ജോർജ്ടൗണിലെ സ്റ്റേറ്റ് ഹൗസിൽ നവംബർ 20-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗയാന പ്രസിഡൻ്റ് ഡോ. മുഹമ്മദ് ഇർഫാൻ അലിയുമായി കൂടിക്കാഴ്ച നടത്തി. സ്‌റ്റേറ്റ് ഹൗസിൽ എത്തിയ അദ്ദേഹത്തെ പ്രസിഡൻ്റ് അലി ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു.
ഇരു നേതാക്കളും ഹ്രസ്വ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിനിധി തല ചർച്ചകൾ നടത്തി. ഇന്ത്യയും ഗയാനയും തമ്മിൽ ആഴത്തിലുള്ള ചരിത്രപരമായ ബന്ധത്തിന് അടിവരയിട്ട പ്രധാനമന്ത്രി, തൻ്റെ സന്ദർശനം ഇരു രജ്ജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് ശക്തമായ ഉത്തേജനം നൽകുമെന്ന് അഭിപ്രായപ്പെട്ടു. പ്രതിരോധം, വ്യാപാരവും നിക്ഷേപവും, ആരോഗ്യവും ഔഷധ നിർമ്മാണവും, പരമ്പരാഗത വൈദ്യശാസ്ത്രം, ഭക്ഷ്യ സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, ശേഷി വികസനം, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള പരസ്പര ബന്ധം ഉൾപ്പെടെ ഇന്ത്യയും ഗയാനയും തമ്മിലുള്ള ബഹുമുഖ ബന്ധത്തിൻ്റെ വിവിധ വശങ്ങളെ കുറിച്ച് ഇരു നേതാക്കളും വിശദമായ ചർച്ചകൾ നടത്തി. ഊർജമേഖലയിൽ നിലനിൽക്കുന്ന സഹകരണത്തിൻ്റെ സ്ഥിതി കണക്കിലെടുത്ത്, ഹൈഡ്രോകാർബണുകളിലും പുനരുപയോഗ ഊർജമേഖലയിലും പങ്കാളിത്തം വർധിപ്പിക്കുന്നതിന് ഏറെ സാധ്യതകൾ ഉള്ളതായി ഇരു നേതാക്കളും അഭിപ്രായപ്പെട്ടു. ഇന്ത്യ-ഗയാന പങ്കാളിത്തത്തിൻ്റെ പ്രധാന സ്തംഭമാണ് വികസന സഹകരണം. ഗയാനയുടെ വികസന അഭിലാഷങ്ങൾ നിറവേറ്റുന്നതിന് ഇന്ത്യയുടെ തുടർച്ചയായ പിന്തുണ പ്രധാനമന്ത്രി അറിയിച്ചു.
പരസ്പര താൽപ്പര്യമുള്ള മേഖലാ- ആഗോള വിഷയങ്ങളിൽ ഇരു നേതാക്കളും വീക്ഷണങ്ങൾ കൈമാറി. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ കൂടുതൽ സഹകരണം ഉണ്ടാകണമെന്ന് ഇരു നേതാക്കളും ആവശ്യപ്പെട്ടു. ഇന്ത്യ ആതിഥേയത്വം വഹിച്ച വോയ്‌സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിയിൽ പങ്കെടുത്തതിന് പ്രസിഡൻ്റ് അലിയ്ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്കിടയിൽ ഐക്യദാർഢ്യം ശക്തിപ്പെടുത്തുന്നതിന് ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ ഇരു നേതാക്കളും തീരുമാനിച്ചു.
ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കൃത്യമായ ഇടവേളകളിൽ ഉന്നതതല യോഗങ്ങൾ നടത്താൻ ഇരു നേതാക്കളും ധാരണയായി. സന്ദർശനത്തിനിടെ പത്ത് ധാരണാപത്രങ്ങളിലും ഒപ്പുവച്ചു.