गुरुवार, दिसंबर 19 2024 | 03:53:27 AM
Breaking News
Home / Choose Language / Malayalam / പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടി 2024നെ അഭിസംബോധന ചെയ്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടി 2024നെ അഭിസംബോധന ചെയ്തു

Follow us on:

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടി 2024-നെ അഭിസംബോധന ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, 100 വർഷം മുമ്പ് മഹാത്മാഗാന്ധിയാണ് ഹിന്ദുസ്ഥാൻ ടൈംസ് ഉദ്ഘാടനം ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, 100 വർഷത്തെ ചരിത്ര യാത്രയ്ക്ക് ഹിന്ദുസ്ഥാൻ ടൈംസിനെയും (എച്ച്ടി) അതിന്റെ ഉദ്ഘാടനം മുതൽ അതുമായി ബന്ധപ്പെട്ട എല്ലാവരെയും അഭിനന്ദിച്ചു. അവരുടെ ഭാവി പ്രവർത്തനങ്ങൾക്ക് അദ്ദേഹം ആശംസകൾ നേർന്നു. വേദിയിലെ എച്ച്ടിയുടെ പ്രദർശനം സന്ദർശിച്ച ശ്രീ മോദി, ഇത് മനോഹരമായ അനുഭവമാണെന്ന് പറയുകയും എല്ലാ പ്രതിനിധികളോടും ഇത് സന്ദർശിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുകയും ഭരണഘടന നടപ്പാക്കുകയും ചെയ്ത കാലത്തെ പഴയ പത്രങ്ങൾക്ക് താൻ സാക്ഷ്യം വഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർട്ടിൻ ലൂഥർ കിങ്, നേതാജി സുബാഷ് ചന്ദ്രബോസ്, ഡോ. ശ്യാമ പ്രസാദ് മുഖർജി, അടൽ ബിഹാരി വാജ്പേയി, ഡോ. എം എസ് സ്വാമിനാഥൻ തുടങ്ങി നിരവധി പ്രമുഖർ ഹിന്ദുസ്ഥാൻ ടൈംസിന് വേണ്ടി ലേഖനങ്ങൾ എഴുതിയിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു.

