शुक्रवार, दिसंबर 27 2024 | 01:54:24 AM
Breaking News
Home / Choose Language / Malayalam / 31-ാമത് സ്വദേശി ശാസ്ത്ര കോൺഗ്രസിന് സിഫ്റ്റിൽ തുടക്കം

31-ാമത് സ്വദേശി ശാസ്ത്ര കോൺഗ്രസിന് സിഫ്റ്റിൽ തുടക്കം

Follow us on:

കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ സി എ ആർ- സിഫ്റ്റിന്റെ സഹകരണത്തോടെ കേരളാ – സ്വദേശി ശാസ്ത്ര പ്രസ്ഥാനം (Swadeshi Science Movement, Kerala) സംഘടിപ്പിക്കുന്ന 31-ാമത് സ്വദേശി ശാസ്ത്ര കോൺഗ്രസിന് ഇന്ന് സിഫ്റ്റിൽ തുടക്കമായി. നവംബർ 7 മുതൽ 9 വരെ നടക്കുന്ന നടക്കുന്ന സ്വദേശി ശാസ്ത്ര കോൺഗ്രസിന്റെ ഈ വർഷത്തിലെ വിഷയം “നെറ്റ് സീറോ എമിഷൻ : സമീപനങ്ങളും തന്ത്രങ്ങളും” (Towards Net Zero Emission: Approaches and Strategies) എന്നതാണ്. വിദ്യാർത്ഥികൾ, ഗവേഷകർ, ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ധർ എന്നിവർക്കുള്ള  പ്രധാന വേദിയായ സ്വദേശി ശാസ്ത്ര കോൺഗ്രസ്, രാജ്യത്തിലെ ശാസ്ത്രീയവും പാരിസ്ഥിതികവുമായ പുരോഗതിക്ക് അത്യന്താപേക്ഷിതമായ  വിഷയങ്ങൾ ചർച്ച  ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള ഒരു വേദിയായി പ്രവർത്തിക്കുന്നു.

 ഹൈദരാബാദിലെ ഐസിഎആർ-നാഷണൽ അക്കാദമി ഓഫ് അഗ്രികൾച്ചറൽ റിസർച്ച് മാനേജ്‌മെന്റിലെ ഡയറക്ടർ ഡോ.സി.എച്ച്. ശ്രീനിവാസ റാവു 31-ാമത് സ്വദേശി ശാസ്ത്ര കോൺഗ്രസിന്റെ ഉദ്ഘാടനം നിർവഹിച്ചു.  ഉദ്ഘാടന പ്രസംഗത്തിൽ ഡോ.സി.എച്ച്. ശ്രീനിവാസ റാവു   ഹരിതഗൃഹ വാതക ഉദ്‌വമനത്തിന് എല്ലാ മേഖലയും പങ്ക് വഹിക്കുന്നുവെന്നും   ഇത് കുറയ്ക്കുന്നതിനുള്ള ഏകോപിത പ്രവർത്തനത്തിൻ്റെ ആവശ്യകതയെകുറിച്ചും പറഞ്ഞു.  2015-ലെ പാരീസ് ഉടമ്പടി അദ്ദേഹം പരാമർശിച്ചു, പാരീസ് ഉടമ്പടിയുടെ കേന്ദ്ര ലക്ഷ്യം, ഈ നൂറ്റാണ്ടിലെ ആഗോള താപനില വർദ്ധനവ് വ്യവസായത്തിന് മുമ്പുള്ളതിനേക്കാൾ 2 ഡിഗ്രി സെൽഷ്യസിനു താഴെയായി നിലനിർത്തുകയും താപനില വർദ്ധനവ് 1.5 ഡിഗ്രി സെൽഷ്യസിലേക്ക് പരിമിതപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയും ചെയ്യുക എന്നതാണ്. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്, ആഗോള ഹരിതഗൃഹ വാതക ഉദ്‌വമനം പൂജ്യത്തിൽ എത്തണമെന്ന് അദ്ദേഹം വിശദീകരിച്ചു. പാരീസ് ഉടമ്പടി അംഗീകരിക്കുന്നതിൽ ഇന്ത്യയുടെ പ്രധാന പങ്കും ഡോ. റാവു എടുത്തുപറഞ്ഞു, മാലിന്യ  സംസ്ക്കരണത്തെക്കുറിച്ചും പ്ലാസ്റ്റിക് മലിനീകരണം വെല്ലുവിളികളെയും അദ്ദേഹം ചൂണ്ടികാണിച്ചു. മാലിന്യം കുറയ്ക്കുന്നതിലും ഭക്ഷ്യനഷ്ടം തടയുന്നതിലും സുസ്ഥിരമായ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും വ്യക്തിഗത ഉത്തരവാദിത്തം എല്ലാവർക്കും  ആവശ്യമാണ്. കാലാവസ്ഥാ വ്യതിയാന ലഘൂകരണം എല്ലാവരും പങ്കിടുന്ന ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു..

ഐസിഎആർ-സിഫ്റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. പി.രവീന്ദ്രൻ ഉദ്ഘാടന സമ്മേളനത്തിൽ വിശിഷ്ട അതിഥിയായിരുന്നു. സിഫ്റ്റിലെ എക്സ്റ്റൻഷൻ, ഇൻഫർമേഷൻ & സ്റ്റാറ്റിസ്റ്റിക്സ് മേധാവി ഡോ. നികിത ഗോപാൽ; മണ്ണുത്തി കേരളാ വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. ദിനേശ് സി.എൻ., സ്വദേശി ശാസ്ത്ര പ്രസ്ഥാനം – കേരള  സെക്രട്ടറി രാജീവ് സി നായർ , സ്വദേശി ശാസ്ത്ര പ്രസ്ഥാനം – കേരള പ്രസിഡൻ്റ് ഡോ. കെ.മുരളീധരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഐസിഎആർ-സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡ്രൈലാൻഡ് അഗ്രികൾച്ചറിലെ പ്രിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ. എം. പ്രഭാകർ, “നെറ്റ് സീറോ എമിഷൻ : സമീപനങ്ങളും തന്ത്രങ്ങളും” എന്ന ഇത്തവണത്തെ വിഷയത്തെ കേന്ദ്രീകരിച്ച് മുഖ്യപ്രഭാഷണം നടത്തി. കൂടാതെ, പരമേശ്വർജി അനുസ്മരണ പ്രഭാഷണം വിജ്ഞാനഭാരതിയുടെ സെക്രട്ടറി ജനറൽ എഞ്ചിനീയർ പി എ വിവേകാനന്ദ പൈ യും സി വി രാമൻ അനുസ്മരണ പ്രഭാഷണം മദ്രാസ് ഐഐടിയിൽ നിന്ന് വിരമിച്ച പ്രൊഫസറും ചിന്മയ വിശ്വവിദ്യാപീഠത്തിലുള്ള പ്രൊഫസറുമായ സി വിജയനും നടത്തി.

 31-ാമത്  സ്വദേശി ശാസ്ത്ര കോൺഗ്രസിൽ 14 സെഷനുകളിലായി 200-ലധികം പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നുണ്ട്. നവംബർ 9 ന് നടക്കുന്ന സമാപന ചടങ്ങിൽ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ സഹമന്ത്രിയായ ശ്രീ ജോർജ് കുര്യൻ മുഖ്യാതിഥിയായി പങ്കെടുക്കും.

मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here


* 1 माह के लिए Rs 1000.00 / 1 वर्ष के लिए Rs 10,000.00

Contact us

Check Also

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംഗീതത്തോടും കവിതയോടും അഭിനിവേശമുണ്ടായിരുന്ന ഡോ. മുഖർജി …