शुक्रवार, दिसंबर 27 2024 | 08:25:30 PM
Breaking News
Home / Choose Language / Malayalam / പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഐസിഎ ആഗോള സഹകരണ സമ്മേളനം 2024 ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഐസിഎ ആഗോള സഹകരണ സമ്മേളനം 2024 ഉദ്ഘാടനം ചെയ്തു

Follow us on:

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഐസിഎ ആഗോള സഹകരണ സമ്മേളനം 2024 ഉദ്ഘാടനം ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്ത ശ്രീ മോദി, ഭൂട്ടാൻ പ്രധാനമന്ത്രി ദാഷോ ഷെറിങ് ടോബ്ഗേ, ഫിജി ഉപപ്രധാനമന്ത്രി മനോവ കാമികാമിക, കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ, ഇന്ത്യയിലെ യുഎൻ റെസിഡന്റ് കോർഡിനേറ്റർ ഷോംബി ഷാർപ്പ്, അന്താരാഷ്ട്ര സഹകരണസഖ്യം പ്രസിഡന്റ് ഏരിയൽ ഗ്വാർക്കോ, വിവിധ വിദേശ രാജ്യങ്ങളിലെ വിശിഷ്ടാതിഥികൾ തുടങ്ങിയവരെ ഐസിഎ ആഗോള സഹകരണ സമ്മേളനം 2024-ലേക്ക് സ്വാഗതം ചെയ്തു.

ഈ വരവേൽപ്പ് തന്നിൽനിന്ന് മാത്രമുള്ളതല്ലെന്നും ആയിരക്കണക്കിന് കർഷകർ, കന്നുകാലിപരിപാലകർ, മത്സ്യത്തൊഴിലാളികൾ, എട്ടു ലക്ഷത്തിലധികം സഹകരണ സംഘങ്ങൾ, സ്വയംസഹായ സംഘങ്ങളുമായി ബന്ധപ്പെട്ട പത്തുകോടി സ്ത്രീകൾ, സഹകരണ സ്ഥാപനങ്ങളിൽ സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന യുവാക്കൾ എന്നിവരിൽ നിന്നുള്ളതു കൂടിയാണെന്നും ശ്രീ മോദി പറഞ്ഞു. ഇന്ത്യയിൽ സഹകരണ പ്രസ്ഥാനത്തിന്റെ വിപുലീകരണം നടക്കുമ്പോൾ അന്താരാഷ്ട്ര സഹകരണ സഖ്യത്തിന്റെ ആഗോള സഹകരണ സമ്മേളനം ഇന്ത്യയിൽ സംഘടിപ്പിക്കുന്നത് ഇതാദ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സഹകരണ യാത്രയുടെ ഭാവിക്ക് ആഗോള സഹകരണ സമ്മേളനത്തിൽ നിന്ന് ആവശ്യമായ ഉൾക്കാഴ്ചകൾ ലഭിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പകരമായി, ആഗോള സഹകരണ പ്രസ്ഥാനത്തിന് ഇന്ത്യയുടെ സമ്പന്നമായ സഹകരണ അനുഭവത്തിൽ നിന്ന് 21-ാം നൂറ്റാണ്ടിലെ ഏറ്റവും പുതിയ ചൈതന്യവും ഏറ്റവും പുതിയ സങ്കേതങ്ങളും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2025 അന്താരാഷ്ട്ര സഹകരണ വർഷമായി പ്രഖ്യാപിച്ചതിന് ശ്രീ മോദി ഐക്യരാഷ്ട്രസഭയ്ക്കു നന്ദി പറഞ്ഞു.