സ്വാതന്ത്ര്യസമരത്തിന് സാക്ഷ്യം വഹിക്കുകയും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ പ്രതീക്ഷകളോടെ മുന്നേറുകയും ചെയ്ത നീണ്ട യാത്ര അസാധാരണവും അതിശയകരവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.  1947 ഒക്ടോബറിൽ മറ്റെല്ലാ പൗരന്മാരെയും പോലെ കശ്മീരിനെ ഇന്ത്യയുമായി ലയിപ്പിച്ച വാർത്ത വായിച്ചപ്പോൾ തനിക്കും അതേ ആവേശം തോന്നിയതായി പ്രധാനമന്ത്രി പറഞ്ഞു. എന്നിരുന്നാലും, അനിശ്ചിതത്വം ഏഴ് പതിറ്റാണ്ടായി കശ്മീരിനെ അക്രമത്തിൽ മുക്കിയതെങ്ങനെയെന്ന് ആ നിമിഷം താൻ മനസ്സിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഈ ദിവസങ്ങളിൽ ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് വോട്ടിങ് വാർത്തകൾ പത്രങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് സന്തോഷകരമാണെന്ന് ശ്രീ മോദി പറഞ്ഞു. ഒരു വശത്ത് അസമിനെ കലുഷിതമായ പ്രദേശമായി പ്രഖ്യാപിക്കുന്ന വാർത്തയും മറുവശത്ത് അടൽജി ഭാരതീയ ജനതാ പാർട്ടിക്ക് അടിത്തറ പാകിയ വാർത്ത വരികയും ചെയ്ത വളരെ സവിശേഷമായ മറ്റൊരു പത്രം താൻ കണ്ടെത്തിയെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. അസമിൽ ശാശ്വത സമാധാനം കൊണ്ടുവരുന്നതിൽ ബിജെപി ഇന്ന് വലിയ പങ്ക് വഹിക്കുന്നുവെന്നത് വളരെ സന്തോഷകരമായ യാദൃച്ഛികതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെ നടന്ന ഒന്നാം ബോഡോലാൻഡ് മോഹോത്സവിൽ പങ്കെടുത്തതിനെ അനുസ്മരിച്ച്, പരിപാടിക്കു കാര്യമായ മാധ്യമശ്രദ്ധ കിട്ടാത്തതിൽ  താൻ ആശ്ചര്യപ്പെട്ടുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. അഞ്ച് പതിറ്റാണ്ടിനുശേഷം യുവാക്കളും ജനങ്ങളും അക്രമം ഉപേക്ഷിച്ച് ഡൽഹിയിൽ സാംസ്‌കാരിക പരിപാടി ആഘോഷിച്ചത് വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2020ലെ ബോഡോ സമാധാന കരാറിന് ശേഷം ജനങ്ങളുടെ ജീവിതം മാറിമറിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എച്ച്ടി ഉച്ചകോടി പ്രദർശനത്തിന്റെ ഭാഗമായി, മുംബൈയിൽ നടന്ന 26/11 ഭീകരാക്രമണത്തിന്റെ ചിത്രങ്ങൾ ശ്രീ മോദി കണ്ടു. അയൽ രാജ്യങ്ങൾ സ്‌പോൺസർ ചെയ്യുന്ന ഭീകരതയാൽ ജനങ്ങൾക്കു സ്വന്തം വീടും നഗരവും സുരക്ഷിതമല്ലെന്ന് തോന്നിയ കാലമുണ്ടായിരുന്നുവെന്ന് അ‌ദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ഇപ്പോൾ കാലം മാറിയെന്നും സ്വന്തം വീടുകളിൽ ഭീകരവാദികളാണ് സുരക്ഷിതരല്ലാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിന്ദുസ്ഥാൻടൈംസ് അ‌തിന്റെ നൂറുവർഷത്തിനിടയിൽ, 25 വർഷത്തെ അടിമത്തവും 75 വർഷത്തെ സ്വാതന്ത്ര്യവും ഇന്ത്യയുടെ വിധി നിർണയിച്ച ഭരണകൂടങ്ങളും കണ്ടുവെന്നും  ഇന്ത്യയിലെ സാധാരണക്കാരന്റെ കഴിവിനും വിവേകത്തിനും ഒപ്പം ഇന്ത്യയ്ക്ക് ദിശാബോധം നൽകിയെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ സാധാരണ പൗരന്റെ ഈ കഴിവ് തിരിച്ചറിയുന്നതിൽ വിദഗ്ധർ പലപ്പോഴും തെറ്റുകൾ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിട്ടീഷുകാർ ഇന്ത്യ വിടുമ്പോൾ രാജ്യം ശിഥിലമാകുമെന്നും തകരുമെന്നും പറഞ്ഞിരുന്നെന്നും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അടിയന്തരാവസ്ഥ എന്നെന്നേക്കുമായി നിലനിൽക്കുമെന്ന് ചിലർ കരുതിയിരുന്നുവെന്നും ചില വ്യക്തികളും സ്ഥാപനങ്ങളും അടിയന്തരാവസ്ഥ നടപ്പാക്കിയവരിൽ അഭയം പ്രാപിച്ചുവെന്നും ചരിത്രം പരാമർശിച്ചു ശ്രീ മോദി പറഞ്ഞു. ആ സമയത്തും ഇന്ത്യയിലെ പൗരന്മാർഉണർന്നെഴുന്നേറ്റ്  അടിയന്തരാവസ്ഥയെ വേരോടെ പിഴുതെറിയുകയായിരുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. സാധാരണക്കാരന്റെ കരുത്ത് കൂടുതൽ വിശദീകരിച്ച ശ്രീ മോദി, കോവിഡ് മഹാമാരിക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്നതിൽ സാധാരണ പൗരന്മാരുടെ ഉത്സാഹത്തെ പ്രശംസിച്ചു.

