പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ വഡ്താലിലെ ശ്രീ സ്വാമിനാരായണ മന്ദിരത്തിന്റെ 200-ാം വാർഷികാഘോഷത്തിൽ പങ്കെടുത്തു. ശ്രീ സ്വാമിനാരായണന്റെ അനുഗ്രഹത്താലാണ് 200-ാം വാർഷികാഘോഷങ്ങൾ സംഘടിപ്പിക്കാനായതെന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ സമ്മേളനത്തെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള എല്ലാ ശിഷ്യരെയും സ്വാഗതം ചെയ്ത ശ്രീ മോദി, സ്വാമിനാരായണ മന്ദിരത്തിന്റെ പാരമ്പര്യത്തിൽ സേവനത്തിനാണ് പ്രഥമസ്ഥാനമെന്നും ശിഷ്യർ ഇന്ന് സേവനത്തിൽ മുഴുകിയിരിക്കുകയാണെന്നും അഭിപ്രായപ്പെട്ടു. അടുത്തിടെ മാധ്യമങ്ങളിൽ ആഘോഷങ്ങളെക്കുറിച്ചു കാണാനായതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വഡ്താൽ ധാമിലെ 200-ാം വാർഷികാഘോഷം കേവലം ചരിത്രമല്ലെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, വഡ്താൽധാമിൽ അങ്ങേയറ്റം വിശ്വാസത്തോടെ വളർന്ന താനടക്കമുള്ള നിരവധി ശിഷ്യർക്ക് ഇത് വലിയ പ്രാധാന്യമുള്ള കാര്യമാണെന്നും പറഞ്ഞു. ഇന്ത്യൻ സംസ്കാരത്തിന്റെ ശാശ്വതമായപ്രവാഹത്തിന്റെ സാക്ഷ്യമാണ് ഈ വേളയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീ സ്വാമിനാരായണൻ വഡ്താൽ ധാം സ്ഥാപിച്ച് 200 വർഷത്തിനു ശേഷവും ആത്മീയ ബോധം സജീവമായി നിലനിർത്തിയിട്ടുണ്ടെന്നും ശ്രീ സ്വാമിനാരായണന്റെ ശിക്ഷണങ്ങളും ഊർജവും ഇന്നും അനുഭവിക്കാനാകുമെന്നും ശ്രീ മോദി പറഞ്ഞു. മന്ദിരത്തിന്റെ 200-ാം വാർഷികാഘോഷവേളയിൽ എല്ലാ സന്ന്യാസിമാർക്കും ശിഷ്യർക്കും ശ്രീ മോദി ഊഷ്മളമായ ആശംസകൾ നേർന്നു. ഇന്ത്യാ ഗവൺമെന്റ് ഇരുനൂറ് രൂപയുടെ (200) വെള്ളി നാണയവും സ്മാരക തപാൽ സ്റ്റാമ്പും പുറത്തിറക്കിയതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. വരും തലമുറകളുടെ മനസ്സിൽ ഈ മഹത്തായ സന്ദർഭത്തിന്റെ ഓർമകൾ സജീവമായി നിലനിർത്താൻ ഈ ചിഹ്നങ്ങൾക്കാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാമിനാരായണനുമായി ബന്ധപ്പെട്ട ഓരോ വ്യക്തിക്കും ഈ പാരമ്പര്യവുമായുള്ള കരുത്തുറ്റതും വ്യക്തിപരമായതും ആത്മീയവും സാമൂഹികവുമായ ബന്ധത്തെക്കുറിച്ച് അറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രത്തിന്റെ വികസനത്തിന് അർഥവത്തായ പ്രതിഫലനത്തിനുള്ള അവസരത്തോടൊപ്പം മുൻകാലങ്ങളിലും ഇപ്പോഴുമുള്ള വിശുദ്ധരുടെ ദിവ്യമായ സഹവാസം താൻ ആസ്വദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റു തിരക്കുകൾ കാരണം തനിക്കു നേരിട്ടു പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചില്ലെന്നും എന്നാൽ മനസുകൊണ്ടു താൻ വഡ്താൽ ധാമിലുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആദരിക്കപ്പെടുന്ന സന്ന്യാസി