“ലോകത്തിന്, സഹകരണ സംഘങ്ങൾ മാതൃകയാണ്; എന്നാൽ ഇന്ത്യക്ക് അത് സംസ്കാരത്തിന്റെ അടിസ്ഥാനമാണ്, ജീവിതരീതിയാണ്” – നൂറ്റാണ്ടുകൾ പഴക്കമുള്ള സംസ്കാരത്തിന് ഊന്നൽ നൽകി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. നാമെല്ലാവരും ഒരുമിച്ച് നടക്കണമെന്നും ‌ഏകസ്വരമുയർത്തണമെന്നും നമ്മുടെ വേദങ്ങളിൽ പറഞ്ഞിട്ടുണ്ടെന്ന് ഇന്ത്യയുടെ വേദഗ്രന്ഥങ്ങളിലെ വാക്യങ്ങൾ ഉദ്ധരിച്ചു ശ്രീ മോദി പറഞ്ഞു. അതേസമയം നമ്മുടെ ഉപനിഷത്തുകൾ നമ്മോട് പറയുന്നത് സമാധാനത്തോടെ ജീവിക്കാനാണ്; സഹവർത്തിത്വത്തിന്റെ പ്രാധാന്യം അതു നമ്മെ പഠിപ്പിക്കുന്നു. അത് ഇന്ത്യൻ കുടുംബങ്ങളുടെ അവിഭാജ്യമൂല്യമാണ്; അതു സഹകരണ സംഘങ്ങളുടെ ഉത്ഭവത്തിനു സമാനമാണ്.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരംപോലും സഹകരണ സംഘങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, അത് സാമ്പത്തിക ശാക്തീകരണം മാത്രമല്ലെന്നും, സ്വാതന്ത്ര്യസമരസേനാനികൾക്ക് സാമൂഹ്യവേദി നൽകിയെന്നും അഭിപ്രായപ്പെട്ടു. മഹാത്മാഗാന്ധിജിയുടെ ഗ്രാമസ്വരാജ് പ്രസ്ഥാനം സാമുദായിക പങ്കാളിത്തത്തിന് പുത്തൻ ഉത്തേജനം നൽകിയെന്നും ഖാദി-ഗ്രാമവ്യവസായങ്ങളുടെ സഹകരണത്തോടെ പുതിയ വിപ്ലവത്തിന് തുടക്കമിട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരത്തിൽ വൻകിട ബ്രാൻഡുകളേക്കാൾ മുന്നേറാൻ ഖാദി-ഗ്രാമ വ്യവസായങ്ങളെ സഹകരണസംഘങ്ങൾ സഹായിച്ചതിൽ ശ്രീ മോദി സന്തുഷ്ടി പ്രകടിപ്പിച്ചു. സർദാർ പട്ടേൽ ക്ഷീര സഹകരണ സംഘങ്ങളെ ഉപയോഗിച്ച് കർഷകരെ ഒന്നിപ്പിച്ചതും സ്വാതന്ത്ര്യ സമരത്തിന് പുതിയ ദിശാബോധം നൽകിയതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ഉൽപ്പന്നമായ അമൂൽ, മികച്ച ആഗോള ഭക്ഷ്യ ബ്രാൻഡുകളിലൊന്നാണ്” – ശ്രീ മോദി പറഞ്ഞു. ആശയത്തിൽനിന്ന് പ്രസ്ഥാനത്തിലേക്കും പ്രസ്ഥാനത്തിൽനിന്ന് വിപ്ലവത്തിലേക്കും വിപ്ലവത്തിൽനിന്ന് ശാക്തീകരണത്തിലേക്കും ഇന്ത്യയിലെ സഹകരണ സ്ഥാപനങ്ങൾ സഞ്ചരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഹകരണത്തോടൊപ്പം ഭരണവും സമന്വയിപ്പിച്ച് ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാനാണ് ഇന്ന് നാം പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഇന്ന്, ഇന്ത്യയിൽ എട്ടുലക്ഷം സഹകരണസമിതികളുണ്ട്; അതായത് ലോകത്തിലെ ഓരോ നാലാമത്തെ സമിതിയും ഇന്ത്യയിലാണ്” – അദ്ദേഹം പറഞ്ഞു. എണ്ണം പോലെ വൈവിധ്യവും വിശാലവുമാണ് അവയുടെ വ്യാപ്തിയെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീണ ഇന്ത്യയുടെ 98 ശതമാനവും സഹകരണ സംഘങ്ങളെ ഉൾക്കൊള്ളുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. “ഏകദേശം 30 കോടി പേർ, അതായത് ഓരോ അഞ്ച് ഇന്ത്യക്കാരിലും ഒരാൾ സഹകരണ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു” – അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ നഗര-ഭവനമേഖല സഹകരണ സംഘങ്ങൾ വളരെയധികം വികസിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, പഞ്ചസാര, വളം, മത്സ്യബന്ധനം, പാൽ ഉൽപ്പാദന വ്യവസായങ്ങൾ എന്നിവയിൽ സഹകരണ സ്ഥാപനങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും ഏകദേശം രണ്ടുലക്ഷം ഭവന സഹകരണ സംഘങ്ങൾ രാജ്യത്തുണ്ടെന്നും കൂട്ടിച്ചേർത്തു. ഇന്ത്യയുടെ സഹകരണ ബാങ്കിങ് മേഖലയെ ശക്തിപ്പെടുത്തുന്നതിൽ കൈവരിച്ച മുന്നേറ്റം ചൂണ്ടിക്കാട്ടി, രാജ്യത്തുടനീളമുള്ള സഹകരണ ബാങ്കുകളിൽ ഇപ്പോൾ 12 ലക്ഷം കോടിയിലധികം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. ഇത് ഈ സ്ഥാപനങ്ങളിലുള്ള വർധിച്ചുവരുന്ന വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. “സഹകരണ ബാങ്കിങ് സമ്പ്രദായം മെച്ചപ്പെടുത്താൻ നമ്മുടെ ഗവൺമെന്റ് നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. അവയെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പരിധിയിൽ കൊണ്ടുവരികയും നിക്ഷേപകന്റെ നിക്ഷേപ ഇൻഷുറൻസ് പരിരക്ഷ അഞ്ചുലക്ഷം രൂപയായി ഉയർത്തുകയും ചെയ്തു” – പ്രധാനമന്ത്രി പറഞ്ഞു. കൂടുതൽ മത്സരക്ഷമതയും സുതാര്യതയും വികസിപ്പിക്കുന്നതു പരാമർശിച്ച ശ്രീ മോദി, ഈ പരിഷ്കാരങ്ങൾ ഇന്ത്യൻ സഹകരണ ബാങ്കുകളെ കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമായ ധനകാര്യ സ്ഥാപനങ്ങളാക്കി മാറ്റാൻ സഹായിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