1990-കളിൽ, 10 വർഷത്തിനിടയിൽ ഇന്ത്യ 5 തെരഞ്ഞെടുപ്പുകൾ കണ്ട ഒരു കാലമുണ്ടായിരുന്നുവെന്നും രാജ്യത്തെ അസ്ഥിരതയുടെ തെളിവായിരുന്നു ഇതെന്നും പോയകാലത്തെ പരാമർശിച്ചു പ്രധാനമന്ത്രി പറഞ്ഞു. കാര്യങ്ങൾ അതേപടി തുടരുമെന്ന് പത്രങ്ങളിൽ എഴുതുന്ന വിദഗ്ധർ പ്രവചിച്ചപ്പോൾ, അത് തെറ്റാണെന്ന് ഇന്ത്യയിലെ പൗരന്മാർ ഒരിക്കൽ കൂടി തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന്, ലോകമെമ്പാടും അനിശ്ചിതത്വത്തെയും അസ്ഥിരതയെയും കുറിച്ച് സംസാരിക്കുന്നുണ്ടെന്നും ലോകത്തിലെ പല രാജ്യങ്ങളും പുതിയ ഭരണവ്യവസ്ഥകൾ അധികാരത്തിൽ വരുന്നത് കാണുമ്പോഴും ഇന്ത്യയിൽ മൂന്നാം തവണയും അതേ ഗവൺമെന്റിനെ ജനങ്ങൾ തിരഞ്ഞെടുത്തുവെന്നും ശ്രീ മോദി പറഞ്ഞു.

‘നല്ല സാമ്പത്തിക ശാസ്ത്രം മോശം രാഷ്ട്രീയമാണ്’ എന്ന വാചകം വിദഗ്ധർ പ്രോത്സാഹിപ്പിക്കുകയും ഗവൺമെന്റുകൾ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് മുൻകാല നയങ്ങളെക്കുറിച്ച് സംസാരിക്കവേ, ശ്രീ മോദി പറഞ്ഞു. മോശം ഭരണവും കാര്യക്ഷമതയില്ലായ്മയും മറയ്ക്കാനുള്ള ഉപാധിയായി മുൻ ഗവൺമെന്റുകൾക്ക് ഇത് മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇത് രാജ്യത്ത് അസന്തുലിതമായ വികസനത്തിന് കാരണമായെന്നും ഇത് ഗവൺമെന്റിലുള്ള ജനങ്ങളുടെ  വിശ്വാസത്തെ തടസ്സപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുടെ പുരോഗതി, ജനങ്ങളിലൂടെ പുരോഗതി, ജനങ്ങൾക്ക് പുരോഗതി എന്ന മന്ത്രം ഉറപ്പാക്കി, തന്റെ ഗവൺമെന്റ് ജനങ്ങളുടെ വിശ്വാസം തിരികെ നേടിയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പുതിയതും വികസിതവുമായ ഇന്ത്യ കെട്ടിപ്പടുക്കുകയാണ് ഗവൺമെന്റിന്റെ ലക്ഷ്യമെന്നും ഇന്ത്യയിലെ ജനങ്ങൾ അവരുടെ വിശ്വാസത്തിന്റെ മൂലധനം തങ്ങളെ ഏൽപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹമാധ്യമങ്ങളുടെ കാലത്ത് തെറ്റായ വിവരങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും ഉണ്ടായിരുന്നിട്ടും, ഇന്ത്യയിലെ പൗരന്മാർ നമ്മുടെ ഗവൺമെന്റിൽ വിശ്വാസമർപ്പിക്കുന്നുവെന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു.

