കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എറണാകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര ഗവൺമെന്റ് പദ്ധതികളെക്കുറിച്ച് അങ്കമാലിയിൽ 5 ദിവസം നീണ്ടുനിൽക്കുന്ന പ്രദർശന- ബോധവൽക്കരണ പരിപാടി സംഘടിപ്പി സംഘടിപ്പിക്കുമെന്ന് സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കേരള-ലക്ഷദ്വീപ് മേഖലാ അഡിഷണൽ ഡയറക്ടർ ജനറൽ ശ്രീ വി. പളനിച്ചാമി പത്രസമ്മേളനത്തിൽ അറിയിച്ചു. നവംബർ 11 മുതൽ 15 വരെ കൾച്ചറൽ സൊസൈറ്റി ഓഫ് അങ്കമാലി (സി.എസ്.എ) ഹാളിലാണ് ബോധവൽക്കരണ പരിപാടിയും പ്രദർശനവും നടക്കുന്നത്.
കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോൽപ്പാദന, ന്യൂനപക്ഷകാര്യ സഹമന്ത്രി ശ്രീ ജോർജ് കുര്യൻ നവംബർ 11ന് രാവിലെ 10.30 ന് പരിപാടി ഉദ്ഘാടനം ചെയ്യും. അങ്കമാലി മുനിസിപ്പൽ ചെയർമാൻ ശ്രീ .മാത്യു തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ശ്രീ ബെന്നി ബെഹനാൻ എംപിയും മറ്റു പൊതുപ്രവർത്തകരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ, കേന്ദ്ര പദ്ധതികളെക്കുറിച്ചുള്ള ഫോട്ടോ എക്സിബിഷൻ, വിവിധ സർക്കാർ വകുപ്പുകളുടെ പ്രദർശന സ്റ്റാളുകൾ, ആധാർ സേവനങ്ങൾക്കായി തപാൽ വകുപ്പിൻ്റെ ക്യാമ്പ്, , കാർഗിൽ വിജയത്തിൻറെ 25ാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക ചിത്ര പ്രദർശനം, മത്സരങ്ങൾ, കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറുന്നതാണ്.
നാഷണൽ ആയുഷ് മിഷന്റെ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് നവംബർ 11,12 തീയതികളിലും സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നവംബർ 13, 14 തീയതികളിലും നടക്കും.
സംയോജിത ശിശു വികസന വകുപ്പിൻറെ അങ്കമാലി മെയിൻ, അങ്കമാലി അഡീഷണൽ പ്രോജക്ടുകളുടെ സഹകരണത്തോടെയാണ് പ്രദർശനവും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചിട്ടുള്ളത്.
ക്ലീൻ ഇന്ത്യ – ഫിറ്റ് ഇന്ത്യ, ഉപഭോക്താക്കളുടെ അവകാശങ്ങൾ, വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികൾ, കൗമാരകാലത്തെ പോഷകാഹാരവും ആരോഗ്യവും, സൈബർ സുരക്ഷ, ഭാരതീയ ന്യായ സംഹിത, ഭക്ഷ്യ സുരക്ഷ, പോസ്റ്റ് ഓഫീസ് വഴി ലഭ്യമാകുന്ന പദ്ധതികൾ, സ്വയം തൊഴിൽ സാധ്യതകളും ഗവൺമെൻറ് പദ്ധതികളും, ലഹരിവിരുദ്ധ ബോധവൽക്കരണം തുടങ്ങി പൊതുജനങ്ങൾക്ക് വിജ്ഞാനപ്രദമായ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും. പരിപാടിയിലേക്ക് പ്രവേശനനം സൗജന്യമാണ്.
കുടുംബശ്രീ മിഷൻ, ഐ.സി.ഡി.എസ്., തപാൽ വകുപ്പ്, എക്സൈസ് വകുപ്പ്, കനാറാ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, സി.എം.എഫ്.അർ.ഐ., ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്, കൃഷി വിജ്ഞാൻ കേന്ദ്ര എന്നിവയടക്കം 16ഓളം പ്രദർശന സ്റ്റാളുകൾ പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
പത്രസമ്മേളനത്തിൽ സി.ബി.സി. കേരള- ലക്ഷദ്വീപ് മേഖലാ ഡയറക്ടർ ശ്രീമതി പാർവതി വി ഐ.ഐ.എസ്, സി.ബി.സി എറണാകുളം ഫീൽഡ് പബ്ലിസിറ്റി ഓഫീസർ അബ്ദു മനാഫ്.കെ, സി.ബി.സി വയനാട് ഫീൽഡ് പബ്ലിസിറ്റി ഓഫീസർ ശ്രീ എം.വി പ്രജിത്ത് കുമാർ എന്നിവരും പങ്കെടുത്തു.
നേരത്തെ പരിപാടിയുടെ പ്രചാരണ വാഹനത്തിന്റെ ഫ്ലാഗ്ഓഫ് എ.ഡി.ജി. വി. പളനിച്ചാമി നിർവ്വഹിച്ചു.