रविवार, दिसंबर 22 2024 | 06:16:42 PM
Breaking News
Home / Choose Language / Malayalam / പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബിഹാറില്‍ 12,100 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബിഹാറില്‍ 12,100 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു

Follow us on:

ബിഹാറിലെ ദർഭംഗയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 12,100 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു ആരോഗ്യം, റെയില്‍, റോഡ്, പെട്രോളിയം, പ്രകൃതിവാതകം എന്നീ മേഖലകള്‍ ഉള്‍പ്പെടുന്നതാണ് വികസന പദ്ധതികള്‍.

അയല്‍സംസ്ഥാനമായ ഝാര്‍ഖണ്ഡില്‍ വോട്ടെടുപ്പ് നടക്കുകയാണെന്നും സംസ്ഥാനത്തെ ജനങ്ങള്‍ ഒരു വികസിത ഭാരതത്തിനായി വോട്ട് രേഖപ്പെടുത്തുകയാണെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു. ഝാര്‍ഖണ്ഡിലെ പൗരന്മാരോട് മുന്നോട്ട് വരാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അന്തരിച്ച ശാരദാ സിന്‍ഹ ജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച പ്രധാനമന്ത്രി, സംഗീതത്തിന് അവര്‍ നല്‍കിയ അനുപമമായ സംഭാവനകളെ, പ്രത്യേകിച്ച് ഛഠ് മഹാപര്‍വ്വിന്റെ രചനകളെ പ്രശംസിക്കുകയും ചെയ്തു.

ബിഹാര്‍ സംസ്ഥാനവും ഇന്ത്യ മുഴുവനും പ്രധാന വികസന ലക്ഷ്യങ്ങളുടെ പുരോഗതിക്ക് സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. സ്‌കീമുകളും പദ്ധതികളും കടലാസില്‍ മാത്രമായിരുന്ന മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് അവ വിജയകരമായി നടപ്പാക്കുകയാണെന്ന് പറഞ്ഞ ശ്രീ മോദി
‘നാം വികസിത ഭാരതത്തിനായി ദൃഢചിത്തരാണ്’, എന്നും കൂട്ടിച്ചേര്‍ത്തു. ലക്ഷ്യത്തിലേക്ക് സംഭാവന നല്‍കുന്നതിനൊപ്പം വികസിത ഭാരതത്തിന് സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യം നമ്മുടെ ഇന്നത്തെ തലമുറയ്ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനങ്ങളുടെ ക്ഷേമത്തിനും രാഷ്ട്രസേവനത്തോടുമുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധത ആവര്‍ത്തിച്ച പ്രധാനമന്ത്രി, റോഡ്, റെയില്‍, വാതക അടിസ്ഥാന സൗകര്യ മേഖലകള്‍ ഉള്‍പ്പെടുന്ന ഏകദേശം 12,000 കോടി രൂപയുടെ ഇന്നത്തെ വികസന പദ്ധതികളെകുറിച്ച് പരാമര്‍ശിച്ചു. മാത്രമല്ല, ബിഹാറിലെ ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്ന ദര്‍ഭംഗയിലെ എയിംസ് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള സുപ്രധാനമായ ഒരു നടപടി ഇന്ന് കൈക്കൊണ്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമ ബംഗാളിലെ പ്രദേശങ്ങള്‍ക്കും സമീപ പ്രദേശങ്ങള്‍ക്കും പുറമെ മിഥില, കോസി, തിര്‍ഹട്ട് പ്രദേശങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും നേപ്പാളില്‍ നിന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന രോഗികള്‍ക്ക് ഇത് പ്രയോജനപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. തൊഴിലിനും സ്വയം തൊഴിലിനുമായി നിരവധി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ വികസന പദ്ധതികള്‍ക്ക് മിഥില, ദര്‍ഭംഗ, ബിഹാര്‍ എന്നിവിടങ്ങളിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഇന്ത്യയിലെ ജനസംഖ്യയുടെ ഏറ്റവും വലിയ പങ്ക് ദരിദ്രരും ഇടത്തരക്കാരുമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഈ വിഭാഗങ്ങളിലെ ജനങ്ങളെയാണ് രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതെന്നും അതിനാല്‍ ചികിത്സയ്ക്കായി അവരുടെ പക്കല്‍നിന്നും വന്‍ തുക ചെലവഴിക്കേണ്ടിവരുന്നെന്നും കൂട്ടിച്ചേര്‍ത്തു. കുടുംബത്തിലെ ഒരാള്‍ക്ക് അസുഖം വന്നാല്‍ മുഴുവന്‍ കുടുംബവും എങ്ങനെ അസ്വസ്ഥരാകുമെന്ന് തനിക്ക് നന്നായി അറിയാമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ആശുപത്രികളുടെയും ഡോക്ടര്‍മാരുടെയും അഭാവം, അമിത വിലയുള്ള മരുന്നുകള്‍, കുറഞ്ഞ രോഗനിര്‍ണ്ണയ- ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവ കാരണം മുന്‍കാലങ്ങളില്‍ വൈദ്യശാസ്ത്ര അടിസ്ഥാനസൗകര്യങ്ങളുടെ സ്ഥിതി വളരെ മോശമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോശം ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളും പാവപ്പെട്ടവര്‍ നേരിടുന്ന ബുദ്ധിമുട്ടുകളും കാരണം രാജ്യത്തിന്റെ പുരോഗതി സ്തംഭിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതിനാല്‍ പഴയ ചിന്തയും സമീപനവും മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യകാര്യത്തില്‍ ഗവണ്‍മെന്റ് സ്വീകരിക്കുന്ന സമഗ്ര സമീപനത്തിന് പ്രധാനമന്ത്രി അടിവരയിട്ടു. ഗവണ്‍മെന്റിന്റെ ശ്രദ്ധാകേന്ദ്രങ്ങളുടെ   രൂപരേഖ അദ്ദേഹം വ്യക്തമാക്കി. രോഗങ്ങളില്‍ നിന്നുള്ള പ്രതിരോധത്തിനാണ് പ്രാഥമിക ശ്രദ്ധ നല്‍കുന്നത്. രണ്ടാമതായി, അസുഖം  ശരിയായി നിര്‍ണയിക്കല്‍. മൂന്നാമതായി സൗജന്യമായതോ കുറഞ്ഞ ചെലവിലുള്ളതോ ആയ ചികിത്സയുടെയും മരുന്നുകളുടെയും ലഭ്യത. മികച്ച മെഡിക്കല്‍ സൗകര്യങ്ങളോടെ ചെറിയ പട്ടണങ്ങളെ സജ്ജമാക്കുന്നതാണു നാലാമത്തേത്. ആരോഗ്യമേഖലയിലെ സാങ്കേതികവിദ്യയുടെ വിപുലീകരണം അഞ്ചാമത്തേത്.

