गुरुवार, नवंबर 14 2024 | 10:25:03 AM
Breaking News
Home / Choose Language / Malayalam / ദേവഭൂമി ഉത്തരാഖണ്ഡിൻ്റെ രജതജൂബിലി വാർഷികത്തിൽ ഉത്തരാഖണ്ഡിലെ ജനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

ദേവഭൂമി ഉത്തരാഖണ്ഡിൻ്റെ രജതജൂബിലി വാർഷികത്തിൽ ഉത്തരാഖണ്ഡിലെ ജനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

Follow us on:

ഉത്തരാഖണ്ഡിന്റെ രൂപീകരണ ദിനത്തിൽ സംസ്ഥാനത്തെ   എല്ലാ ജനങ്ങൾക്കും  ആശംസകൾ നേർന്ന പ്രധാനമന്ത്രി,  ഉത്തരാഖണ്ഡ് സംസ്ഥാന രൂപീകരണത്തിൻ്റെ രജതജൂബിലി വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിച്ചു. ഉത്തരാഖണ്ഡ്, രൂപീകരണത്തിൻ്റെ 25-ാം വർഷത്തിലേക്ക് പ്രവേശിച്ചതായി  ചൂണ്ടിക്കാട്ടി, സംസ്ഥാനത്തിൻ്റെ അടുത്ത  25 വർഷത്തെ ശോഭനമായ ഭാവിക്കായി പ്രവർത്തിക്കാൻ  ശ്രീ മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഉത്തരാഖണ്ഡിൻ്റെ അടുത്ത 25 വർഷത്തെ ഈ യാത്രയ്ക്ക് ഒരു വലിയ യാദൃച്ഛികതയുണ്ടെന്നും, ഇന്ത്യയും അതിൻ്റെ 25 വർഷത്തെ അമൃതകാലത്തിലാണെന്നും വികസിത ഉത്തരാഖണ്ഡ്, വികസിത ഭാരതത്തെ സൂചിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.  ഈ കാലയളവിൽ ഈ ലക്ഷ്യം  പൂർത്തീകരിക്കപ്പെടുന്നതിന് രാജ്യം സാക്ഷ്യം വഹിക്കുമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.  അടുത്ത  25 വർഷത്തേക്കുള്ള ലക്ഷ്യങ്ങൾക്കൊപ്പം ഒന്നിലധികം പരിപാടികൾ ജനങ്ങൾ ഏറ്റെടുത്തതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഈ പരിപാടികളിലൂടെ ഉത്തരാഖണ്ഡിൻ്റെ അഭിമാനം വ്യാപിക്കും എന്നും വികസിത ഉത്തരാഖണ്ഡ് എന്ന ലക്ഷ്യം സംസ്ഥാനത്തെ ഓരോ വ്യക്തിയിലേക്കും എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ഈ സുപ്രധാന അവസരത്തിനും ഈ സുപ്രധാന തീരുമാനം സ്വീകരിച്ചതിനും സംസ്ഥാനത്തെ എല്ലാ ജനങ്ങളെയും   ശ്രീ മോദി അഭിനന്ദിച്ചു.  അടുത്തിടെ വിജയകരമായി സംഘടിപ്പിച്ച ‘പ്രവാസി ഉത്തരാഖണ്ഡ് സമ്മേളന’ പരിപാടി അദ്ദേഹം എടുത്തുപറഞ്ഞു. വിദേശത്തുള്ള ഉത്തരാഖണ്ഡുകാർ ഉത്തരാഖണ്ഡിൻ്റെ വികസനത്തിൽ പ്രധാന പങ്കുവഹിക്കുമെന്ന് അദ്ദേഹം  പ്രത്യാശ പ്രകടിപ്പിച്ചു.

പ്രത്യേക സംസ്ഥാന രൂപീകരണത്തിനായുള്ള ഉത്തരാഖണ്ഡിലെ ജനങ്ങളുടെ ശ്രമങ്ങൾ അടൽജിയുടെ നേതൃത്വത്തിൽ ഫലപ്രാപ്തിയിലെത്തിയെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, സ്വപ്നങ്ങളും അഭിലാഷങ്ങളും ഇന്ന് സാക്ഷാത്കരിക്കപ്പെടുന്നതിൽ സന്തോഷം പ്രകടിപ്പിച്ചു.  നിലവിലെ കേന്ദ്ര ഗവൺമെന്റ്, ഉത്തരാഖണ്ഡിൻ്റെ വികസനത്തിന് എല്ലാ ശ്രമവും നടത്തുമെന്ന് അദ്ദേഹം  പറഞ്ഞു.

