കൊച്ചി : കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ സി എ ആർ- സിഫ്റ്റിൽ ലോകമൽസ്യത്തൊഴിലാളി ദിനം ആഘോഷിച്ചു. ലോകമൽസ്യത്തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാലയിലെ (കുഫോസ്) വിദ്യാർത്ഥികൾക്കായി സിഫ്ട് “വിദ്യാർത്ഥികളുടെ സമ്പർക്കപരിപാടിയും ബോധവൽക്കരണ പരിപാടിയും” (Students Interaction cum Brainstorming Programme) ഇന്ന് സംഘടിപ്പിച്ചു. അടുത്ത തലമുറയിലെ ഫിഷറീസ് പ്രൊഫഷണലുകളെ പ്രചോദിപ്പിക്കാനും സുസ്ഥിര മത്സ്യബന്ധന രീതികളെക്കുറിച്ചുള്ള ചർച്ചകൾ പ്രോത്സാഹിപ്പിക്കാനും ഈ പരിപാടി ലക്ഷ്യമിടുന്നത്.
വൈക്കം ഉൾനാടൻ മത്സ്യത്തൊഴിലാളി സഹകരണ സംഘം വൈസ് പ്രസിഡന്റും മത്സ്യത്തൊഴിലാളിയുമായ ശ്രീമതി ചിന്നമ്മ ജോസഫ് ചടങ്ങിൽ മുഖ്യാതിഥിയായി. പതിമൂന്നാം വയസ്സിൽ ആരംഭിച്ച മീൻപിടുത്ത തൊഴിലിനെ കുറിച്ചും മീന്പിടിക്കാനായി പോകുമ്പോൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ശ്രീമതി ചിന്നമ്മ സംസാരിച്ചു. അവരുടെ 55 വർഷത്തെ അനുഭവങ്ങൾ മത്സ്യബന്ധന മേഖലയിലെ സ്ത്രീകളുടെ ഗണ്യമായ സംഭാവനകളെ ഉയർത്തിക്കാട്ടുകയും വിദ്യാർത്ഥികൾക്ക് പ്രചോദനത്തിൻ്റെ ഉറവിടമാവുകയും ചെയ്യുന്നു. ഐസിഎആർ സിഫ്റ്റിലെ ഫിഷിംഗ് ടെക്നോളജി വിഭാഗം മേധാവി ഡോ. എം.പി രമേശൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളിയായ ശ്രീമതി ചിന്നമ്മ ജോസഫിനെ ചടങ്ങിൽ അദ്ദേഹം ആദരിച്ചു.
വിദ്യാർത്ഥികൾക്കായി നൂതന മത്സ്യബന്ധന സാങ്കേതികവിദ്യകളെക്കുറിച്ചും സുസ്ഥിര മത്സ്യബന്ധന രീതികളെക്കുറിച്ചും സിഫ്റ്റിലെ ശാസ്ത്രജ്ഞരായ ഡോ. മുഹമ്മദ് അഷ്റഫ്, ഡോ. മധു വി.ആർ സെഷനുകൾ എടുത്തു. സിഫ്റ്റിലെ ശാസ്ത്രജ്ഞരായ ഡോ. പ്രജിത്ത് കെ.കെ, ഡോ.സന്ധ്യ കെ.എം എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഐ സി എ ആർ സിഫ്റ്റിന്റെ വിശാഖപട്ടണം, മുംബൈ, വെരാവൽ സെന്ററുകളിലും ലോകമൽസ്യത്തൊഴിലാളി ദിനം ആചരിച്ചു.