യോഗ, ആയുര്‍വേദം, പോഷകമൂല്യം, ഫിറ്റ് ഇന്ത്യ പ്രസ്ഥാനം എന്നിവയില്‍ ഗവണ്‍മെന്റ് ഊന്നല്‍ നല്‍കുന്ന കാര്യം ശ്രീ മോദി എടുത്തുപറഞ്ഞു. ജങ്ക് ഫുഡും മോശം ജീവിതശൈലിയുമാണ് സാധാരണ രോഗങ്ങള്‍ക്ക് പ്രധാന കാരണമെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ പട്ടികപ്പെടുത്തുകയും, ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനും രോഗങ്ങളുടെ വ്യാപ്തി കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള സ്വച്ഛ് ഭാരത്, ഓരോ വീട്ടിലും ശൗചാലയം, ടാപ്പ് വെള്ള കണക്ഷന്‍ തുടങ്ങിയ യജ്ഞങ്ങളെയും പരാമര്‍ശിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദര്‍ഭംഗയില്‍ ശുചീകരണ യജ്ഞം
നടത്തുന്നതിനും അതു  ശക്തിപ്പെടുത്തുന്നതിനുമായി ചീഫ് സെക്രട്ടറിയുടെയും  സംഘത്തിന്റെയും സംസ്ഥാനത്തെ ജനങ്ങളുടെയും ശ്രമങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചു. യജ്ഞം കുറച്ച് ദിവസത്തേക്ക് കൂടി നീട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ കണ്ടുപിടിച്ചാല്‍ പല രോഗങ്ങളുടെയും തീവ്രത കുറയ്ക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, രോഗനിര്‍ണയത്തിനും ഗവേഷണത്തിനുമുള്ള ഉയര്‍ന്ന ചെലവ്, രോഗബാധ  അറിയുന്നതില്‍ നിന്ന് ജനങ്ങളെ തടഞ്ഞുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ”രാജ്യത്ത് ഒന്നര ലക്ഷത്തിലധികം ആയുഷ്മാന്‍ ആരോഗ്യ മന്ദിറുകള്‍ ഞങ്ങള്‍ ആരംഭിച്ചിട്ടുണ്ട്” – രോഗങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിന് ഇത് സഹായിക്കുമെന്ന് ശ്രീ മോദി പറഞ്ഞു.

ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് കീഴില്‍ നാളിതുവരെ 4 കോടിയിലധികം രോഗികള്‍ ചികില്‍സ ലഭ്യമാക്കിയിട്ടുണ്ടെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, പദ്ധതി ഇല്ലായിരുന്നുവെങ്കില്‍ നിരവധി രോഗികള്‍ക്ക് ആശുപത്രി പരിചരണം ലഭ്യമാകാതെ പോകുമായിരുന്നു എന്നും പറഞ്ഞു.  ആയുഷ്മാന്‍ ഭാരത് പദ്ധതി മൂലം നിരവധി പാവപ്പെട്ടവരുടെ ആശങ്കകള്‍  ലഘൂകരിച്ചതായി ശ്രീ മോദി പറഞ്ഞു. ആയുഷ്മാന്‍ പദ്ധതിയിലൂടെ കോടിക്കണക്കിന് കുടുംബങ്ങള്‍ക്ക് ഏകദേശം 1.25 ലക്ഷം കോടി രൂപ ലാഭിക്കാനായി എന്നും  പദ്ധതി പ്രകാരം ഗവണ്‍മെന്റ്, സ്വകാര്യ ആശുപത്രികളില്‍ രോഗികള്‍ക്ക് ചികിത്സ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പു വേളയില്‍ നടപ്പാക്കിയ, ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ പരിധിയില്‍ 70 വയസ്സിനു മുകളിലുള്ള പൗരന്മാരെ ഉള്‍പ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ: ”ഈ ഉറപ്പ് നിറവേറ്റപ്പെട്ടു. 70 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് കുടുംബ വരുമാനം പരിഗണിക്കാതെ തന്നെ സൗജന്യ ചികിത്സ ആരംഭിച്ചു കഴിഞ്ഞു. എല്ലാ ഗുണഭോക്താക്കളും ഉടന്‍  ആയുഷ്മാന്‍ വയ വന്ദന കാര്‍ഡ് സ്വന്തമാക്കും’ –  അദ്ദേഹം പറഞ്ഞു. വളരെ കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കുന്ന ജന്‍ ഔഷധി കേന്ദ്രങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