“ഭാവി വളർച്ചയിൽ സഹകരണ സ്ഥാപനങ്ങളുടെ വലിയ പങ്ക് ഇന്ത്യ കാണുന്നു” – പ്രധാനമന്ത്രി പറഞ്ഞു. അതിനാൽ, കഴിഞ്ഞ വർഷങ്ങളിൽ, സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ ആവാസവ്യവസ്ഥയെയും വിവിധ പരിഷ്കാരങ്ങളിലൂടെ പരിവർത്തനം ചെയ്യാൻ ഗവണ്മെന്റ് പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹകരണ സംഘങ്ങളെ വിവിധോദ്ദേശ്യ സംഘങ്ങളാക്കി മാറ്റാനാണ് ഗവണ്മെന്റിന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ലക്ഷ്യം മുൻനിർത്തിയാണ് ഇന്ത്യാ ഗവൺമെന്റ് പ്രത്യേക സഹകരണ മന്ത്രാലയം രൂപീകരിച്ചതെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. സഹകരണ സംഘങ്ങളെ വിവിധോദ്ദേശ്യ സംഘങ്ങളാക്കുന്നതിന് പുതിയ മാതൃകാ ഉപനിയമങ്ങൾ പാസാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ-സംസ്ഥാന തലത്തിലുള്ള സഹകരണ ബാങ്കിങ് സ്ഥാപനങ്ങളുമായി സഹകരണ സംഘങ്ങളെ ബന്ധിപ്പിച്ചിരിക്കുന്ന ഐടി അധിഷ്ഠിത ആവാസവ്യവസ്ഥയുമായി ഗവണ്മെന്റ് സഹകരണ സംഘങ്ങളെ കൂട്ടിയിണിക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ കർഷകർക്ക് പ്രാദേശിക പ്രതിവിധികൾ നൽകുന്ന കേന്ദ്രങ്ങൾ, പെട്രോൾ- ഡീസൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ പ്രവർത്തിപ്പിക്കൽ, ജലസംരക്ഷണ പ്രവർത്തനങ്ങൾ, സൗരോർജ പാനലുകൾ സ്ഥാപിക്കൽ തുടങ്ങി ഗ്രാമങ്ങളിലുടനീളമുള്ള വിവിധ പ്രവർത്തനങ്ങളിൽ ഈ സഹകരണ സംഘങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാലിന്യത്തിൽനിന്ന് ഊർജം എന്ന സന്ദേശവുമായി ഇന്ന് സഹകരണ സംഘങ്ങൾ ഗോബർധൻ പദ്ധതിയെ സഹായിക്കുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സഹകരണസംഘങ്ങൾ ഇപ്പോൾ ഗ്രാമങ്ങളിൽ പൊതു സേവന കേന്ദ്രങ്ങളായി ഡിജിറ്റൽ സേവനങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്താനും അതിലൂടെ അംഗങ്ങളുടെ വരുമാനം വർധിപ്പിക്കാനുമാണ് ഗവണ്മെന്റിന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ സഹകരണസംഘങ്ങളില്ലാത്ത രണ്ടു ലക്ഷം ഗ്രാമങ്ങളിൽ ഗവണ്മെന്റ് വിവിധോദ്ദേശ്യ സഹകരണ സംഘങ്ങൾ രൂപീകരിക്കുകയാണെന്ന് ശ്രീ മോദി അറിയിച്ചു. സഹകരണ സ്ഥാപനങ്ങൾ ഉൽപ്പാദന മേഖലയിൽനിന്ന് സേവനമേഖലയിലേക്ക് വ്യാപിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇന്ന്, സഹകരണ മേഖലയിൽ ലോകത്തിലെ ഏറ്റവും വലിയ ധാന്യ സംഭരണ പദ്ധതിയിൽ ഇന്ത്യ പ്രവർത്തിക്കുന്നു” – പ്രധാനമന്ത്രി പറഞ്ഞു. സഹകരണ സംഘങ്ങൾ നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ കർഷകർക്ക് അവരുടെ വിളകൾ സംഭരിക്കാൻ കഴിയുന്ന സംഭരണശാലകൾ ഇന്ത്യയിലുടനീളം നിർമിക്കുന്നുണ്ടെന്നും അത് ചെറുകിട കർഷകർക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർഷക ഉൽപ്പാദക സംഘടനകളുടെ (എഫ്‌പിഒ) രൂപീകരണത്തിലൂടെ ചെറുകിട കർഷകരെ പിന്തുണയ്ക്കുന്നതിനുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത അടിവരയിട്ട്, “ഞങ്ങൾ ഞങ്ങളുടെ ചെറുകിട കർഷകരെ എഫ്‌പിഒകളാക്കി സംഘടിപ്പിക്കുകയും ഈ സംഘടനകളെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം നൽകുകയും ചെയ്യുന്നു” എന്ന് പ്രധാനമന്ത്രി പറഞ്ഞു. കൃഷിയിടംമുതൽ അടുക്കളവരെയും വിപണി വരെയും കാർഷിക സഹകരണ സംഘങ്ങൾക്കായി കരുത്തുറ്റ വിതരണ-മൂല്യ ശൃംഖല കെട്ടിപ്പടുക്കാൻ ലക്ഷ്യമിട്ട് ഏകദേശം 9000 എഫ്‌പിഒകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. “കാര്യക്ഷമത വർധിപ്പിക്കുന്നതിന് ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി കാർഷിക ഉൽപ്പന്നങ്ങൾക്ക് തടസ്സമില്ലാത്ത സമ്പർക്കം സൃഷ്ടിക്കാനാണ് ഞങ്ങളുടെ ശ്രമം” – അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സഹകരണ സംഘങ്ങളുടെ വ്യാപ്തിയിൽ വിപ്ലവം സൃഷ്ടിക്കുന്നതിൽ ഡിജിറ്റൽ സംവിധാനങ്ങളുടെ പങ്കിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി) പോലുള്ള പൊതു ഇ-കൊമേഴ്‌സ് സംവിധാനങ്ങളിലൂടെ സഹകരണസംഘങ്ങളെ അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ തന്റെ ഗവണ്മെന്റ് പ്രാപ്‌തമാക്കുന്നുവെന്ന് പറഞ്ഞു. ഇത് ഉൽപ്പന്നങ്ങൾ ഏറ്റവും താങ്ങാവുന്ന വിലയിൽ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. സഹകരണ സംഘങ്ങൾക്ക് അവരുടെ വിപണിസാന്നിധ്യം വിപുലീകരിക്കുന്നതിന് പുതിയ മാർഗം നൽകിയതിന്റെ ഖ്യാതി, ഗവൺമെന്റ് ഇ-മാർക്കറ്റ്പ്ലേസിന് (ജിഇഎം) ശ്രീ മോദി നൽകി. “കൃഷിയെ നവീകരിക്കുന്നതിലും കർഷകർക്ക് മത്സരക്ഷമമായ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ അഭിവൃദ്ധി പ്രാപിക്കാൻ ആവശ്യമായ സങ്കേതങ്ങൾ ഉപയോഗിച്ച് അവരെ ശാക്തീകരിക്കുന്നതിലുമുള്ള ഗവൺമെന്റിന്റെ ശ്രദ്ധ ഈ സംരംഭങ്ങൾ പ്രതിഫലിപ്പിക്കുന്നു” – അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ നൂറ്റാണ്ടിലെ ആഗോള വളർച്ചയിൽ സ്ത്രീകളുടെ പങ്കാളിത്തം പ്രധാന ഘടകമാകുമെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഒരു രാജ്യമോ സമൂഹമോ സ്ത്രീകൾക്ക് എത്രത്തോളം പങ്കാളിത്തം നൽകുന്നുവോ അത്രയും വേഗത്തിൽ അത് വളരുമെന്നും പറഞ്ഞു. ഇന്ന് ഇന്ത്യയിൽ സ്ത്രീകൾ നയിക്കുന്ന വികസനത്തിന്റെ കാലഘട്ടമാണെന്നും സഹകരണ മേഖലയിലും സ്ത്രീകൾക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ സഹകരണ മേഖലയുടെ ശക്തിയെന്ന നിലയിൽ സ്ത്രീകൾ നേതൃത്വം നൽകുന്ന നിരവധി സഹകരണ സ്ഥാപനങ്ങളിൽ ഇന്ന് സ്ത്രീകൾക്ക് 60 ശതമാനത്തിലധികം പങ്കാളിത്തമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

