കേന്ദ്ര സര്‍ക്കാറിന്‍ കീഴിലെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ മേപ്പയൂരില്‍ നവംബര്‍ 5, 6 തീയതികളില്‍ ദ്വിദിന ബോധവല്‍ക്കരണ പരിപാടിയും പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടി മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് രാജന്‍ കെ.ടി. നാളെ (5.11.24) രാവിലെ 10.30ന് ടി.കെ. കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശോഭ എന്‍.പി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴസണ്‍ രമ വി.പിയും പങ്കെടുക്കും.
ജീവിത ശൈലീ രോഗങ്ങളെക്കുറിച്ച് ഡോ.സുഗേഷ് കുമാര്‍ ജി.എസും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ ചെറുക്കാനുള്ള സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും സഖി വണ്‍സ്റ്റോപ് സെന്‍റര്‍ അഡ്മിനിസ്ട്രേറ്റര്‍ അര്‍ച്ചന ആറും ക്ലാസുകളെടുക്കും. രണ്ടു ദിവസവും നാഷണല്‍ ആയുഷ് മിഷന്‍റെ നേതൃത്വത്തില്‍ സൗജന്യ ആയുര്‍വേദ, ഹോമിയോ മെഡിക്കല്‍ ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്. കാര്‍ഗില്‍ വിജയത്തിന്‍റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക ഫോട്ടോ പ്രദര്‍ശനം ഉണ്ടായിരിക്കുന്നതാണ്. മണ്ണൂര്‍ ചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന പൊറാട്ട് നാടകവും ബാലുശ്ശേരി മനോരഞ്ജന്‍ ആര്‍ട്സ് അവതരിപ്പിക്കുന്ന ലഘു നാടകവും പരിപാടിയുടെ ഭാഗമായി നടക്കും. കൂടാതെ ഐ.സി.ഡി.എസ് പ്രവര്‍ത്തകരുടെ കലാപരിപാടികളും അരങ്ങേറുന്നതാണ്.
നവംബര്‍ 6ാം തീയതി സ്വയം തൊഴില്‍ പദ്ധതികളെക്കുറിച്ചും സാമൂഹ്യ സുരക്ഷാ പദ്ധതികളെക്കുറിച്ചും ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ നാഷണല്‍ സ്കില്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വത്തില്‍ തൊഴിലധിഷ്ടിത കോഴ്സുകളെ പരിചയപ്പെടുത്തും. മേലടി ഐ.സി.ഡി.എസ് പ്രോജക്ടിന്‍റെ സംയുക്താഭിമുഖ്യത്തിലാണ് ദ്വിദിന ബോധവല്‍ക്കരണ പരിപാടി നടത്തുന്നത്. കോഴിക്കോട് സര്‍വ്വകലാശാല എന്‍.എസ്. എസ് വിഭാഗവുമായും നാഷണല്‍ ആയുഷ് മിഷനുമായും സഹകരിച്ച് നടത്തുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.