പുതിയ വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനായി പാരിസ്ഥിതിക അനുമതി (Environmental Clearance -EC) , സ്ഥാപിക്കുന്നതിനുള്ള അനുമതി ( Consent to Establish -CTE ) എന്നീ രണ്ട് മാനദണ്ഡങ്ങൾ നേടിയിരിക്കണം എന്ന വ്യവസ്ഥ നീക്കം ചെയ്യണമെന്ന വ്യവസായ സമൂഹത്തിന്റെ ദീർഘകാല ആവശ്യം കേന്ദ്രഗവൺമെൻ്റ് അംഗീകരിച്ചു. ഇനി മുതൽ മലിനീകരണം ഉണ്ടാക്കാത്ത വൈറ്റ് കാറ്റഗറി വ്യവസായങ്ങൾക്ക് പ്രവർത്തന അനുമതി (Consent to Operate -CTO) എടുക്കേണ്ട ആവശ്യമില്ല. പാരിസ്ഥിതിക അനുമതി ലഭിച്ച വ്യവസായങ്ങൾക്ക്, സ്ഥാപിക്കുന്നതിനുള്ള അനുമതി ( സി ടി ഇ ) എടുക്കേണ്ട ആവശ്യവുമില്ല. ഇത് നിർവഹണ നടപടികളുടെ ഭാരം കുറയ്ക്കുക മാത്രമല്ല, ഇരട്ട അനുമതി നേടൽ ഒഴിവാക്കുകയും ചെയ്യും . വായു നിയമം, ജല നിയമം എന്നിവ പ്രകാരം കേന്ദ്ര പരിസ്ഥിതി, വനം& കാലാവസ്ഥ വ്യതിയാന മന്ത്രാലയം ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.
ഈ രണ്ട് അനുമതികളെയും പുതിയ വിജ്ഞാപനം ഫലപ്രദമായി സമന്വയിപ്പിക്കുന്നു. സിടിഇ പ്രക്രിയയിൽ പരിഗണിക്കുന്ന പ്രശ്നങ്ങൾ, പാരിസ്ഥിതിക അനുമതിക്കായി പരിഗണിക്കുമ്പോൾ തന്നെ കണക്കിലെടുക്കുന്നതിനായി ഒരു നടപടിക്രമവും ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പരിസ്ഥിതിക അനുമതി നൽകുന്ന പ്രക്രിയയിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളോട് കൂടിയാലോചിക്കും. കൂടാതെ, സംസ്ഥാനങ്ങൾക്ക് വരുമാന നഷ്ടം ഉണ്ടാകാതിരിക്കാൻ വ്യവസായം സംരംഭങ്ങൾ സി ടി ഇ ഫീസ് നൽകുകയും ചെയ്യണം.