“സഹകരണസംഘങ്ങളുടെ നടത്തിപ്പിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം” – ശ്രീ മോദി പറഞ്ഞു. ഈ ദിശയിൽ ബഹുസംസ്ഥാന സഹകരണസംഘ നിയമം ഗവണ്മെന്റ് ഭേദഗതി ചെയ്തിട്ടുണ്ടെന്നും ബഹുസംസ്ഥാന സഹകരണസംഘ ബോർഡിൽ വനിതാ ഡയറക്ടർമാർ വേണമെന്നത് നിർബന്ധമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധഃസ്ഥിത വിഭാഗങ്ങളുടെ പങ്കാളിത്തത്തിനും ആ വിഭാഗങ്ങളെ കൂടുതൽ ഉൾക്കൊള്ളുന്നതിനും സംവരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വയം സഹായ സംഘങ്ങളുടെ രൂപത്തില്‍ സ്ത്രീപങ്കാളിത്തത്തിലൂടെ സ്ത്രീശാക്തീകരണത്തിന്റെ ബൃഹത്തായ മുന്നേറ്റം പരാമര്‍ശിച്ച ശ്രീ മോദി, ഇന്ത്യയിലെ 10 കോടി സ്ത്രീകള്‍ സ്വയം സഹായ സംഘങ്ങളില്‍ അംഗങ്ങളാണെന്ന് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദശകത്തില്‍ ഈ സ്വയം സഹായ സംഘങ്ങള്‍ക്ക് 9 ലക്ഷം കോടി രൂപ കുറഞ്ഞ നിരക്കില്‍ ഗവണ്‍മെന്റ് വായ്പ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുമൂലം സ്വയംസഹായ സംഘങ്ങള്‍ ഗ്രാമങ്ങളില്‍ വലിയ സമ്പത്ത് സൃഷ്ടിച്ചതായി ശ്രീ മോദി അഭിപ്രായപ്പെട്ടു. ലോകത്തെ പല രാജ്യങ്ങള്‍ക്കും സ്ത്രീ ശാക്തീകരണത്തിന്റെ ബൃഹദ് മാതൃകയായി ഇത് അനുകരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സഹകരണ പ്രസ്ഥാനത്തിന്റെ ദിശ തീരുമാനിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി “സഹകരണ സ്ഥാപനങ്ങള്‍ക്ക് സുഗമവും സുതാര്യവുമായ ധനസഹായം ഉറപ്പാക്കുന്നതിന് സഹകരണ സാമ്പത്തിക മാതൃകയെക്കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ട്” എന്ന് പ്രധാനമന്ത്രി പറഞ്ഞു. ചെറുതും സാമ്പത്തികമായി ദുര്‍ബലവുമായ സഹകരണ സംഘങ്ങളെ പിന്തുണയ്ക്കുന്നതിന് സാമ്പത്തിക സ്രോതസ്സുകള്‍ സമാഹരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.വന്‍കിട പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിലും സഹകരണ സംഘങ്ങള്‍ക്ക് വായ്പ നല്‍കുന്നതിലും അത്തരം പൊതു സാമ്പത്തികവേദികൾക്ക് പ്രധാന പങ്ക് വഹിക്കാന്‍ കഴിയും. സംഭരണം, ഉൽപ്പാദനം, വിതരണ പ്രക്രിയകള്‍ എന്നിവയില്‍ സജീവമായി പങ്കെടുത്ത് വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനുള്ള സഹകരണ സംഘങ്ങളുടെ സാധ്യതകളും അദ്ദേഹം എടുത്തുപറഞ്ഞു.

