കൊച്ചി- കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ സി എ ആർ- സിഫ്റ്റിന്റെ സഹകരണത്തോടെ കേരളാ – സ്വദേശി ശാസ്ത്ര പ്രസ്ഥാനം (Swadeshi Science Movement, Kerala) സംഘടിപ്പിച്ച 31-ാമത് സ്വദേശി ശാസ്ത്ര കോൺഗ്രസ് ഇന്ന് സിഫ്റ്റിൽ സമാപിച്ചു. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ സഹമന്ത്രിയായ ശ്രീ ജോർജ് കുര്യൻ സമാപനച്ചടങ്ങിൽ മുഖ്യാതിഥിയായി. 2030 -ഓടെ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള വാഹനങ്ങൾ നിർത്തലാക്കാനുള്ള സർക്കാരിൻ്റെ പ്രതിജ്ഞാബദ്ധത അദ്ദേഹം തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. നെറ്റ് സീറോ കാർബൺ എമിഷൻ ലക്‌ഷ്യം ഭാവി തലമുറയ്ക്ക് നിർണായകമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഐസിഎആർ-സിഫ്റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ പവർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ഡോ. ത്രിപ്ത താക്കൂർ അനുമോദന പ്രഭാഷണം നടത്തി.സ്വദേശി ശാസ്ത്ര പ്രസ്ഥാനം – കേരള പ്രസിഡൻ്റ് ഡോ. കെ.മുരളീധരൻ, വിജ്ഞാനഭാരതിയുടെ സെക്രട്ടറി ജനറൽ എഞ്ചിനീയർ പി എ വിവേകാനന്ദ പൈ, വിജ്ഞാന ഭാരതി ഓർഗനൈസിങ് സെക്രട്ടറി (സൗത്ത് സോൺ) ശ്രീ. അബ്ഗ രവീന്ദ്രനാഥ ബാബു ,സിഫ്റ്റിലെ എക്സ്റ്റൻഷൻ, ഇൻഫർമേഷൻ & സ്റ്റാറ്റിസ്റ്റിക്സ് മേധാവി ഡോ. നികിത ഗോപാൽ, ഫിഷ് പ്രോസസ്സിംഗ് വിഭാഗം മേധാവി ഡോ. ജെ ബിന്ദു, സിഫ്റ്റിലെ പ്രിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ. ടോംസ് സി.ജോസഫ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
യുവശാസ്ത്രജ്ഞർക്കുള്ള മികച്ച പേപ്പർഅവാർഡുകൾ 14 ശാസ്ത്രജ്ഞർക്ക് ലഭിച്ചു. ഡോ. രവീന്ദ്രൻ സ്മാരകപുരസ്കാരവും സി എ ജയപ്രകാശ് സ്മാരകപുരസ്കാരവും സമ്മാനിച്ചു. 31-ാമത് സ്വദേശി ശാസ്ത്ര കോൺഗ്രസിൽ 14 സെഷനുകളിലായി 200-ലധികം പ്രബന്ധങ്ങൾ അവതരിപ്പിച്ചു. “നെറ്റ് സീറോ എമിഷൻ : സമീപനങ്ങളും തന്ത്രങ്ങളും” (Towards Net Zero Emission: Approaches and Strategies) എന്ന വിഷയത്തിൽ നടന്ന 31- മത് സ്വദേശി ശാസ്ത്ര കോൺഗ്രസിൽ വിദ്യാർത്ഥികൾ, ഗവേഷകർ, ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ രാജ്യത്തിലെ ശാസ്ത്രീയവും പാരിസ്ഥിതികവുമായ പുരോഗതിക്ക് ആവശ്യമായ വിഷയങ്ങൾ ചർച്ച ചെയ്തു.