ജനങ്ങളുടെ വിശ്വാസം വർദ്ധിക്കുമ്പോൾ അവരുടെ ആത്മവിശ്വാസം വർദ്ധിക്കുകയും അത് രാജ്യത്തിന്റെ വികസനത്തിൽ വ്യത്യസ്തമായ സ്വാധീനം ചെലുത്തുമെന്നും ശ്രീ മോദി പറഞ്ഞു. വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ ചരക്കുകളും സേവനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയെ വാണിജ്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഹോട്ട്‌സ്‌പോട്ടാക്കി മാറ്റുന്നതിനും നമ്മുടെ പൂർവികർ ഉത്തരവാദിത്വം ഏറ്റെടുത്ത് നമ്മെ സഹായിച്ചതായി ശ്രീ മോദി അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, ഉത്തരവാദിത്വംകൈക്കൊള്ളുന്ന ഈ സംസ്‌കാരം സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ മുൻ ഗവൺമെന്റുകൾക്ക് നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ഗവൺമെന്റ് അധികാരത്തിൽ വന്നതിനുശേഷം കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇന്ത്യ വികസനവും മാറ്റങ്ങളും കാണുകയാണെന്നും ഇന്ത്യൻ പൗരന്മാർക്കിടയിൽ ഇത്തരത്തിൽ ഉത്തരവാദിത്വമേറ്റെടുക്കുന്ന സംസ്‌കാരത്തിന് പുതിയ ഊർജം നൽകിയെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. നമ്മുടെ യുവാക്കൾ വിവിധ മേഖലകളിൽ അവസരങ്ങൾ കണ്ടെത്തുകയും വിവിധ മേഖലകളിൽ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുന്നുണ്ടെന്നും ഇത് ഇന്ത്യയിലെ 1.25 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളുടെ രജിസ്‌ട്രേഷനിൽ പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കായികമേഖല തൊഴിലായി സ്വീകരിക്കുന്നത് പോലും അപകടകരമായിരുന്ന കാലമുണ്ടായിരുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഇന്ന് നമ്മുടെ ചെറിയ പട്ടണങ്ങളിലെ യുവാക്കൾ പോലും ഈ ഉത്തരവാദിത്വം എടുത്ത് ലോകത്തിനുമുന്നിൽ രാജ്യത്തിന്റെ യശസ്സ് ഉയർത്തുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ട സ്ത്രീകളുടെ ഉദാഹരണം ചൂണ്ടിക്കാട്ടി, ഇന്ന് ഒരു കോടിയോളം ലഖ്പതി ദിദികൾ ഓരോ ഗ്രാമത്തിലും സംരംഭകരായി സ്വന്തം കച്ചവടങ്ങൾ നടത്തുന്നുണ്ടെന്ന് ശ്രീ മോദി പറഞ്ഞു.

‘ഇന്ത്യൻ സമൂഹം, ഇന്ന്, അഭൂതപൂർവമായ വികസന മോഹങ്ങളാൽ നിറഞ്ഞിരിക്കുന്നു, ഈ ഉത്കൃഷ്ട അഭിലാഷങ്ങളെ ഞങ്ങൾ ഞങ്ങളുടെ നയങ്ങളുടെ അടിസ്ഥാനമാക്കി’ – ശ്രീ മോദി പറഞ്ഞു. നിക്ഷേപത്തിലൂടെ തൊഴിലും വികസനത്തിലൂടെ അന്തസ്സും സംയോജിപ്പിച്ചുള്ള വികസന മാതൃകയാണ് ഗവൺമെന്റ് പ്രോത്സാഹിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിക്ഷേപമുള്ളിടത്ത് നിക്ഷേപത്തിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും വികസനത്തിലേക്ക് നയിക്കുകയും  വികസനം ഇന്ത്യയിലെ പൗരന്മാരുടെ അന്തസ്സ് വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.  രാജ്യത്ത് ശൗചാലയങ്ങൾ നിർമ്മിക്കുന്നതിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി, ഇത് സൗകര്യത്തോടൊപ്പം സുരക്ഷയ്ക്കും അന്തസ്സിനുമുള്ള മാർഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് വികസനം ത്വരിതപ്പെടുത്തുകയും അതുവഴി നിക്ഷേപത്തിലൂടെ തൊഴിൽ, വികസനത്തിലൂടെ അന്തസ്സ് എന്ന മന്ത്രത്തിന്റെ വിജയത്തെ വ്യക്തമാക്കുന്നുവെന്നും ശ്രീ മോദി പറഞ്ഞു. മുൻകാലങ്ങളിൽ അ‌ന്തസിന്റെ പ്രതീകമായി കണക്കാക്കപ്പെട്ടിരുന്ന പാചകവാതക സിലിൻഡറുകളുടെ ഉദാഹരണവും അദ്ദേഹം ഉദ്ധരിച്ചു. 2014ൽ 14 കോടി പാചകവാതക കണക്ഷനുകളുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 30 കോടിയിലധികമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാചകവാതക സിലിൻഡറുകളുടെ ആവശ്യം നിറവേറ്റുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെന്ന് ശ്രീ മോദി കൂട്ടിച്ചേർത്തു. വിവിധ സ്ഥലങ്ങളിൽ ബോട്ടിലിങ് പ്ലാന്റുകൾ സ്ഥാപിക്കുന്നതും വിതരണ കേന്ദ്രങ്ങൾ സൃഷ്ടിക്കുന്നതും മുതൽ സിലിൻഡർ വിതരണം വരെ ഇത് തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപം മുതൽ തൊഴിൽ വരെയും വികസനം മുതൽ അന്തസ്സ് വരെയുമുള്ള വികസന മാതൃകയെ അടിസ്ഥാനമാക്കിയുള്ള മൊബൈൽ ഫോൺ, റുപേ കാർഡ്, യുപിഐ തുടങ്ങിയ മറ്റ് ഉദാഹരണങ്ങളും പ്രധാനമന്ത്രി വിശദീകരിച്ചു.

