കൊച്ചി: ന്യൂഡൽഹിയിലെ ശാസ്ത്ര സാങ്കേതിക വകുപ്പിൻ്റെ (DST) ധനസഹായത്തോടെ കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ സി എ ആർ- സിഫ്റ്റിൽ “എക്സ്ട്രൂഷൻ, ബേക്കിംഗ് എന്നീ രീതികൾ ഉപയോഗിച്ച് ചെറുധാന്യങ്ങളും മത്സ്യവും ചേർന്ന ഭക്ഷണ ഉത്പന്നങ്ങൾ തയ്യാറാക്കുന്നതിനെക്കുറിച്ചുള്ള ഏകദിന പരിശീലന പരിപാടി ഇന്ന് സംഘടിപ്പിച്ചു.
ചെറുധാന്യങ്ങളും മത്സ്യവും സംയോജിപ്പിച്ച് എക്സ്ട്രൂഷനും ബേക്ക് ചെയ്തതുമായ സമ്പൂർണ പോഷക ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിന് ആവശ്യമായ സാങ്കേതികവിദ്യകളെ കുറിച്ചും സംരംഭകതസാധ്യതകളെ കുറിച്ചും അറിവ് ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ശില്പശാലയുടെ ലക്ഷ്യം.
സിഫ്ട് ഡയറക്ടർ ഡോ. ജോർജ് നൈനാൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. മത്സ്യസംസ്കരണ മേഖലയിൽ നൂതന ആശയങ്ങൾ വികസിപ്പിക്കുന്നതിനും സുരക്ഷിതമായ മൂല്യവർധിത മത്സ്യ ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനുമുള്ള പരിശീലന വേദിയാണ് ഈ ശിൽപശാലയെന്നും സുസ്ഥിരമായ ഭക്ഷ്യ സാങ്കേതിക വിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സിഫ്റ്റിന്റെ പ്രതിബദ്ധതയെകുറിച്ചും ഡോ ജോർജ്ജ് നൈനാൻ സംസാരിച്ചു.
സിഫ്റ്റിലെ ഫിഷ് പ്രോസസ്സിംഗ് വിഭാഗം മേധാവി ഡോ. ബിന്ദു ജെ, സിഫ്റ്റിലെ ശാസ്ത്രജ്ഞരായ ഡോ. സി.ഒ. മോഹൻ, ഡോ. രമ്യ എസ്, കെ ഇളവരശൻ എന്നിവർ സെഷനുകൾ എടുത്തു. കേരളത്തിലെ വിവിധ ജില്ലകളിലെ സംരംഭകർ, കർഷകർ, മത്സ്യത്തൊഴിലാളികൾ തുടങ്ങി 25 ഓളം പേർ ശില്പശാലയിൽ പങ്കെടുത്തു. ഈ മേഖലയിലെ സംരംഭകത്വ അവസരങ്ങളെ കുറിച്ചും സിഫ്റ്റിൽ സംരംഭകർക്കായി പ്രവർത്തിക്കുന്ന അഗ്രി ബിസിനസ് ഇൻകുബേഷൻ സെൻ്റർ (എബിഐ) സംരംഭകർക്ക് എത്രത്തോളം സഹായപ്രദമാകുമെന്നുള്ള അറിവ് ശില്പശാലയിൽ പങ്കെടുത്തവർക്ക് നൽകി.