പാരമ്പര്യമാണ് ഇന്ത്യയുടെ പ്രത്യേകതയെന്നും, ദുഷ്കരമായ സമയങ്ങളിൽ ഒരു മുനിയോ സന്ന്യാസിയോ മഹാത്മാവോ എല്ലായ്‌പ്പോഴും പ്രത്യക്ഷപ്പെട്ടിരുന്നുവെന്നും ശ്രീ മോദി പറഞ്ഞു. നൂറുകണക്കിന് വർഷത്തെ അടിമത്തത്തിനു പിന്നാലെ രാജ്യം ദുർബലമാവുകയും സ്വയം വിശ്വാസം നഷ്ടപ്പെടുകയും ചെയ്ത സമയത്താണ് സ്വാമിനാരായണൻ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭഗവാൻ സ്വാമിനാരായണനും ആ കാലഘട്ടത്തിലെ എല്ലാ സന്ന്യാസിമാരും പുതിയ ആത്മീയ ഊർജം പകരുക മാത്രമല്ല, നമ്മുടെ ആത്മാഭിമാനത്തെ ഉണർത്തുകയും നമ്മുടെ വ്യക്തിത്വത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്തുവെന്നും ശ്രീ മോദി പറഞ്ഞു. ഈ ദിശയിൽ ശിക്ഷാപത്രിയുടെയും വചനാമൃതത്തിന്റെയും സംഭാവന വളരെ വലുതാണെന്നും അവ നൽകുന്ന പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു പോകേണ്ടത് നമ്മുടെ ഏവരുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരാശിയുടെ സേവനത്തിനും പുതിയ യുഗം കെട്ടിപ്പടുക്കുന്നതിനും ഏറെ സംഭാവന നൽകിയ വഡ്താൽ ധാം വലിയ പ്രചോദനമായി മാറിയതിൽ സന്തോഷമുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. ഇതേ വഡ്താൽ ധാം തന്നെയാണു സാഗരം ജിയെപ്പോലുള്ള മഹത്തായ ശിഷ്യരെ പിന്നാക്കം നിന്നിരുന്ന സമൂഹത്തിൽനിന്ന് കണ്ടെടുത്തു നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് നിരവധി കുട്ടികൾക്ക് ഭക്ഷണവും പാർപ്പിടവും വിദ്യാഭ്യാസവും വിവിധ സേവനങ്ങളും നൽകുന്ന വഡ്താൽ ധാം വിദൂര ഗോത്രമേഖലകളിലെ പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്നുണ്ടെന്നും ശ്രീ മോദി പറഞ്ഞു. ഗോത്ര മേഖലകളിൽ സ്ത്രീവിദ്യാഭ്യാസം പോലുള്ള സുപ്രധാന യജ്ഞം ധാം ഏറ്റെടുത്ത് നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദരിദ്രരെ സേവിക്കുക, പുതിയ തലമുറയെ കെട്ടിപ്പടുക്കുക, ആധുനികതയും ആത്മീയതയും സമന്വയിപ്പിച്ച് ഇന്ത്യൻ സംസ്കാരം സംരക്ഷിക്കുക തുടങ്ങി വഡ്താൽ ധാമിന്റെ മറ്റ് സേവനങ്ങളെക്കുറിച്ചും ശ്രീ മോദി പറഞ്ഞു. തന്നെ ഒരിക്കലും നിരാശപ്പെടുത്താതിരിക്കുകയും മെച്ചപ്പെട്ട ഭാവിക്കായി ശുചിത്വം മുതൽ പരിസ്ഥിതി വരെയുള്ള യജ്ഞങ്ങൾ നടത്തുകയും ചെയ്തതിന് വഡ്താൽ ധാമിലെ സന്ന്യാസിമാരെയും ഭക്തരെയും ശ്രീ മോദി അഭിനന്ദിച്ചു. അവർ അത് സ്വന്തം ഉത്തരവാദിത്വമായി സ്വീകരിച്ചുവെന്നും പൂർണമനസോടെയും സമർപ്പണത്തോടെയും അത് നിറവേറ്റുന്നതിൽ വ്യാപൃതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഏക് പേഡ് മാ കേ നാം’ യജ്ഞത്തിന്റെ കീഴിൽ സ്വാമിനാരായണ പാരമ്പര്യത്തിന്റെ ശിഷ്യർ ഒരു ലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിച്ചതായും ശ്രീ മോദി ചൂണ്ടിക്കാട്ടി.