ഇന്ത്യയില്‍ മെച്ചപ്പെട്ട മെഡിക്കല്‍ സൗകര്യങ്ങളും ഡോക്ടര്‍മാരെയും മികച്ച ആരോഗ്യപരിപാലനത്തിനായി സജ്ജരാക്കുന്നതിന്റെ നാലാമത്തെ ചുവടുവയ്പ്പ് ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, സ്വാതന്ത്ര്യം ലഭിച്ച് 60 വര്‍ഷത്തിനു ശേഷം രാജ്യത്താകമാനം ഒരേയൊരു എയിംസ് മാത്രമാണുണ്ടായിരുന്നതെന്നും മുന്‍ ഗവണ്മെന്റുകളുടെ  കാലത്ത് പുതിയ എയിംസ് സ്ഥാപിക്കാനുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കിയിരുന്നില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രോഗങ്ങളില്‍ നിന്നു സംരക്ഷണം നല്‍കുക മാത്രമല്ല, രാജ്യത്തിന്റെ എല്ലാ കോണുകളിലും പുതിയ എയിംസ് സ്ഥാപിച്ചതും   ഇപ്പോഴത്തെ ഗവണ്മെന്റാണെന്ന്  അദ്ദേഹം അറിയിച്ചു. നിലവില്‍ ആകെ  24 ആയി ഉയര്‍ന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം ഇരട്ടിയായതായി പ്രധാനമന്ത്രി അറിയിച്ചു. കൂടുതല്‍ ഡോക്ടര്‍മാരിലേക്കും ഇതു നയിച്ചു. ‘ബിഹാറിന്റെയും രാജ്യത്തിന്റെയും സേവനത്തിനായി ദര്‍ഭംഗ എയിംസ് നിരവധി പുതിയ ഡോക്ടര്‍മാരെ സൃഷ്ടിക്കു’മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃഭാഷയില്‍ ഉന്നത വിദ്യാഭ്യാസം പ്രാപ്തമാക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. കര്‍പ്പൂരി ഠാക്കൂര്‍ ജിയുടെ സ്വപ്നങ്ങള്‍ക്കുള്ള തന്റെ ഏറ്റവും വലിയ ശ്രദ്ധാഞ്ജലിയാണിത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഒരു ലക്ഷം പുതിയ മെഡിക്കല്‍ സീറ്റുകള്‍ കൂട്ടിയതായും അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 75,000 സീറ്റുകള്‍ കൂടി കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും പ്രധാനമന്ത്രി അറിയിച്ചു. ഹിന്ദിയിലും മറ്റ് പ്രാദേശിക ഭാഷകളിലും മെഡിസിന്‍ പഠിക്കാനുള്ള അവസരം സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്യാന്‍സറിനെ ചെറുക്കാനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയ ശ്രീ മോദി, മുസാഫര്‍പൂരില്‍ നിര്‍മ്മിക്കുന്ന കാന്‍സര്‍ കേന്ദ്രം  ബിഹാറിലെ കാന്‍സര്‍ രോഗികള്‍ക്ക് പ്രയോജനകരമാകുമെന്ന് അഭിപ്രായപ്പെട്ടു. ഈ ഒരൊറ്റ കേന്ദ്രം വിവിധ തരത്തിലുള്ള ക്യാന്‍സറുകളുടെ ചികിത്സയ്ക്കായി ഉപകരിക്കുമെന്നും    രോഗികള്‍ക്ക് ഡല്‍ഹിയിലേക്കോ മുംബൈയിലേക്കോ യാത്ര ചെയ്യേണ്ട ആവശ്യം വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഹാറില്‍ പുതിയ നേത്ര ആശുപത്രി ഉടന്‍ ലഭ്യമാകും അദ്ദേഹം പ്രഖ്യാപിച്ചു. വാരാണസിയില്‍ അടുത്തിടെ ഉദ്ഘാടനം ചെയ്ത ശങ്കരാശുപത്രി പോലെ ബിഹാറിലും  നേത്ര ആശുപത്രി വേണമെന്ന് കാഞ്ചി കാമകോടി ശ്രീ ശങ്കരാചാര്യ ജിയോട് താന്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മികച്ച ഭരണത്തിന്റെ മാതൃക വികസിപ്പിച്ചതിന് ബിഹാര്‍ മുഖ്യമന്ത്രിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു . ബിഹാറിന്റെ ദ്രുതഗതിയിലുള്ള വികസനത്തിനും ചെറുകിട കര്‍ഷകരെയും വ്യവസായങ്ങളെയും ശക്തിപ്പെടുത്തുന്നതിനുള്ള പാതയില്‍ പ്രവര്‍ത്തിക്കാനും ഇരട്ട എന്‍ജിന്‍ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാനസൗകര്യ വികസനം, വിമാനത്താവളങ്ങള്‍, അതിവേഗപാതകള്‍  എന്നിവയില്‍ ബീഹാറിന്റെ സ്വത്വം വര്‍ധിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു, ദര്‍ഭംഗയില്‍ പുതിയ വിമാനത്താവളം വികസിപ്പിക്കുന്നതിന് ഉഡാന്‍ പദ്ധതിക്ക് അദ്ദേഹം ഖ്യാതിയേകി. 5,500 കോടി രൂപയുടെ അതിവേഗ പാതകളും  ഏകദേശം 3,400 കോടി രൂപയുടെ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ (സിജിഡി) ശൃംഖലയും ഉള്‍പ്പെടെ ഇന്നത്തെ മറ്റ് വികസന പദ്ധതികളും അദ്ദേഹം പരാമര്‍ശിച്ചു. ‘വികസനത്തിന്റെ മഹായജ്ഞം ബിഹാറിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നു’ – പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