ലോകമെമ്പാടുമുള്ള സഹകരണ സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ കഴിയുന്ന ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് അടിവരയിട്ട ശ്രീ മോദി, ഐസിഎയുടെ വലിയ പങ്കിനെ പ്രശംസിക്കുകയും ഭാവിയില്‍ ഇതിനപ്പുറത്തേക്ക് നീങ്ങേണ്ടത് അനിവാര്യമാണെന്നു വ്യക്തമാക്കുകയും ചെയ്തു. ലോകത്തെ നിലവിലെ സാഹചര്യം സഹകരണ പ്രസ്ഥാനത്തിന് വലിയ അവസരമാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്ത് സമഗ്രതയുടെയും പരസ്പര ബഹുമാനത്തിന്റെയും പതാകവാഹകരായി സഹകരണ സ്ഥാപനങ്ങളെ മാറ്റേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി നയങ്ങള്‍ നവീകരിക്കുകയും തന്ത്രങ്ങള്‍ മെനയുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സഹകരണ സ്ഥാപനങ്ങളെ കാലങ്ങളെ അതിജീവിക്കുന്നവയാക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ട്, അവയെ ചാക്രിക സമ്പദ്‌വ്യവസ്ഥയുമായി ബന്ധിപ്പിക്കണമെന്നും സഹകരണ സ്ഥാപനങ്ങളില്‍ സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ശ്രീ മോദി പറഞ്ഞു.