ഓരോ വ്യക്തിക്കും ജീവിതത്തിൽ ഒരു ലക്ഷ്യമുണ്ടെന്നും അത് ഒരാളുടെ ജീവിതത്തെ നിർണയിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ ലക്ഷ്യം നമ്മുടെ മനസ്സിനെയും പ്രവൃത്തിയെയും വാക്കുകളെയും സ്വാധീനിക്കുന്നുവെന്നും ജീവിതത്തിന്റെ ലക്ഷ്യം ഒരാൾ കണ്ടെത്തുമ്പോൾ ജീവിതമാകെ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സന്ന്യാസിമാരും ഋഷിമാരും ഓരോ കാലഘട്ടത്തിലും തങ്ങളുടെ ജീവിതലക്ഷ്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ സമൂഹത്തിന് സന്ന്യാസിമാരും ഋഷിമാരും നൽകിയ മഹത്തായ സംഭാവനകൾ എടുത്തുകാട്ടിയ ശ്രീ മോദി, ഒരു ലക്ഷ്യം സാക്ഷാത്കരിക്കാൻ സമൂഹവും രാജ്യവും ഒന്നിക്കുമ്പോൾ അത് തീർച്ചയായും സാക്ഷാത്കരിക്കപ്പെടുമെന്നും കൂട്ടിച്ചേർത്തു. ഇതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മതസ്ഥാപനങ്ങൾ ഇന്ന് യുവാക്കൾക്ക് വലിയൊരു ലക്ഷ്യമാണ് നൽകിയിരിക്കുന്നതെന്നും വികസിത ഇന്ത്യ എന്ന നിർവചിക്കപ്പെട്ട ലക്ഷ്യവുമായി രാജ്യം മുഴുവൻ മുന്നേറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസിത ഇന്ത്യയെന്ന ഈ പവിത്രമായ ലക്ഷ്യം ജനങ്ങളിലേക്ക് എത്തിക്കാൻ വഡ്താലിലെ സന്ന്യാസിമാരോടും സ്വാമിനാരായൺ കുടുംബത്തോടും ശ്രീ മോദി അഭ്യർഥിച്ചു. സ്വാതന്ത്ര്യത്തിനായുള്ള അഭിലാഷവും സ്വാതന്ത്ര്യത്തിന്റെ തീപ്പൊരിയും ഒരു നൂറ്റാണ്ടോളം സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ജനങ്ങളെ പ്രചോദിപ്പിക്കുകയാണെന്നും സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഉദ്ദേശ്യങ്ങൾ, സ്വപ്നങ്ങൾ, തീരുമാനങ്ങൾ എന്നിവ ഉപേക്ഷിച്ച് ഒരു ദിവസമോ ഒരു നിമിഷമോ കടന്നുപോയിട്ടില്ലെന്നും സ്വാതന്ത്ര്യ പ്രസ്ഥാനത്തെക്കുറിച്ചു പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു. വികസിത ഇന്ത്യക്കായി, 140 കോടി ജനങ്ങൾക്കിടയിൽ സ്വാതന്ത്ര്യസമര കാലത്ത് ഉണ്ടായിരുന്ന ആഗ്രഹവും ബോധവും, ഓരോ നിമിഷവും ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുന്ന 25 വർഷത്തേക്ക് വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിൽ ജീവിക്കാനും ഓരോ നിമിഷവും അതിലേക്ക് നമ്മെത്തന്നെ കൂട്ടിയിണക്കാനും ജനങ്ങളെ പ്രചോദിപ്പിക്കാൻ എല്ലാ സന്ന്യാസിമാരോടും ശിഷ്യരോടും അദ്ദേഹം അഭ്യർഥിച്ചു. വികസിത ഇന്ത്യക്ക് സ്വന്തം സ്ഥാനം പരിഗണിക്കാതെ ഏവരും സംഭാവന നൽകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വയം പര്യാപ്തമായ ഇന്ത്യയാകുക എന്നതാണ് ഒരു വികസിത ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആദ്യത്തെ വ്യവസ്ഥയെന്നും ഇത് നേടാൻ ഇന്ത്യയിലെ 140 കോടി പൗരന്മാരെയല്ലാതെ പുറത്തുനിന്നുള്ളവരുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘വോക്കൽ ഫോർ ലോക്കലി’നെ (പ്രാദേശികതയ്ക്കായുള്ള ആഹ്വാനം) പ്രോത്സാഹിപ്പിച്ച് സ്വന്തം സംഭാവന ഉറപ്പാക്കാൻ ശ്രീ മോദി പരിപാടിയിൽ പങ്കെടുത്ത ശിഷ്യരോട് അഭ്യർഥിച്ചു. വികസിത