മേഖലയിലെ കർഷകരുടെയും മഖാന ഉൽപ്പാദകരുടെയും മത്സ്യബന്ധന മേഖലകളുടെയും വികസനം ​ഗവൺമെന്റിന്റെ പ്രഥമ പരിഗണനയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മിഥിലയിലെ കർഷകർ ഉൾപ്പെടെ ബിഹാറിലെ കർഷകർക്ക് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ കീഴിൽ 25,000 കോടിയിലധികം രൂപ ലഭിച്ചതായി അദ്ദേഹം അറിയിച്ചു. മഖാന ഉൽപ്പാദകരുടെ പുരോഗതിക്കായി ഒരു ജില്ല ഒരു ഉൽപ്പന്നം പദ്ധതിക്ക് അംഗീകാരം നൽകിയ അദ്ദേഹം മഖാന ഗവേഷണ കേന്ദ്രത്തിന് ദേശീയ സ്ഥാപനത്തിൻ്റെ പദവി നൽകിയിട്ടുണ്ടെന്നും അറിയിച്ചു. മഖാനകൾക്കും ജിഐ ടാഗ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിസാൻ ക്രെഡിറ്റ് കാർഡുകളുടെയും പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജനയുടെയും ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്ന മീൻ വളർത്തുന്നവരെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ലോകത്തിലെ ഏറ്റവും വലിയ മത്സ്യ കയറ്റുമതി രാജ്യമായി ഇന്ത്യയെ വികസിപ്പിക്കുകയാണ് ​ഗവൺമെന്റ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

കോസിയിലും മിഥിലയിലും ആവർത്തിച്ചുള്ള വെള്ളപ്പൊക്കത്തിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകാനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ ഏറ്റെടുക്കുന്നതായി പ്രധാനമന്ത്രി ആവർത്തിച്ചു. ബീഹാറിലെ വെള്ളപ്പൊക്കം നേരിടാൻ ഈ വർഷത്തെ വാർഷിക ബജറ്റിൽ സമഗ്രമായ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേപ്പാളിൻ്റെ സഹകരണത്തോടെ വെള്ളപ്പൊക്കത്തിന് പരിഹാരം കാണുമെന്നും, 11,000 കോടി രൂപയുടെ അനുബന്ധ വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

“ഇന്ത്യയുടെ പൈതൃകത്തിൻ്റെ ഏറ്റവും വലിയ കേന്ദ്രമാണ് ബിഹാർ”, ഈ പൈതൃകം കാത്തുസൂക്ഷിക്കുന്നത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും ശ്രീ മോദി പറഞ്ഞു. അതിനാൽ, “വികാസ് ഭി, വിരാസത് ഭി” എന്ന മന്ത്രമാണ് സർക്കാർ പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലങ്ങളായി നഷ്‌ടപ്പെട്ട ജനപ്രീതി വീണ്ടെടുക്കാൻ നളന്ദ സർവകലാശാല ഇന്ന് മുന്നേറുകയാണെന്ന് പ്രധാനമന്ത്രി അടിവരയിട്ടു.

ഭാഷാ സംരക്ഷണത്തിൻ്റെ ആവശ്യകത അടിവരയിട്ട്, ഭഗവാൻ ബുദ്ധൻ്റെ പഠിപ്പിക്കലുകളും ബീഹാറിൻ്റെ മഹത്തായ ഭൂതകാലവും അടയാളപ്പെടുത്തുന്ന പാലി ഭാഷയ്ക്ക് ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ മൈഥിലി ഭാഷ ഉൾപ്പെടുത്തിയത് ഇപ്പോഴത്തെ സർക്കാരാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഝാർഖണ്ഡിൽ സംസ്ഥാനത്തിൻ്റെ രണ്ടാം ഭാഷയായി മൈഥിലിക്ക് അംഗീകാരം ലഭിച്ചു, അദ്ദേഹം കൂട്ടിച്ചേർത്തു.

