രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (നവംബർ 22, 2024) തെലങ്കാനയിലെ ഹൈദരാബാദിൽ നടന്ന ലോക്മന്ഥൻ-2024 ൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.
ലോക്മന്ഥൻ സംഘടിപ്പിച്ചതിന് എല്ലാ പങ്കാളികളെയും രാഷ്ട്രപതി അഭിനന്ദിച്ചു. ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരത്തിലും പാരമ്പര്യത്തിലും പൈതൃകത്തിലും ഐക്യത്തിൻ്റെ ഇഴകൾ ശക്തിപ്പെടുത്താനുള്ള അഭിനന്ദനാർഹമായ ശ്രമമാണിതെന്ന് അവർ പറഞ്ഞു. എല്ലാ പൗരന്മാരും ഇന്ത്യയുടെ സാംസ്കാരികവും ബൗദ്ധികവുമായ പൈതൃകം മനസ്സിലാക്കണമെന്നും നമ്മുടെ അമൂല്യമായ പാരമ്പര്യത്തെ ശക്തിപ്പെടുത്തണമെന്നും അവർ പറഞ്ഞു .
നമ്മുടെ അടിസ്ഥാനപരമായ ഐക്യത്തിന് നമ്മുടെ വൈവിദ്ധ്യം സൗന്ദര്യം പ്രദാനം ചെയ്യുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. നാം വനത്തിലോ നഗരത്തിലോ ഗ്രാമത്തിലോ താമസിക്കുന്നവരാകട്ടെ,നാമെല്ലാം ഇന്ത്യക്കാരാണ്. ദേശീയ ഐക്യത്തിൻ്റെ ഈ വികാരം എല്ലാ വെല്ലുവിളികൾക്കിടയിലും നമ്മെ ഒരുമിപ്പിച്ചിരിക്കുന്നു. നമ്മുടെ സമൂഹത്തെ ഭിന്നിപ്പിക്കാനും ദുർബലപ്പെടുത്താനുമുള്ള ശ്രമങ്ങൾ നൂറ്റാണ്ടുകളായി നടക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. പക്ഷേ, ഭാരതീയതയുടെ ചൈതന്യം നിറഞ്ഞ നമ്മുടെ പൗരന്മാർ ദേശീയ ഐക്യത്തിൻ്റെ ദീപം തെളിയിച്ചിരിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു.
ഇന്ത്യൻ പ്രത്യയശാസ്ത്രത്തിൻ്റെ സ്വാധീനം പുരാതന കാലം മുതൽ തന്നെ ലോകമെമ്പാടും വ്യാപിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു . ഇന്ത്യയുടെ മതവിശ്വാസങ്ങൾ, കല, സംഗീതം, സാങ്കേതിക വിദ്യ, മെഡിക്കൽ സംവിധാനങ്ങൾ, ഭാഷ, സാഹിത്യം എന്നിവ ലോകമെമ്പാടും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ലോക സമൂഹത്തിന് ജീവിതമൂല്യങ്ങളുടെ മാതൃക ആദ്യമായി നൽകിയത് ഇന്ത്യൻ തത്ത്വചിന്ത സംവിധാനങ്ങളാണ്. നമ്മുടെ പൂർവ്വികരുടെ മഹത്തായ ആ പാരമ്പര്യത്തെ ശക്തിപ്പെടുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.
സാമ്രാജ്യത്വവും കൊളോണിയൽ ശക്തികളും നൂറ്റാണ്ടുകളായി ഇന്ത്യയെ സാമ്പത്തികമായി ചൂഷണം ചെയ്യുക മാത്രമല്ല, നമ്മുടെ സാമൂഹിക ഘടനയെ തകർക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് രാഷ്ട്രപതി പറഞ്ഞു. നമ്മുടെ സമ്പന്നമായ വൈജ്ഞാനിക പാരമ്പര്യത്തെ നിന്ദിച്ച ഭരണാധികാരികൾ പൗരന്മാരിൽ സാംസ്കാരിക അപകർഷതാബോധം വളർത്തി. നമ്മുടെ ഐക്യത്തിന് ദോഷകരമാകുന്ന വിധത്തിൽ ഇത്തരം ചിന്തകൾ നമ്മുടെമേൽ അടിച്ചേൽപ്പിക്കപ്പെട്ടു. നൂറ്റാണ്ടുകളുടെ കീഴടങ്ങൽ കാരണം, നമ്മുടെ പൗരന്മാർ അടിമത്ത മാനസികാവസ്ഥയുടെ ഇരകളായി. ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിന് ‘രാഷ്ട്രം ആദ്യം’ എന്ന വികാരം പൗരന്മാരിൽ വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. ലോക്മന്ഥൻ, ഈ വികാരം പ്രചരിപ്പിക്കുന്നതിന് ശ്രമങ്ങൾ നടത്തുന്നതിൽ രാഷ്ട്രപതി സന്തോഷം രേഖപ്പെടുത്തി