പരമ്പരാഗത പത്രങ്ങളിലെ എഡിറ്റോറിയൽ പരിശോധനകൾ വിശ്വാസ്യത കൊണ്ടുവന്നെന്നും അത് ഇന്നത്തെ സമൂഹ മാധ്യമങ്ങളുടെ കാലഘട്ടത്തിൽ നഷ്ടപ്പെട്ടു പോകുന്നതായും ശ്രീ. അശ്വിനി വൈഷ്ണവ്
ലോക്‌സഭാ സമ്മേളനത്തിൽ ഇന്ന് പാർലമെന്റിൽ ഒരു ചോദ്യത്തെ അഭിസംബോധന ചെയ്യവേ, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി റെയിൽവേ, ഇലക്‌ട്രോണിക്‌സ് & ഐടി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളെയും OTT പ്ലാറ്റ്‌ഫോമുകളെയും നിയന്ത്രിക്കുന്ന നിലവിലുള്ള നിയമങ്ങൾ ശക്തിപ്പെടുത്തേണ്ടതിൻ്റെ അടിയന്തിര ആവശ്യകത എടുത്തുപറഞ്ഞു.
എഡിറ്റോറിയൽ പരിശോധനകളിൽ നിന്ന് അനിയന്ത്രിതമായ പദപ്രയോഗങ്ങളിലേയ്ക്ക്
സമൂഹമാധ്യമങ്ങളുടെയും ഒടിടി പ്ലാറ്റ്‌ഫോമുകളുടെയും യുഗത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന് വിഷയത്തെക്കുറിച്ച് സംസാരിച്ച കേന്ദ്രമന്ത്രി പറഞ്ഞു. ഉള്ളടക്കത്തിൻ്റെ വിശ്വാസ്യതയും കൃത്യതയും ഉറപ്പാക്കാൻ എഡിറ്റോറിയൽ പരിശോധനകളെ ഒരിക്കൽ ആശ്രയിച്ചിരുന്ന ജനാധിപത്യ സ്ഥാപനങ്ങളിലും പരമ്പരാഗത പത്രങ്ങളിലും കാലക്രമേണ ഈ പരിശോധനകൾ കുറയുന്നതായി കണ്ടു വരുന്നു.അത്തരം എഡിറ്റോറിയൽ മേൽനോട്ടം ഇല്ലാത്ത സമൂഹമാധ്യമങ്ങൾ ഒരു വശത്ത്, മാധ്യമസ്വാതന്ത്ര്യത്തിനുള്ള വേദിയായി മാറി. എന്നാൽ മറുവശത്ത്, പലപ്പോഴും അശ്ലീല ഉള്ളടക്കങ്ങൾ പോലെ അനിയന്ത്രിതമായ ആവിഷ്കാരത്തിനുള്ള ഇടമായി സമൂഹമാധ്യമങ്ങൾ മാറിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കർശനമായ നിയമങ്ങളിൽ സമവായം
ഇന്ത്യയും ഈ പ്ലാറ്റ്‌ഫോമുകൾ ഉത്ഭവിച്ച ഭൂപ്രദേശങ്ങളും തമ്മിലുള്ള വ്യതിരിക്തമായ സാംസ്കാരിക വ്യത്യാസങ്ങൾ ശ്രീ വൈഷ്ണവ് ചൂണ്ടിക്കാട്ടി. “ഇന്ത്യയുടെ സാംസ്കാരിക സംവേദനക്ഷമത ഈ പ്ലാറ്റ്‌ഫോമുകൾ സൃഷ്ടിക്കപ്പെട്ട പ്രദേശങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ്. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിലവിലുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കേണ്ടത് അത്യന്താപേക്ഷിതമാക്കുന്നു.ഇക്കാര്യത്തിൽ എല്ലാവരോടും സമവായത്തിലെത്താൻ അദ്ദേഹം അഭ്യർത്ഥിച്ചു.
ഈ സുപ്രധാന വിഷയം പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി മുൻഗണനയായി എടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. “ഈ വെല്ലുവിളിയെ നേരിടാൻ കർശനമായ നിയമങ്ങൾക്കൊപ്പം സാമൂഹിക സമവായവും ഉണ്ടാകണം ,” അദ്ദേഹം പറഞ്ഞു.