മത്സ്യബന്ധന യാനങ്ങളുടെ രജിസ്ട്രേഷൻ, സർവേ, സർട്ടിഫിക്കേഷൻ എന്നിവയെക്കുറിച്ചു മത്സ്യ ബന്ധന, മൃഗസംരക്ഷണ, ക്ഷീര മന്ത്രാലയത്തിന് കീഴിലുള്ള ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന ഏകദിന ശിൽപശാല 08.11.24 (വെള്ളി), കൊച്ചി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എഞ്ചിനീയറിംഗ് ട്രെയിനിംഗിൽ (സിഫ്നെറ്റ്) കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര-ന്യൂനപക്ഷകാര്യ സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യും.
കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം ഡയറക്ടർ ജനറലിന്റെ സാങ്കേതിക പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.രാജ്യത്തെ തീര സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മത്സ്യബന്ധന യാനങ്ങളുടെ രജിസ്ട്രേഷൻ, സർവേ, സർട്ടിഫിക്കേഷൻ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ചർച്ചയും തീരുമാനങ്ങൾ കൈക്കൊളളലുമാണ് ശിൽപശാലയുടെ ലക്ഷ്യം.
ഫിഷറീസ് വകുപ്പ് ജോയിൻ്റ് സെക്രട്ടറി (മറൈൻ ഫിഷറീസ്) ശ്രീമതി നീതു കുമാരി പ്രസാദ് ഐഎഎസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തീരദേശ സംസ്ഥാനങ്ങളിലെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ , ഡയറക്ടർ ജനറൽ ഷിപ്പിംഗ്, മറ്റ് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
തദവസരത്തിൽ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എഞ്ചിനീയറിംഗ് ട്രെയിനിംഗിൻ്റെ (https://cifnet.gov.in) നവീകരിച്ച വെബ്‌സൈറ്റ് കേന്ദ്ര മന്ത്രി ഉദ്ഘാടനം ചെയ്യും. എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഉപകരണങ്ങളിലും ലഭ്യമാകുന്നതും മൂല്യവത്തായതും , ഉപയോക്തൃ കേന്ദ്രീകൃതവുമാണ് നവീകരിച്ച വെബ്‌സൈറ്റ്. വെബ്‌സൈറ്റ് സന്ദർശിക്കുന്നവർക്ക് അവരുടെ വിരൽത്തുമ്പിൽ, പ്രത്യേകിച്ച് മൊബൈൽ ഉപകരണങ്ങളിൽ സിഫ്നെറ്റ് വഴിയുള്ള പൗര കേന്ദ്രീകൃത പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയാണ് ലക്‌ഷ്യം .കൊച്ചി എൻഐസി-സെൻ്റർ ഓഫ് എക്‌സലൻസ് ഓൺ മൈക്രോസർവീസസ് (സിഇഎം) യാണ് വെബ്‌സൈറ്റ് പുനർരൂപകൽപ്പന ചെയ്തിരിക്കുന്നത്. സമകാലീന ശൈലിയിൽ കൂടുതൽ അവബോധജന്യമായ ഇൻ്റർഫേസ്, മെച്ചപ്പെടുത്തിയ പ്രവർത്തനക്ഷമത, പൗരന്മാരെയും ഉദ്യോഗസ്ഥരെയും ശാക്തീകരിക്കുന്ന മെച്ചപ്പെട്ട പ്രവേശനക്ഷമത സവിശേഷതകൾ എന്നിവ നവീകരിച്ച വെബ്സൈറ്റിൽ ഉണ്ട് .