“ആഗോള സഹകരണത്തിന് പുതിയ ഊർജം നൽകാൻ സഹകരണസംഘങ്ങൾക്കു കഴിയുമെന്ന് ഇന്ത്യ വിശ്വസിക്കുന്നു” – പ്രധാനമന്ത്രി പറഞ്ഞു. ഗ്ലോബൽ സൗത്തിലെ രാജ്യങ്ങളെ, പ്രത്യേകിച്ച് അവർക്ക് ആവശ്യമായ വളർച്ച കൈവരിക്കാൻ സഹായിക്കാൻ സഹകരണ സ്ഥാപനങ്ങൾക്കാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ, സഹകരണ സംഘങ്ങളുടെ അന്താരാഷ്ട്ര സഹകരണത്തിന് ഇന്ന് പുതിയ വഴികൾ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും ഇന്നത്തെ ആഗോള സമ്മേളനം അതിനു വലിയ സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു.

“ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണ്. ഈ വളർച്ചയുടെ നേട്ടങ്ങൾ അങ്ങേയറ്റം ദരിദ്രരിലും എത്തുന്നുവെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം” – ഏവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്കുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് ഊന്നൽ നൽകി പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലും ആഗോളതലത്തിലും വളർച്ചയെ മനുഷ്യകേന്ദ്രീകൃത കാഴ്ചപ്പാടിൽനിന്നു കാണേണ്ടതിന്റെ പ്രാധാന്യം ശ്രീ മോദി എടുത്തുപറഞ്ഞു. “നമ്മുടെ എല്ലാ പ്രവർത്തനങ്ങളിലും മനുഷ്യകേന്ദ്രീകൃത വികാരങ്ങൾ നിലനിൽക്കണം” – അദ്ദേഹം പറഞ്ഞു. ആഗോളതലത്തിലുണ്ടായ കോവിഡ്-19 പ്രതിസന്ധിഘട്ടത്തിലെ ഇന്ത്യയുടെ പ്രതികരണത്തെക്കുറിച്ചു പറഞ്ഞ ശ്രീ മോദി, അവശ്യമരുന്നുകളും വാക്സിനുകളും പങ്കിട്ട് ഇന്ത്യ ലോകത്തോടൊപ്പം, പ്രത്യേകിച്ച് ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്കൊപ്പം, നിലകൊണ്ടതെങ്ങനെയെന്ന് അദ്ദേഹം അനുസ്മരിച്ചു. “സാമ്പത്തികയുക്തി സാഹചര്യം മുതലെടുക്കാൻ നിർദേശിച്ചിരിക്കാം. എന്നാൽ ഞങ്ങളുടെ മനുഷ്യത്വബോധം സേവനത്തിന്റെ പാത തെരഞ്ഞെടുക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചു” – പ്രതിസന്ധിഘട്ടങ്ങളിൽ അനുകമ്പയോടും ഐക്യദാർഢ്യത്തോടുമുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയ്ക്ക് അടിവരയിട്ടു പ്രധാനമന്ത്രി പറഞ്ഞു.

