ കെട്ടിപ്പടുക്കുകയാണ് നമ്മളെന്നും പറഞ്ഞു. ഇന്ത്യക്കു കരുത്തുറ്റ സേവന മേഖലയുണ്ടെന്ന് ചൂണ്ടിക്കാട്ടി, ഇന്ത്യ ഇപ്പോൾ ഉൽപ്പാദനരംഗത്തും കരുത്താർജിക്കുകയാണെന്നും ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഫോൺ നിർമാതാക്കളായി ഇന്ത്യ മാറിയെന്നും ശ്രീ മോദി പറഞ്ഞു.

“ഇന്ത്യയുടെ വളർച്ച പ്രചോദനാത്മകം മാത്രമല്ല, ഏവരേയും ഉൾക്കൊള്ളുന്നതുമാണ്” – പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യം പാവപ്പെട്ടവരെ ശാക്തീകരിച്ചുവെന്നും ഗവണ്മെന്റ് ജനങ്ങൾക്കായി 500 ദശലക്ഷത്തിലധികം ബാങ്ക് അക്കൗണ്ടുകൾ തുറന്നുവെന്നും ഈ ബാങ്ക് അക്കൗണ്ടുകളെ ഡിജിറ്റൽ ഐഡന്റിറ്റി, മൊബൈൽ ഫോൺ എന്നിവയുമായി ബന്ധിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.​ ഇത് ജനങ്ങൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് സഹായം എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 500 ദശലക്ഷത്തിലധികം പേർക്കു പ്രയോജനം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത് എന്നും ശ്രീ മോദി പറഞ്ഞു. ആവശ്യമുള്ളവർക്കായി 30 ദശലക്ഷത്തിലധികം വീടുകൾ ഗവണ്മെന്റ് നിർമിച്ചുനൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഒരു ദശാബ്ദത്തിനുള്ളിൽ ഞങ്ങൾ 250 ദശലക്ഷം പേരെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റി” – ശ്രീ മോദി പറഞ്ഞു. ദരിദ്രർക്കിടയിൽപ്പോലും, ഈ സംരംഭങ്ങൾ സ്ത്രീകൾക്കാണ് ഏറ്റവും കൂടുതൽ പ്രയോജനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ദശലക്ഷക്കണക്കിന് സ്ത്രീകൾ താഴെത്തട്ടിൽ സംരംഭകരായി മാറിയെന്നും തൊഴിലവസരങ്ങളും അവസരങ്ങളും സൃഷ്ടിച്ചുവെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.

ഇത്രയും വലിയ വളർച്ച നേടുമ്പോൾ തന്നെ, സുസ്ഥിരതയിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ സൗരോർജ്ജ ശേഷി വെറും ഒരു ദശാബ്‌ദം കൊണ്ട് 30 മടങ്ങ് വളർന്നുവെന്നും, 20 ശതമാനം എഥനോൾ പെട്രോളുമായി ചേർത്ത് ഹരിത ഗതാഗതം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങിയെന്നും ശ്രീ മോദി വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള നിരവധി സംരംഭങ്ങളിൽ ഇന്ത്യ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര സൗരോർജ്ജ കൂട്ടായ്‌മ, ആഗോള ജൈവ ഇന്ധന കൂട്ടായ്മ, ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിനുള്ള  അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര സഹകരണം തുടങ്ങി ​ഗ്ലോബൽ സൗത്ത് സഹകരണം ശാക്തീകരിക്കുന്ന നിരവധി സംരംഭങ്ങളിൽ ഇന്ത്യയും പങ്കാളിയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സിംഹം, പുലി,കടുവ തുടങ്ങി മാർജ്ജാര വംശത്തിൽ പെട്ട ജീവികളുടെ സംരക്ഷണം ലക്ഷ്യമിട്ട് ഇന്ത്യ 2023 ൽ രൂപം നൽകിയ ഇൻ്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിൽ ഗയാനയും ഭാഗമാണെന്നും ഇവിടുത്തെ പ്രശസ്തമായ ജാഗ്വർ ഇനത്തിൽ പെട്ട കടുവകളുടെ സംരക്ഷണവും ഇതിലൂടെ ഉറപ്പാകുമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