ഇപ്പോഴത്തെ ദശകം ഉത്തരാഖണ്ഡിൻ്റേതാണെന്നും കഴിഞ്ഞ വർഷങ്ങളിൽ തൻ്റെ വിശ്വാസം തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി ആവർത്തിച്ചു.  ഉത്തരാഖണ്ഡ്, വികസനത്തിൻ്റെ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയും പുതിയ നാഴികക്കല്ലുകൾ കൈവരിക്കുകയും ചെയ്യുന്നുവെന്ന് എടുത്തുപറഞ്ഞ അദ്ദേഹം, സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ സംസ്ഥാനം ഒന്നാം സ്ഥാനത്തെത്തിയതായി ചൂണ്ടിക്കാട്ടി.  വ്യവസായ നടപടികൾ ലളിതമാക്കൽ   വിഭാഗത്തിൽ ‘അച്ചീവർ’ ആയും സ്റ്റാർട്ടപ്പ് വിഭാഗത്തിൽ’ ലീഡർ’ ആയും ഉത്തരാഖണ്ഡ് തെരഞ്ഞെടുക്കപ്പെട്ടതായി  അദ്ദേഹം കൂട്ടിച്ചേർത്തു.  സംസ്ഥാനത്തിന്റെ വളർച്ചാ നിരക്ക് 1.25 മടങ്ങ് വർധിച്ചതായും ജിഎസ്ടി സമാഹരണം  14 ശതമാനം വർധിച്ചതായും പ്രതിശീർഷ വരുമാനം 2014 ലെ 1.25 ലക്ഷം രൂപയിൽ നിന്ന് 2.60 ലക്ഷം രൂപയായി വർധിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. മൊത്ത ആഭ്യന്തര ഉൽപ്പാദനം 2014 ലെ 1,50,000 കോടി രൂപയിൽ നിന്ന് ഉയർന്ന്, ഇന്ന് ഏകദേശം 3,50,000 കോടി രൂപയായി. വ്യാവസായിക വളർച്ചയുടെയും യുവാക്കൾക്ക് പുതിയ അവസരങ്ങൾ ലഭ്യമാകുന്നതിന്റെയും    സ്ത്രീകൾക്കും കുട്ടികൾക്കും ജീവിതം സുഗമമാകുന്നതിന്റെയും   വ്യക്തമായ സൂചനയാണ് ഈ സ്ഥിതിവിവരക്കണക്കുകളെന്ന് അദ്ദേഹം പറഞ്ഞു.  2014ൽ 5% വീടുകളിൽ മാത്രമായിരുന്നു പൈപ്പ് വെള്ളം ലഭ്യമായിരുന്നതെങ്കിൽ ഇന്ന് അത് 96 ശതമാനമായി വർധിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗ്രാമീണ റോഡുകളുടെ നിർമാണം 6000 കിലോമീറ്ററിൽ നിന്ന് 20,000 കിലോമീറ്ററായി ഉയർന്നതായും അദ്ദേഹം അറിയിച്ചു.  ലക്ഷക്കണക്കിന് ശൗചാലയങ്ങളുടെ നിർമാണം, വൈദ്യുതി വിതരണം, ഗ്യാസ് കണക്ഷനുകൾ, ആയുഷ്മാൻ യോജന വഴി സൗജന്യ ചികിത്സ എന്നിവയും അദ്ദേഹം പരാമർശിച്ചു.  സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഒപ്പം ഗവൺമെന്റ് നിലകൊള്ളുന്നതായും ശ്രീ മോദി  പറഞ്ഞു.

