ഇന്ത്യാ ഗവൺമെന്റിന്റെ “നാഷണൽ ഡിജിറ്റൽ ഇന്ത്യ” സംരംഭത്തിന്റെ ഭാഗമായി, സിഐഎസ്എഫ് ഇ-സർവീസ് ബുക്ക് പോർട്ടലിന്റെ സമാരംഭം പ്രഖ്യാപിച്ചു. അത് എല്ലാ സേനാംഗങ്ങൾക്കും പ്രാപ്യമാക്കാനാകും. വിരമിക്കുന്ന ജീവനക്കാർക്കുള്ള പെൻഷൻ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായാണ് പുതിയ സംരംഭം രൂപകൽപ്പന ചെയ്തത്. നിലവിൽ സർവീസ് ബുക്കിന്റെ നേരിട്ടുള്ള കൈമാറ്റം, വിരമിക്കൽ കുടിശ്ശിക നൽകുന്നതിൽ മാസങ്ങൾ കാലതാമസം വരുത്തുന്നു. സർവീസ് ബുക്കിലേക്ക് ഓൺലൈൻ പ്രവേശനം നൽകുന്നതിലൂടെയും പുതുക്കൽ ഉറപ്പാക്കുന്നതിലൂടെയും സേവനത്തിലിരിക്കുന്ന ഉദ്യോഗസ്ഥർക്ക് ഇതിന്റെ ഗുണം ലഭിക്കും.
ഈ പുതിയ ഡിജിറ്റൽ ചട്ടക്കൂട്, സർവീസ് ബുക്ക് നേരിട്ടു കൈമാറുന്നതിന്റെ ആവശ്യകത ഇല്ലാതാക്കും.
തത്സമയ ട്രാക്കിങ് ശേഷിയാണ് ഇ-സർവീസ് ബുക്കിന്റെ പ്രധാന സവിശേഷതകളിലൊന്ന്. സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കി, പെൻഷൻ ഫയലുകളുടെ തൽസ്ഥിതി യഥാസമയം നിരീക്ഷിക്കാൻ ഇപ്പോൾ കഴിയും. ഇത് നിരന്തരമായ അന്വേഷണങ്ങളുടെ ആവശ്യം ഇല്ലാതാക്കുകയും ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും സമയബന്ധിതമായി പുതിയ വിവരങ്ങൾ നൽകുകയും ചെയ്യും. ഓരോ വർഷവും വിരമിക്കുന്ന 2400 ജീവനക്കാർക്ക് ഇത് നേരിട്ട് പ്രയോജനം ചെയ്യും. നിലവിലുള്ള സംവിധാനത്തിൽ, വിവിധ ഓഫീസുകൾക്കിടയിൽ സർവീസ് ബുക്കുകൾ നേരിട്ടു കൈമാറുന്നത് ഉൾപ്പെടുന്നു. ഇത് പലപ്പോഴും കാലതാമസത്തിനും പിശകുകൾക്കും കാരണമാകാറുണ്ട്.ഈ പ്രക്രിയ കൂടുതൽ സമയമെടുക്കുന്നതും തെറ്റുകൾ വരാൻ സാധ്യതയുള്ളതുമായതിനാൽ വിദൂരമേഖലകളിൽ സ്ഥിതിചെയ്യുന്ന യൂണിറ്റുകൾക്ക് ഇതു പ്രതിസന്ധി സൃഷ്ടിക്കും. ഈ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും കൃത്യസമയത്ത് പെൻഷൻ വിതരണം ഉറപ്പാക്കുന്നതിനുമായാണ്, അന്തിമരൂപം നൽകുന്നതിനു മുമ്പ്, പിആർ സിസിഎ (ആഭ്യന്തരം), എംഎച്ച്എ, പിഎഒ/ആർഎപിഒകൾ എന്നിവയിൽ നിന്നുള്ള നിർദേശങ്ങൾ സംയോജിപ്പിച്ച് ഓൺലൈൻ പോർട്ടൽ രൂപകൽപ്പന ചെയ്‌തത്.
ഇ-സർവീസ് ബുക്കിൻ്റെ മറ്റൊരു പ്രധാന നേട്ടം അത് ഒരു സഹകരണ പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുന്നു എന്നതാണ്. മാതൃ യൂണിറ്റ്, ഉയർന്ന ഭരണ സംവിധാനങ്ങൾ , പിഎഒ/ആർഎപിഒകൾ എന്നിവയുൾപ്പെടെ എല്ലാ പങ്കാളികൾക്കും ഇപ്പോൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ തടസ്സമില്ലാതെ ഏകോപനത്തോടെ പ്രവർത്തിക്കാനാകും . ഇത് കാര്യക്ഷമമായ ആശയവിനിമയം, ചോദ്യങ്ങളുടെ പെട്ടെന്നുള്ള പരിഹാരം, സേവന വിവരങ്ങളുടെ സമയോചിതമായ പുതുക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നു.
പെൻഷൻ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനു പുറമേ ഇ-സർവീസ് ബുക്ക്, സേവനത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥർക്ക് അവരുടെ സർവീസ് ബുക്കുകളിലേക്ക്ഓൺലൈൻ പ്രവേശം നൽകിക്കൊണ്ട് അവരെ ശാക്തീകരിക്കുന്നു. ഇത് അവരുടെ സേവന റെക്കോർഡുകൾ നിരീക്ഷിക്കാനും എന്തെങ്കിലും പൊരുത്തക്കേടുകൾ തിരിച്ചറിയാനും സമയബന്ധിതമായി തിരുത്തൽ നടപടികൾ ആരംഭിക്കാനും അവരെ പ്രാപ്തരാക്കുന്നു. സേവന രേഖകളുടെ കൃത്യതയും സമ്പൂർണ്ണതയും ഉറപ്പാക്കുന്നതിലൂടെ, ഇ-സർവീസ് ബുക്ക് സേവനത്തിലുള്ള ഉദ്യോഗസ്ഥരെ അവരുടെ കരിയർ പുരോഗതിയും വിരമിക്കൽ ആനുകൂല്യങ്ങളും ഫലപ്രദമായി ആസൂത്രണം ചെയ്യാൻ സഹായിക്കുന്നു. ഇത് സ്ഥാപനത്തിൽ സുതാര്യത വർദ്ധിപ്പിക്കും.
മൊത്തത്തിൽ, സിഐഎസ്എഫിൻ്റെ ഇ-സർവീസ് ബുക്ക്, പെൻഷൻ നടപടി ക്രമങ്ങൾ നവീകരിക്കുന്നതിനും സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് സേവന അനുഭവം വർദ്ധിപ്പിക്കുന്നതിനുമുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ്. കൂടുതൽ കാര്യക്ഷമവും സുതാര്യവും സൗകര്യപ്രദവുമായ സേവനം നൽകുന്നതിലൂടെ, സേവന വിതരണത്തിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ CISF ലക്ഷ്യമിടുന്നു.