കോവിഡ് മഹാമാരി കാലത്ത് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ രാജ്യത്ത് 1000 ലക്ഷം ടൺ ഭക്ഷ്യ ധാന്യം വിതരണം ചെയ്തതായി കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി ശ്രീ സഞ്ജീവ് ചോപ്ര. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ കേരള റീജിയണിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 15-ാമത് അഖിലേന്ത്യ ഇൻ്റർസോണൽ സാംസ്‌കാരിക മത്സരം കോവളം ആർട്സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിതരണ രംഗത്ത് ഇതിനെ സമാനതകളില്ലാത്ത നേട്ടമായാണ് അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നതെന്നും ഭക്ഷ്യ-പൊതുവിതരണ രംഗത്ത് ഇതൊരു റെക്കോർഡ് ആണെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് മറ്റൊരു രാജ്യത്തിനും ഇത്രയും വ്യാപ്തിയിൽ ഭക്ഷ്യ ധാന്യ വിതരണം ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 3 വർഷത്തിനിടെ വെള്ളപ്പൊക്കത്തെത്തുടർന്ന് പതിനായിരം ടൺ ഭക്ഷ്യ ധാന്യം നശിച്ചു പോയത് മാറ്റി നിർത്തിയാൽ ഒരു മണി ധാന്യം പോലും ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ നിന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫുഡ് കോർപറേഷൻ സംഘടിപ്പിക്കുന്ന ഇത്തരം കലാ കായിക സാംസ്‌കാരിക മത്സരങ്ങൾ ജീവനക്കാർ തമ്മിലുള്ള ഐക്യം വർധിപ്പിക്കാൻ സഹായിക്കുമെന്നും ഇത് അവരുടെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ കൂടുതൽ ഊർജം പകരുമെന്നും സഞ്ജീവ് ചോപ്ര പറഞ്ഞു.
കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന് കീഴിലുള്ള ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ കേരള റീജിയണിൻ്റെ ആഭിമുഖ്യത്തിൽ ദേശീയ സാംസ്‌കാരിക സമ്മേളനത്തിൻ്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന പരിപാടി നാളെ (14-11-2024) സമാപിക്കും. സമ്പന്നമായ പാരമ്പര്യം, കലാരൂപങ്ങൾ, സാംസ്കാരിക പ്രകടനങ്ങൾ എന്നിവയെ പ്രതിനിധീകരിച്ചുകൊണ്ട് രാജ്യത്തുടനീളമുള്ള മത്സരാർഥികളുടെ സംഗമ വേദി കൂടിയാണിത്.
എഫ് സി ഐ കേരള ജനറൽ മാനേജർ ശ്രീ സി പി സഹറൻ, ദക്ഷിണ മേഖല എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീമതി ജസീന്ത ലസാറസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. സ്പോർട്സ് ജനറൽ മാനേജർ ഷൈനി വിൽസൺ ഉൾപ്പെടെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.