ഉത്തരാഖണ്ഡ് സംസ്ഥാനത്തിന് കേന്ദ്രം നൽകുന്ന ധനസഹായം ഏറെക്കുറെ  ഇരട്ടിയായിട്ടുണ്ടെന്ന് അറിയിച്ച പ്രധാനമന്ത്രി  എയിംസിനായി ഒരു സാറ്റലൈറ്റ് സെൻ്റർ, ഡ്രോൺ ആപ്ലിക്കേഷൻ റിസർച്ച് സെൻ്റർ, ഉദ്ദം സിംഗ് നഗറിൽ ചെറുകിട വ്യവസായ ടൗൺഷിപ്പ് എന്നിവ സ്ഥാപിച്ചതിൻ്റെ നേട്ടങ്ങൾ അക്കമിട്ടു പറഞ്ഞു. കേന്ദ്രത്തിൽ നിന്നുള്ള  രണ്ട് ലക്ഷം കോടി രൂപയുടെ വികസന പദ്ധതികൾ സംസ്ഥാനത്ത് ഇപ്പോൾ പുരോഗമിക്കുകയാണെന്നും കണക്ടിവിറ്റി പദ്ധതികൾ അതിവേഗം പൂർത്തീകരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഋഷികേശ്-  കർൺപ്രയാഗ് റെയിൽ പദ്ധതി 2026-ഓടെ പൂർത്തിയാക്കാൻ ഗവന്റ്മെന്റ് തയ്യാറാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഉത്തരാഖണ്ഡിലെ 11 റെയിൽവേ സ്റ്റേഷനുകൾ അമൃത് സ്റ്റേഷനുകളായി വികസിപ്പിക്കുന്നുണ്ടെന്നും അതിവേഗ പാതയുടെ പൂർത്തീകരണത്തോടെ ഡൽഹിക്കും ഡെറാഡൂണിനുമിടയിലുള്ള യാത്രാ സമയം 2.5 മണിക്കൂറായി കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസനം കുടിയേറ്റത്തിനും തടയിട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തോടൊപ്പം പൈതൃകം സംരക്ഷിക്കുന്നതിലും ഗവൺമെൻ്റ് ഏർപ്പെട്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, മഹത്തായതും ദൈവികചൈതന്യവുമുള്ള  കേദാർനാഥ് ക്ഷേത്രത്തിൻ്റെ  പുനർനിർമ്മാണം നടന്നുവരികയാണെന്ന് ചൂണ്ടിക്കാട്ടി. ബദരീനാഥ് ധാമിലെ വികസന പ്രവർത്തനങ്ങളുടെ ദ്രുതഗതിയിലുള്ള പുരോഗതിയേയും അദ്ദേഹം പരാമർശിച്ചു. മാനസ്‌ഖണ്ഡ് മന്ദിർ മിഷൻ മാല പദ്ധതിയുടെ ആദ്യഘട്ടത്തിൽ 16 പുരാതന ക്ഷേത്രങ്ങൾ വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ റോഡുകൾ ചാർ ധാം യാത്ര സുഗമമാക്കി,” ശ്രീ മോദി പറഞ്ഞു. പർവ്വത് മാല പദ്ധതിക്ക് കീഴിൽ ആത്മീയ കേന്ദ്രങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും  റോപ്പ് വേ വഴി ബന്ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന ഗ്രാമത്തിൽ നിന്നാണ് ‘വൈബ്രൻ്റ് വില്ലേജ്’ പദ്ധതി ആരംഭിച്ചതെന്നും അതിർത്തി ഗ്രാമങ്ങളെ മുൻകാലങ്ങളിൽ കണ്ടിരുന്നതിൽ നിന്നും വിപരീതമായി രാജ്യത്തിൻ്റെ ‘പ്രഥമ ഗ്രാമങ്ങൾ’ ആയി ഗവണ്മെന്റ് കണക്കാക്കുന്നുവെന്നും ശ്രീ മോദി പറഞ്ഞു. വൈബ്രൻ്റ് വില്ലേജ് പദ്ധതിക്ക് കീഴിൽ 25 ഗ്രാമങ്ങൾ വികസിപ്പിക്കുന്നുണ്ടെന്നും അത്തരം ശ്രമങ്ങൾ ഉത്തരാഖണ്ഡിലെ വിനോദസഞ്ചാരമേഖലയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചതായും  അവിടത്തെ യുവാക്കൾക്കുള്ള തൊഴിൽ അവസരങ്ങൾ വർധിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം 6 കോടി വിനോദസഞ്ചാരികളും തീർത്ഥാടകരും ഉത്തരാഖണ്ഡ് സന്ദർശിച്ചതായി ഒരു റിപ്പോർട്ട് ഉദ്ധരിച്ച് ശ്രീ മോദി ചൂണ്ടിക്കാട്ടി. 2014-ന് മുമ്പ് 24 ലക്ഷം തീർത്ഥാടകർ ചാർധാം സന്ദർശിച്ചിരുന്ന സ്ഥാനത്ത് കഴിഞ്ഞ വർഷം  54 ലക്ഷം തീർഥാടകരാണ് ചാർധാം സന്ദർശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ഹോട്ടലുകൾ, ഹോംസ്റ്റേകൾ, ട്രാൻസ്പോർട്ട് ഏജൻ്റുമാർ, ക്യാബ് ഡ്രൈവർമാർ എന്നിവർക്ക് പ്രയോജനം ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷങ്ങളിൽ  5000-ലധികം ഹോംസ്റ്റേകൾ കൂടി പുതുതായി രജിസ്റ്റർ ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉത്തരാഖണ്ഡിൻ്റെ തീരുമാനങ്ങളും നയങ്ങളും രാജ്യത്തിന് മാതൃകയാണെന്ന് അടിവരയിട്ട പ്രധാനമന്ത്രി, രാജ്യം മുഴുവൻ ചർച്ച ചെയ്യുന്ന ഏകീകൃത സിവിൽ കോഡിൻ്റെ നടപ്പാക്കലിനെയും യുവാക്കളെ സംരക്ഷിക്കുന്നതിനായുള്ള കള്ളപ്പണ വിരുദ്ധ നിയമത്തെയും പരാമർശിച്ചു. സംസ്ഥാനത്ത് ജോലിക്കായുള്ള തെരെഞ്ഞെടുക്കൽ പ്രക്രിയ  സുതാര്യമായാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തരാഖണ്ഡിലെ ജനങ്ങൾക്കായി അഞ്ച് അഭ്യർത്ഥനകളും സംസ്ഥാനം സന്ദർശിക്കുന്ന തീർത്ഥാടകാർക്കും വിനോദസഞ്ചാരികൾക്കുള്ള നാലു അഭ്യർത്ഥനകളുമുൾപ്പെടെ ഒമ്പത് അഭ്യർത്ഥനകൾ പ്രധാനമന്ത്രി മുന്നോട്ടുവച്ചു.  ഘർവാലി, കുമയൂണി, ജൗൻസാരി തുടങ്ങിയ ഭാഷകളുടെ സംരക്ഷണത്തിന് അദ്ദേഹം ഊന്നൽ നൽകുകയും, ഭാവിതലമുറയെ ഈ ഭാഷകൾ പഠിപ്പിക്കാൻ സംസ്ഥാനത്തെ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. രണ്ടാമതായി, കാലാവസ്ഥാ വ്യതിയാനത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ ‘ഏക് പേട് മാ കെ നാം’ എന്ന കാമ്പയിൻ തുടരാൻ അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചു. മൂന്നാമതായി, ജലാശയങ്ങൾ സംരക്ഷിക്കാനും ജല ശുചീകരണവുമായി ബന്ധപ്പെട്ട കൂടുതൽ പ്രചാരണങ്ങൾ നടത്താനും അദ്ദേഹം ആഹ്വാനം ചെയ്തു. നാലാമതായി, ജനങ്ങൾ  അവരുടെ മൂലസ്ഥാനങ്ങളുമായി ബന്ധം സ്ഥാപിക്കണമെന്നും  അവരവരുടെ  ഗ്രാമങ്ങൾ സന്ദർശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഞ്ചാമതായി, സംസ്ഥാനത്തെ പരമ്പരാഗത വീടുകളുടെ സംരക്ഷണത്തെക്കുറിച്ച് ഊന്നിപ്പറയുകയും അവ ഹോംസ്റ്റേകളാക്കി മാറ്റാൻ നിർദ്ദേശിക്കുകയും ചെയ്തു.