ഇന്ത്യ ഇന്ന് മുന്നേറുന്ന വളർച്ചയുടെ പാത മനസ്സിലാക്കാൻ ഗവൺമെന്റിന്റെ മറ്റൊരു സമീപനം മനസ്സിലാക്കേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങൾക്കായി വലിയ തുക ചെലവഴിക്കുക, ജനങ്ങൾക്കായി വലിയ തുക ലാഭിക്കുക എന്നതാണ് സമീപനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2014 ൽ 16 ലക്ഷം കോടി രൂപയായിരുന്ന കേന്ദ്ര ബജറ്റ് ഇന്ന് 48 ലക്ഷം കോടി രൂപയായി ഉയർന്നുവെന്ന് ഇതേ കാര്യം വിശദീകരിച്ചു ശ്രീ മോദി പറഞ്ഞു. 2013-14ൽ 2.25 ലക്ഷം കോടി രൂപയായിരുന്ന മൂലധനച്ചെലവ് ഇത്തവണ 11 ലക്ഷം കോടിയിലധികം രൂപയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ആശുപത്രികൾ, സ്‌കൂളുകൾ, റോഡുകൾ, റെയിൽവേ, ഗവേഷണ സൗകര്യങ്ങൾ തുടങ്ങി നിരവധി പൊതു അടിസ്ഥാന സൗകര്യങ്ങൾക്കായി മൂലധനച്ചെലവ് ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വസ്തുതകളും കണക്കുകളും അവതരിപ്പിച്ച ശ്രീ മോദി, നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം ചോർച്ച തടഞ്ഞതിലൂടെ രാജ്യത്തിന് 3.5 ലക്ഷം കോടി രൂപ ലാഭിച്ചുവെന്നും ആയുഷ്മാൻ ഭാരത് യോജനയുടെ സൗജന്യ ചികിത്സ പാവപ്പെട്ടവർക്കായി 1.10 ലക്ഷം കോടി രൂപ ലാഭിച്ചുവെന്നും പറഞ്ഞു. ജൻ ഔഷധി കേന്ദ്രങ്ങളിൽ 80% വിലക്കിഴിവിൽ ലഭിക്കുന്ന മരുന്നുകൾ പൗരന്മാർക്ക് 30,000 കോടി രൂപ ലാഭിച്ചപ്പോൾ സ്റ്റെന്റുകളുടെയും കാൽമുട്ട് മാറ്റലിന്റെയും വിലനിയന്ത്രണത്തിലൂടെ ജനങ്ങൾക്ക് ആയിരക്കണക്കിന് കോടി രൂപ ലാഭിക്കാൻ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഉജാല പദ്ധതി ജനങ്ങൾക്ക് വൈദ്യുതി ബില്ലുകളിൽ 20,000 കോടി രൂപ ലാഭിച്ചുവെന്നും സ്വച്ഛ് ഭാരത് മിഷനിലൂടെ രോഗങ്ങൾ കുറഞ്ഞുവെന്നും ഇത് ഗ്രാമങ്ങളിലെ ഓരോ കുടുംബത്തിനും 50,000 രൂപ ലാഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തമായി ശൗചാലയമുള്ള ഉള്ള കുടുംബം ഏകദേശം 70,000 രൂപ ലാഭിക്കുന്നുണ്ടെന്നു യുണിസെഫ് റിപ്പോർട്ട് ഉദ്ധരിച്ച് ശ്രീ മോദി പറഞ്ഞു. ആദ്യമായി ടാപ്പ് വെള്ളം ലഭിച്ച 12 കോടി പേർക്ക്  പ്രതിവർഷം 80,000 രൂപയിലധികം ലാഭിക്കാനായെന്നും ലോകാരോഗ്യ സംഘടനയുടെ പഠനം ചൂണ്ടിക്കാട്ടി അ‌ദ്ദേഹം പറഞ്ഞു.