സഹകരണ സംഘങ്ങളുടെ പ്രാധാന്യം എടുത്തുകാട്ടുന്നത് ഘടന, നിയമങ്ങൾ, ചട്ടങ്ങൾ എന്നിവ മാത്രമല്ലെന്ന് പറഞ്ഞ ശ്രീ മോദി, അവയിൽ നിന്ന് കൂടുതൽ വികസിപ്പിക്കാനും വിപുലീകരിക്കാനും കഴിയുന്ന സ്ഥാപനങ്ങൾ രൂപീകരിക്കാനാകുമെന്നും അഭിപ്രായപ്പെട്ടു. സഹകരണ സംഘങ്ങളുടെ മനോഭാവമാണ് ഏറ്റവും പ്രധാനമെന്നും ഈ സഹകരണ മനോഭാവമാണ് ഈ പ്രസ്ഥാനത്തിന്റെ ജീവശക്തിയെന്നും സഹകരണ സംസ്കാരത്തിൽ നിന്നാണ് ഇതു വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹകരണ സംഘങ്ങളുടെ വിജയം അവരുടെ എണ്ണത്തെയല്ല, മറിച്ച്, അംഗങ്ങളുടെ ധാർമിക വികസനത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് മഹാത്മാഗാന്ധിയെ ഉദ്ധരിച്ച് പറഞ്ഞ ശ്രീ മോദി, ധാർമികത ഉള്ളപ്പോൾ മാനവരാശിയുടെ താൽപ്പര്യത്തിനായി ശരിയായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും പറഞ്ഞു. അന്താരാഷ്ട്ര സഹകരണ വർഷത്തിൽ ഈ വികാരം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന പ്രത്യാശ പ്രകടിപ്പിച്ചാണ് ശ്രീ മോദി ഉപസംഹരിച്ചത്.

പശ്ചാത്തലം

ആഗോള സഹകരണ പ്രസ്ഥാനത്തിലെ പ്രമുഖ സ്ഥാപനമായ  അന്താരാഷ്ട്ര സഹകരണ സഖ്യത്തിന്റെ (ഐസിഎ) 130 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഐസിഎ അന്താരാഷ്ട്ര സഹകരണ സമ്മേളനവും ഐസിഎ പൊതുസഭയും ഇന്ത്യയിൽ സംഘടിപ്പിക്കുന്നത്. ഐസിഎ, ഇന്ത്യാഗവണ്മെന്റ്, ഇന്ത്യൻ സഹകരണ സ്ഥാപനങ്ങളായ അമൂൽ, ക്രിബ്‌കോ എന്നിവയുടെ സഹകരണത്തോടെ ഇന്ത്യൻ കാർഷിക രാസവള സഹകരണ ലിമിറ്റഡ് (IFFCO) ആതിഥേയത്വം വഹിക്കുന്ന ഈ ആഗോള സമ്മേളനം നവംബർ 25 മുതൽ 30 വരെയാണ്.