രാമായണ സർക്യൂട്ടുമായി ബന്ധിപ്പിച്ച രാജ്യത്തെ 12 ലധികം നഗരങ്ങളിൽ ഒന്നാണ് ദർഭംഗയെന്നും അതുവഴി ടൂറിസത്തിന് ഉത്തേജനം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ദർഭംഗ – സിതാമർഹി – അയോധ്യ റൂട്ടിലെ അമൃത് ഭാരത് ട്രെയിൻ പൗരന്മാർക്ക് വളരെയധികം പ്രയോജനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും കാര്യമായ സംഭാവനകൾ നൽകിയ ദർഭംഗ എസ്റ്റേറ്റിലെ മഹാരാജ് ശ്രീ കാമേശ്വര് സിംഗ് ജിക്ക് ശ്രീ മോദി ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു. ശ്രീ കാമേശ്വർ സിംഗ് ജിയുടെ സാമൂഹിക പ്രവർത്തനം ദർഭംഗയുടെ അഭിമാനമാണെന്നും എല്ലാവർക്കും പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൻ്റെ നല്ല പ്രവൃത്തി കാശിയിലും പലപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ടെന്ന് അദ്ദേഹം കുറിച്ചു. പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, ജനങ്ങൾക്ക് പരമാവധി ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള സംസ്ഥാനത്തിൻ്റെയും കേന്ദ്ര ​ഗവൺമെന്റിന്റേയും ശ്രമത്തിന് പ്രധാനമന്ത്രി അടിവരയിടുകയും അവരെ ഒരിക്കൽ കൂടി അഭിനന്ദിക്കുകയും ചെയ്തു.

ബീഹാർ ഗവർണർ ശ്രീ രാജേന്ദ്ര അർലേക്കർ, ബീഹാർ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാർ, കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ശ്രീ ചിരാഗ് പാസ്വാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

മേഖലയിലെ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾക്ക് വലിയ ഉത്തേജനം നൽകിക്കൊണ്ട്, 1260 കോടി രൂപ വിലമതിക്കുന്ന ദർഭംഗയിലെ എയിംസിൻ്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിച്ചു. സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ/ആയുഷ് ബ്ലോക്ക്, മെഡിക്കൽ കോളേജ്, നഴ്സിങ് കോളേജ്, നൈറ്റ് ഷെൽട്ടർ, പാർപ്പിട സൗകര്യങ്ങൾ എന്നിവ ഇതിൽ ഉണ്ടാകും. ഇത് ബിഹാറിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് തൃതീയ ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ നൽകും.

റോഡ്, റെയിൽ മേഖലകളിലെ പുതിയ പദ്ധതികളിലൂടെ മേഖലയിലെ കണക്റ്റിവിറ്റി വർധിപ്പിക്കുകയാണ് പദ്ധതികളുടെ പ്രത്യേക ശ്രദ്ധ. ബീഹാറിൽ 5,070 കോടി രൂപയുടെ ഒന്നിലധികം ദേശീയ പാത പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.

NH-327E യുടെ നാലുവരി ഗാൽഗലിയ-അരാരിയ സെക്ഷൻ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഈ ഇടനാഴി കിഴക്ക്-പടിഞ്ഞാറ് ഇടനാഴിയിലെ (NH-27) അരാരിയയിൽ നിന്ന് അയൽ സംസ്ഥാനമായ പശ്ചിമ ബംഗാളിലേക്ക് ഗാൽഗാലിയയിലേക്ക് ഒരു ഇതര റൂട്ട് നൽകും. NH-322, NH-31 എന്നിവയിലെ രണ്ട് റെയിൽ ഓവർ ബ്രിഡ്ജുകളും (RoB) അദ്ദേഹം ഉദ്ഘാടനം ചെയ്തു. ജഹാനാബാദിനെ ബിഹാർഷരീഫുമായി ബന്ധിപ്പിക്കുന്ന എൻഎച്ച്-110- ലെ ബന്ധുഗഞ്ചിൽ ഒരു പ്രധാന പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

രാംനഗർ മുതൽ റൊസേര വരെ, ബീഹാർ-പശ്ചിമ ബംഗാൾ അതിർത്തി മുതൽ എൻഎച്ച്-131 എയുടെ മണിഹാരി സെക്ഷൻ വരെയും,   മഹ്‌നർ, മൊഹിയുദ്ദീൻ നഗർ , സർവാൻ – ചാകായ് സെക്ഷൻ വഴി  ഹാജിപൂർ മുതൽ ബച്ച്‌വാര വരെയും രണ്ടു വരി പാത നിർമ്മിക്കുന്നത് ഉൾപ്പടെ എട്ട് ദേശീയപാതാ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു.  NH-327E-ൽ റാണിഗഞ്ച് ബൈപാസ്, കട്ടോറിയ, ലഖ്പുര, ബങ്ക, പഞ്ച്വാര എന്നീ NH-333A-യിലെ ബൈപ്പാസുകൾ, NH-82 മുതൽ NH-33 വരെയുള്ള നാലുവരി ലിങ്ക് റോഡ് എന്നിവയുടെ തറക്കല്ലിടൽ അദ്ദേഹം നിർവഹിച്ചു..

