“റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ക്ഷണപ്രകാരം 16-ാം ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ കസാനിലേക്കുള്ള രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഞാൻ ഇന്നു പുറപ്പെടുകയാണ്.
ആഗോള വികസന കാര്യപരിപാടി, പരിഷ്കരിച്ച ബഹുരാഷ്ട്രവാദം, കാലാവസ്ഥാവ്യതിയാനം, സാമ്പത്തിക സഹകരണം, പുനരുജ്ജീവനശേഷിയുള്ള വിതരണശൃംഖല കെട്ടിപ്പടുക്കൽ, സാംസ്കാരികബന്ധവും ജനങ്ങൾ തമ്മിലുള്ള ബന്ധവും പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ സംഭാഷണത്തിനും ചർച്ചയ്ക്കുമുള്ള സുപ്രധാന വേദിയായി ഉയർന്നുവന്നിട്ടുള്ള ബ്രിക്സിനുള്ളിലെ വളരെയടുത്ത സഹകരണത്തെ ഇന്ത്യ വിലമതിക്കുന്നു. കഴിഞ്ഞ വർഷം പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി ബ്രിക്സ് വിപുലീകരിച്ചത് ആഗോള നന്മയ്ക്കായുള്ള അതിന്റെ ഉൾച്ചേർക്കലും കാര്യപരിപാടിയും മെച്ചപ്പെടുത്തി.
2024 ജൂലൈയിൽ മോസ്കോയിൽ നടന്ന വാർഷിക ഉച്ചകോടിയുടെ അടിസ്ഥാനത്തിൽ, കസാനിലേക്കുള്ള എന്റെ സന്ദർശനം ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രത്യേകവും സവിശേഷവുമായ തന്ത്രപ്രധാന പങ്കാളിത്തത്തിനു കൂടുതൽ കരുത്തേകും.
ബ്രിക്സിന്റെ ഭാഗമായ മറ്റു നേതാക്കളുമായും കൂടിക്കാഴ്ച നടത്താൻ ഞാൻ ആഗ്രഹിക്കുന്നു.”