ഇന്ത്യയിലേക്കു കുതിക്കാൻ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും അതീവ പ്രാധാന്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി, സമൂഹത്തെ നശിപ്പിക്കാൻ നിക്ഷിപ്ത താൽപ്പര്യക്കാർ ഗൂഢാലോചന നടത്തുകയാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇത്തരം കാര്യങ്ങളെ ഒറ്റക്കെട്ടായി പരാജയപ്പെടുത്താനുള്ള ഈ ശ്രമത്തിന്റെ ഗൗരവം മനസ്സിലാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഠിനമായ തപസ്സിലൂടെ വലിയ ലക്ഷ്യങ്ങൾ എങ്ങനെ കൈവരിക്കാമെന്നും രാഷ്ട്രം കെട്ടിപ്പടുക്കാൻ നിർണായക ദിശാബോധം കൈക്കൊള്ളാനുള്ള കഴിവ് ഒരു യുവമനസ്സിനുണ്ടെന്നും യുവാക്കൾക്ക് എങ്ങനെ രാഷ്ട്രം കെട്ടിപ്പടുക്കാനാകുമെന്നും ഭഗവാൻ ശ്രീ സ്വാമിനാരായണന്റെ ശിക്ഷണങ്ങളെക്കുറിച്ചു പരാമർശിച്ചു ശ്രീ മോദി പറഞ്ഞു. ഇതിനായി കഴിവും വിദ്യാഭ്യാസവുമുള്ള യുവാക്കളെ സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസിത ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി ശാക്തീകരിക്കപ്പെട്ടവരും വൈദഗ്ധ്യമുള്ളവരുമായ യുവാക്കളാണെന്ന് ശ്രീ മോദി പറഞ്ഞു. ഇന്ത്യയിലെ യുവാക്കൾക്കായി ആഗോളതലത്തിലുള്ള ആവശ്യകത ഇനിയും വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്ത് ഇന്ത്യയുടെ നൈപുണ്യമുള്ള മനുഷ്യശക്തിയുടെ ആവശ്യം വളരെ വലുതാണെന്നും ഇന്ത്യയുടെ ശക്തമായ യുവശക്തി ലോകത്തെ മുഴുവൻ ആകർഷിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ യുവാക്കൾ രാജ്യത്തിന്റെ മാത്രമല്ല ലോകത്തിന്റെ ആവശ്യങ്ങളും നിറവേറ്റാൻ സജ്ജമാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സ്വാമിനാരായണ വിഭാഗത്തിന്റെ ലഹരിവിരുദ്ധ ശ്രമങ്ങളെ എടുത്തുകാണിച്ച പ്രധാനമന്ത്രി, യുവാക്കളെ ഇത്തരം ആസക്തികളിൽ നിന്ന് അകറ്റി നിർത്തുന്നതിനും ലഹരിയിൽ നിന്നു മുക്തരാക്കുന്നതിനും സന്ന്യാസിമാരും ശിഷ്യരും സംഭാവന നൽകണമെന്നും അഭ്യർഥിച്ചു. യുവാക്കളെ മയക്കുമരുന്നിൽ നിന്നു രക്ഷിക്കാനുള്ള യജ്ഞങ്ങളും ശ്രമങ്ങളും ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും എല്ലായ്‌പ്പോഴും ആവശ്യമാണെന്നും അത് തുടർച്ചയായി ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതൊരു രാജ്യത്തിനും അതിന്റെ പൈതൃകത്തിൽ അഭിമാനിക്കുകയും ആ പൈതൃകത്തെ സംരക്ഷിക്കുകയും ചെയ്യുമ്പോൾ മാത്രമേ പുരോഗതി കൈവരിക്കാനാകൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “വികസനവും പൈതൃകവുമെന്നതാണു നമ്മുടെ മന്ത്രം” – അദ്ദേഹം പറഞ്ഞു. അയോധ്യയുടെ ഉദാഹരണം ഉദ്ധരിച്ച്, ഒരുകാലത്ത് നശിപ്പിക്കപ്പെട്ടതായി കണക്കാക്കപ്പെട്ടിരുന്ന ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഇന്ത്യയുടെ പൈതൃക കേന്ദ്രങ്ങളുടെ മഹത്വം പുനർവികസിപ്പിക്കുന്നതിൽ ശ്രീ മോദി സന്തുഷ്ടി പ്രകടിപ്പിച്ചു. കാശി, കേദാർനാഥ്, പാവ്ഗഢ്, മൊധേരയിലെ സൂര്യക്ഷേത്രം, സോമനാഥ് എന്നിവയുടെ പരിവർത്തനത്തിന്റെ ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ ബോധവും പുതിയ വിപ്ലവവും ചുറ്റും പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൂറ്റാണ്ടുകൾ പഴക്കമുള്ള, ദേവീദേവന്മാരുടെ, മോഷ്ടിക്കപ്പെട്ട വിഗ്രഹങ്ങൾ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നുണ്ടെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. ലോഥലിന്റെ പുനർവികസന പദ്ധതി ഉദ്ധരിച്ച്, സാംസ്‌കാരിക അവബോധത്തിന്റെ പ്രചാരണം ഗവൺമെന്റിന്റെ മാത്രമല്ല, ഈ നാടിനെയും ഈ രാജ്യത്തെയും സ്നേഹിക്കുന്ന, അതിന്റെ പാരമ്പര്യങ്ങളെ സ്നേഹിക്കുന്ന, അതിന്റെ സംസ്കാരത്തിൽ അഭിമാനിക്കുന്ന, നമ്മുടെ പൈതൃകത്തെ വാഴ്ത്തുന്ന, എല്ലാ പൗരന്മാരുടെയും ഉത്തരവാദിത്വമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വഡ്താൽ ധാമിലെ സ്വാമിനാരായണന്റെ പുരാവസ്തുക്കളുടെ മ്യൂസിയമായ അക്ഷർ ഭുവനും ഈ യജ്ഞത്തിന്റെ ഭാഗമായതിൽ ശ്രീ മോദി സന്തുഷ്ടി പ്രകടിപ്പിച്ചു. സമ്മേളനത്തെ അഭിനന്ദിച്ച്, ഇന്ത്യയുടെ അനശ്വര ആത്മീയ പൈതൃകത്തിന്റെ മഹത്തായ ക്ഷേത്രമായി അക്ഷര ഭുവൻ മാറുമെന്ന് ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു.
140 കോടി ഇന്ത്യക്കാർ ഒരുമിച്ച് ഒരു പൊതുലക്ഷ്യം നിറവേറ്റുമ്പോൾ മാത്രമേ വികസിത ഇന്ത്യ എന്ന ലക്ഷ്യം എളുപ്പത്തിൽ കൈവരിക്കാനാകൂ എന്ന് ശ്രീ മോദി പറഞ്ഞു. ഈ യാത്ര പൂർത്തിയാക്കുന്നതിൽ നമ്മുടെ സന്ന്യാസിമാരുടെ മാർഗനിർദേശം വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 12 വർഷത്തിലൊരിക്കൽ നടക്കുന്ന പൂർണ കുംഭമേളയെക്കുറിച്ച് ലോകമെമ്പാടും പ്രചരിപ്പിക്കാൻ എല്ലാ സന്ന്യാസിമാരോടും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ലോകമെമ്പാടുമുള്ള ജനങ്ങളെ ബോധവൽക്കരിക്കാനും ഇന്ത്യക്കാരല്ലാത്ത വിദേശികളോട് പ്രയാഗ്‌രാജിൽ നടക്കുന്ന പൂർണകുംഭമേളയെക്കുറിച്ച് വിശദീകരിക്കാനും അദ്ദേഹം സന്ന്യാസിമാരോട് അഭ്യർഥിച്ചു. വരാനിരിക്കുന്ന കുംഭമേളയിൽ വിദേശ ശാഖകളിൽ നിന്ന് കുറഞ്ഞത് 100 വിദേശികളെയെങ്കിലും ക്ഷണിക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം അവരോട് അഭ്യർഥിച്ചു. ലോകമെമ്പാടും അവബോധം പ്രചരിപ്പിക്കുക എന്ന ദൗത്യമായിരിക്കും ഇതെന്നും സന്ന്യാസിമാർക്ക് ഇത് എളുപ്പത്തിൽ ചെയ്യാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസംഗം ഉപസംഹരിക്കവേ, നേരിട്ടെത്താൻ കഴിയാത്തതിൽ ശ്രീ മോദി ക്ഷമ ചോദിക്കുകയും സ്വാമിനാരായണ മന്ദിരത്തിലെ എല്ലാ സന്ന്യാസിമാർക്കും ശിഷ്യർക്കും ദ്വിശതാബ്ദി ആഘോഷ ആശംസകൾ നേരുകയും ചെയ്തു.
പശ്ചാത്തലം
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 നവംബർ 11-ന് ഗുജറാത്തിലെ വഡ്താലിലുള്ള ശ്രീ സ്വാമിനാരായണ മന്ദിരത്തിന്റെ 200-ാം വാർഷിക ആഘോഷത്തിൽ വിദൂരദൃശ്യസംവിധാനത്തിലൂടെ പങ്കെടുത്തു. പതിറ്റാണ്ടുകളായി ജനങ്ങളുടെ സാമൂഹികവും ആത്മീയവുമായ ജീവിതത്തെ സ്വാധീനിക്കുന്ന ഒന്നാണ് വഡ്താലിലെ ശ്രീ സ്വാമിനാരായണ മന്ദിരം.