കഴിഞ്ഞ വർഷം നടന്ന പ്രവാസി ഭാരതീയ ദിവസ് ദിനാചരണത്തിൽ മുഖ്യാതിഥിയായി ഗയാനയുടെ പ്രസിഡൻ്റ് ഇർഫാൻ അലി പങ്കെടുത്തതിനെ സംബന്ധിച്ച് എടുത്തുപറഞ്ഞ ശ്രീ മോദി, ഗയാന പ്രധാനമന്ത്രി മാർക്ക് ഫിലിപ്പ്, വൈസ് പ്രസിഡൻ്റ് ഭാരത് ജഗ്ദിയോ എന്നിവരും ഇന്ത്യയിൽ നടന്ന വിവിധ പരിപാടികളിൽ പങ്കെടുത്തതാ‌യി സൂചിപ്പിച്ചു. പല മേഖലകളിലും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന് ഇരു രാജ്യങ്ങളിലെയും നേതാക്കൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഊർജം മുതൽ സംരംഭം വരെയും, ആയുർവേദം മുതൽ കൃഷി വരെയും, അടിസ്ഥാന സൗകര്യങ്ങൾ മുതൽ നവീകരണം വരേയും, ആരോഗ്യ സംരക്ഷണം മുതൽ മനുഷ്യവിഭവം വരേയും, വിവര സങ്കേതിക വിദ്യ മുതൽ വികസനം വരെയും ഉള്ള വിവിധ മേഖലകളിൽ ഉള്ള നമ്മുടെ സഹകരണത്തിൻ്റെ വ്യാപ്തി വിപുലീകരിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചതായി ശ്രീ മോദി പറഞ്ഞു.

ഇന്നലെ നടന്ന രണ്ടാമത് ഇന്ത്യ-ക്യാരികോം ഉച്ചകോടി അതിൻ്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐക്യരാഷ്ട്രസഭയിലെ അംഗങ്ങൾ എന്ന നിലയിൽ ഇരു രാജ്യങ്ങളും പരിഷ്‌ക്കരിച്ച ബഹുരാഷ്ട്രവാദത്തിൽ വിശ്വസിക്കുന്നുണ്ടെന്നും, വികസ്വര രാജ്യങ്ങൾ എന്ന നിലയിൽ ​ഗ്ലോബൽ സൗത്ത് കൂട്ടായ്മയുടെ ശക്തി അവർ മനസ്സിലാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തന്ത്രപരമായ സ്വയംഭരണാവകാശവും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിനുള്ള പിന്തുണയും അവർ തേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളും സുസ്ഥിര വികസനത്തിനും കാലാവസ്ഥാ നീതിക്കും മുൻഗണന നൽകുന്നുണ്ടെന്നും ആഗോള പ്രതിസന്ധികളെ അഭിമുഖീകരിക്കാൻ സംഭാഷണത്തിനും നയതന്ത്രത്തിനും ആഹ്വാനം ചെയ്യുന്നതായും ശ്രീ മോദി പറഞ്ഞു.

ഗയാനയിലെ ഇന്ത്യൻ പ്രവാസികളെ രാഷ്ട്രദൂതന്മാർ എന്ന് പരാമർശിച്ച ശ്രീ മോദി, അവർ ഇന്ത്യൻ സംസ്കാരത്തിൻ്റെയും മൂല്യങ്ങളുടെയും അംബാസഡർമാരാണെന്ന് പറഞ്ഞു. ഗയാന മാതൃഭൂമിയായും ഭാരതം  തങ്ങളുടെ പൂർവിക ദേശമായും ഉള്ളതിനാൽ ഇൻഡോ-ഗയാനീസ് സമൂഹം ഇരട്ടി അനുഗ്രഹിക്കപ്പെട്ടവരാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് ഇന്ത്യ അവസരങ്ങളുടെ നാടായി മാറിയപ്പോൾ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നതിൽ ഓരോരുത്തർക്കും വലിയ പങ്ക് വഹിക്കാനാകുമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു.

ഭാരത് കോ ജാനിയേ ക്വിസിൽ പങ്കെടുക്കാൻ പ്രവാസി സമൂഹത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഇന്ത്യയെയും അതിൻ്റെ മൂല്യങ്ങളെയും സംസ്കാരത്തെയും വൈവിധ്യത്തെയും കുറിച്ച് മനസ്സിലാക്കാനുള്ള നല്ല അവസരമാണ് ക്വിസ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. പങ്കെടുക്കാൻ സുഹൃത്തുക്കളെയും ക്ഷണിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

അടുത്ത വർഷം ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാ കുംഭ മേളയിൽ കുടുംബങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം പങ്കെടുക്കാൻ ശ്രീ മോദി പ്രവാസികളെ ക്ഷണിച്ചു. അവർക്ക് അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനുവരിയിൽ ഭുവനേശ്വറിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിൽ പങ്കെടുക്കുന്നതിനും, അതുപോലെ പുരിയിലെ മഹാപ്രഭു ജഗന്നാഥൻ്റെ അനുഗ്രഹത്തിൽ പങ്കുചേരാനും, പ്രധാനമന്ത്രി പ്രവാസികളെ ക്ഷണിച്ചുകൊണ്ട്  പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചു.

मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here


* 1 माह के लिए Rs 1000.00 / 1 वर्ष के लिए Rs 10,000.00

Contact us

Check Also

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംഗീതത്തോടും കവിതയോടും അഭിനിവേശമുണ്ടായിരുന്ന ഡോ. മുഖർജി …