പത്തുവർഷംമുമ്പ്, ഇന്ത്യയിൽ ഇത്രയും വലിയ മാറ്റങ്ങൾ സംഭവിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നു ശ്രീ മോദി പറഞ്ഞു. “ഇന്ത്യയുടെ വിജയം വലിയ സ്വപ്നം കാണാനും അത് നിറവേറ്റാനും ഞങ്ങളെ പ്രചോദിപ്പിച്ചു” – അ‌ദ്ദേഹം പറഞ്ഞു. ഇത് പ്രതീക്ഷയുണർത്തിയെന്നും ഈ നൂറ്റാണ്ട് ഇന്ത്യയുടെ നൂറ്റാണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ദിശയിലേക്ക് നീങ്ങുന്നതിന് നിരവധി ശ്രമങ്ങൾ ഏറ്റെടുക്കേണ്ടത് ആവശ്യമാണെന്ന് പറഞ്ഞ ശ്രീ മോദി, എല്ലാ മേഖലയിലും മികച്ചത് ചെയ്യാൻ ഗവണ്മെന്റ് അതിവേഗം പ്രവർത്തിക്കുകയാണെന്ന് പറഞ്ഞു. ഉൽപ്പന്നങ്ങളുടെ നിർമാണമോ നിർമാണമേഖലയോ വിദ്യാഭ്യാസമോ വിനോദമോ ഏതുമാകട്ടെ, അ‌വയിലെല്ലാം ഇന്ത്യയുടെ നിലവാരം ‘ലോകനിലവാരം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തരത്തിൽ നമ്മുടെ പ്രക്രിയകൾ മാറ്റാനുള്ള ശ്രമങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ മനസ്സിൽ ഈ സമീപനം ആവർത്തിക്കുന്നതിൽ ഹിന്ദുസ്ഥാൻ ടൈംസിനു വലിയ പങ്കുണ്ടെന്നും അവരുടെ 100 വർഷത്തെ അനുഭവം വികസിത ഇന്ത്യയിലേക്കുള്ള യാത്രയിൽ ഉപയോഗപ്രദമാകുമെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു.
വികസനത്തിന്റെ ഈ വേഗത നിലനിർത്താനും ഉടൻ തന്നെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും പ്രസംഗം ഉപസംഹരിക്കവേ ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു. അതിവേഗം മാറുന്ന ഇന്ത്യയുടെ പുതിയ നൂറ്റാണ്ടിന് ഹിന്ദുസ്ഥാൻ ടൈംസ് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here


* 1 माह के लिए Rs 1000.00 / 1 वर्ष के लिए Rs 10,000.00

Contact us

Check Also

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംഗീതത്തോടും കവിതയോടും അഭിനിവേശമുണ്ടായിരുന്ന ഡോ. മുഖർജി …