സംസ്ഥാനം സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെയും തീർഥാടകരുടെയും എണ്ണം വർദ്ധിക്കുന്നതിൽ ശ്രദ്ധയൂന്നിയ  പ്രധാനമന്ത്രി അവർക്കായും  അഭ്യർത്ഥനകൾ നടത്തി. ശുചിത്വം പാലിക്കാനും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിൽ നിന്ന് വിട്ടുനിൽക്കാനും ‘വോക്കൽ ഫോർ ലോക്കൽ’ എന്ന മന്ത്രം ഓർക്കാനും അവരുടെ മൊത്തം ചെലവിൻ്റെ അഞ്ച് ശതമാനമെങ്കിലും പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങൾക്കായി ചെലവഴിക്കാനും ട്രാഫിക് നിയമങ്ങൾ പാലിക്കാനും ആരാധനാലയങ്ങളുടെയും ആത്മീയ കേന്ദ്രങ്ങളുടെയും  വിശുദ്ധി നിലനിർത്താനും അദ്ദേഹം അഭ്യർത്ഥിച്ചു. ഉത്തരാഖണ്ഡിലെ ദേവഭൂമിയുടെ സ്വത്വം ശക്തിപ്പെടുത്തുന്നതിൽ ഈ ഒൻപത് അഭ്യർത്ഥനകൾ വലിയ പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. രാജ്ജ്യം മുന്നോട്ടുവച്ചിട്ടുള്ള  പ്രമേയങ്ങൾ സാക്ഷാത്കരിക്കുന്നതിൽ ഉത്തരാഖണ്ഡ്  വലിയ പങ്ക് വഹിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചാണ്  പ്രധാനമന്ത്രി തന്റെ  പ്രസംഗം ഉപസംഹരിച്ചത്.

मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here


* 1 माह के लिए Rs 1000.00 / 1 वर्ष के लिए Rs 10,000.00

Contact us

Check Also

സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ്

സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എറണാകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അങ്കമാലി സി.എസ്.എ ഹാളിൽ നടന്നുവരുന്ന കേന്ദ്രഗവൺമെൻറ് പദ്ധതികളെ കുറിച്ചുള്ള ബോധവൽക്കരണ …