1740 കോടിയിലധികം രൂപയുടെ റെയിൽവേ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.  ബീഹാറിലെ ഔറംഗബാദ് ജില്ലയിലെ ചിറലപോത്തു മുതൽ ബാഗ ബിഷുൻപൂർ വരെയുള്ള സോണനഗർ ബൈപാസ് റെയിൽവേ ലൈനിൻ്റെ ശിലാസ്ഥാപനം 220 കോടിയിലധികം രൂപ ചെലവാക്കി അദ്ദേഹം നിർവഹിച്ചു.

1520 കോടി രൂപയുടെ റെയിൽവേ പദ്ധതികളും അദ്ദേഹം രാജ്യത്തിന് സമർപ്പിച്ചു. ഝഞ്ജർപൂർ-ലൗകാഹ ബസാർ റെയിൽ സെക്ഷൻ്റെ ഗേജ് പരിവർത്തനം, ദർഭംഗ ജംഗ്ഷനിലെ റെയിൽവേ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്ന ദർഭംഗ ബൈപാസ് റെയിൽവേ ലൈൻ, മികച്ച പ്രാദേശിക കണക്റ്റിവിറ്റി സുഗമമാക്കുന്ന റെയിൽവേ ലൈൻ പദ്ധതികൾ ഇരട്ടിപ്പിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ജഞ്ജർപൂർ-ലൗകാഹ ബസാർ സെക്ഷനിലെ ട്രെയിൻ സർവീസുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഈ സെക്ഷനിൽ മെമു ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നത് അടുത്തുള്ള പട്ടണങ്ങളിലും നഗരങ്ങളിലും ജോലി, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ എന്നിവ എളുപ്പത്തിൽ പ്രാപ്യമാക്കാൻ സഹായിക്കും.

ഇന്ത്യയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിലായി 18 പ്രധാൻ മന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രങ്ങൾ പ്രധാനമന്ത്രി സമർപ്പിച്ചു. ഇത് യാത്രക്കാർക്ക് മിതമായ നിരക്കിൽ മരുന്നുകളുടെ ലഭ്യത റെയിൽവേ സ്റ്റേഷനുകളിൽ ഉറപ്പാക്കും. ഇത് ജനറിക് മരുന്നുകളെക്കുറിച്ചുള്ള അവബോധവും സ്വീകാര്യതയും പ്രോത്സാഹിപ്പിക്കുകയും അതുവഴി ആരോഗ്യ സംരക്ഷണത്തിനുള്ള മൊത്തത്തിലുള്ള ചെലവ് കുറയ്ക്കുകയും ചെയ്യും.

പെട്രോളിയം, പ്രകൃതി വാതക മേഖലകളിൽ 4,020 കോടിയിലധികം രൂപയുടെ ഒന്നിലധികം സംരംഭങ്ങൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. പൈപ്പ് പ്രകൃതി വാതകം (പിഎൻജി) വീടുകളിൽ എത്തിക്കുക, വാണിജ്യ, വ്യാവസായിക മേഖലകൾക്ക് ശുദ്ധമായ ഊർജ ഉപാധികൾ നൽകുകയെന്ന കാഴ്ചപ്പാടിന് അനുസൃതമായി, ബീഹാറിലെ അഞ്ച് പ്രധാന ജില്ലകളിൽ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (സിജിഡി) ശൃംഖലയുടെ വികസനത്തിന് പ്രധാനമന്ത്രി ദർഭംഗയിൽ തറക്കല്ലിട്ടു. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൻ്റെ മധുബനി, സുപൗൾ, സീതാമർഹി, ഷിയോഹർ. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ ബറൗണി റിഫൈനറിയുടെ ബിറ്റുമെൻ നിർമ്മാണ യൂണിറ്റിന് അദ്ദേഹം തറക്കല്ലിട്ടു, അത് ഇറക്കുമതി ചെയ്യുന്ന ബിറ്റുമെൻ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കുന്നു.

मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here


* 1 माह के लिए Rs 1000.00 / 1 वर्ष के लिए Rs 10,000.00

Contact us

Check Also

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംഗീതത്തോടും കവിതയോടും അഭിനിവേശമുണ്ടായിരുന്ന ഡോ. മുഖർജി …