“സഹകരണ സ്ഥാപനങ്ങൾ ഏവർക്കും അഭിവൃദ്ധി സൃഷ്ടിക്കുന്നു” എന്ന സമ്മേളനത്തിന്റെ പ്രമേയം “സഹകാർ സേ സമൃദ്ധി” (സഹകരണത്തിലൂടെ അഭിവൃദ്ധി) എന്ന ഇന്ത്യാഗവൺമെന്റിന്റെ കാഴ്‌ചപ്പാടുമായി യോജിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്‌ഡിജി) കൈവരിക്കുന്നതിൽ ലോകമെമ്പാടുമുള്ള സഹകരണ സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളികളും അവസരങ്ങളും അഭിസംബോധന ചെയ്യുന്ന ചർച്ചകൾ, പാനൽ സെഷനുകൾ, ശിൽപ്പശാലകൾ എന്നിവ, ദാരിദ്ര്യ നിർമാർജനം, ലിംഗസമത്വം, സുസ്ഥിര സാമ്പത്തിക വളർച്ച തുടങ്ങിയ മേഖലകൾക്ക് പ്രാധാന്യം നൽകി സംഘടിപ്പിക്കും.

സാമൂഹിക ഉൾച്ചേർക്കൽ, സാമ്പത്തിക ശാക്തീകരണം, സുസ്ഥിര വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ സഹകരണ സ്ഥാപനങ്ങൾ വഹിക്കുന്ന പരിവർത്തനാത്മക പങ്ക് അടിവരയിടുന്ന, “സഹകരണസ്ഥാപനങ്ങൾ മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കുന്നു” എന്ന പ്രമേയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യുഎൻ അന്താരാഷ്ട്ര സഹകരണ വർഷം 2025ന് പ്രധാനമന്ത്രി തുടക്കം കുറിച്ചു. സുസ്ഥിര വികസനത്തിന്റെ നിർണായക ചാലകങ്ങളായി യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾ സഹകരണ സ്ഥാപനങ്ങളെ അംഗീകരിക്കുന്നു. അസമത്വം കുറയ്ക്കുന്നതിലും മാന്യമായ ജോലി പ്രോത്സാഹിപ്പിക്കുന്നതിലും ദാരിദ്ര്യം ലഘൂകരിക്കുന്നതിലും സഹകരണ സ്ഥാപനങ്ങൾക്കുള്ള സവിശേഷ പങ്ക് കണക്കിലെടുത്താണിത്. ലോകത്തിലെ ഏറ്റവും സമ്മർദകരമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ സഹകരണ സ്ഥാപനങ്ങളുടെ ശക്തി പ്രകടിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള  ആഗോള ഉദ്യമത്തിന്റെ വർഷമായിരിക്കും 2025.

സഹകരണ പ്രസ്ഥാനത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ പ്രതീകമായി തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി പുറത്തിറക്കി. സുസ്ഥിരതയുടെയും സാമൂഹ്യ വികസനത്തിന്റെയും സഹകരണ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതും സമാധാനം, ശക്തി, പ്രതിരോധം, വളർച്ച എന്നിവയുടെ പ്രതീകവുമായ താമരയാണ് സ്റ്റാമ്പിൽ ആലേഖനം ചെയ്തിട്ടുള്ളത്. താമരയുടെ അഞ്ചുദളങ്ങൾ പ്രകൃതിയുടെ അഞ്ച് ഘടകങ്ങളെ (പഞ്ചതത്വം) പ്രതിനിധാനം ചെയ്യുന്നു. ഇത് പരിസ്ഥിതി, സാമൂഹിക- സാമ്പത്തിക സുസ്ഥിരതയ്ക്കുള്ള സഹകരണ സംഘങ്ങളുടെ പ്രതിജ്ഞാബദ്ധതയെ ഉയർത്തിക്കാട്ടുകയും ചെയ്യുന്നു. കാർഷിക മേഖലയിലെ ആധുനിക സാങ്കേതികവിദ്യയുടെ പങ്കിനെ പ്രതിനിധാനം ചെയ്യുന്ന ഡ്രോണും കൃഷി, ക്ഷീരമേഖല, മത്സ്യബന്ധനമേഖല, ഉപഭോക്തൃ സഹകരണ സ്ഥാപനങ്ങൾ, ഭവനനിർമാണം തുടങ്ങിയ മേഖലകളും രൂപകൽപ്പനയിൽ ഉൾക്കൊള്ളുന്നു.

मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here


* 1 माह के लिए Rs 1000.00 / 1 वर्ष के लिए Rs 10,000.00

Contact us

Check Also

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംഗീതത്തോടും കവിതയോടും അഭിനിവേശമുണ്ടായിരുന്ന ഡോ. മുഖർജി …